Thursday ,August 17, 2017 8:05 PM IST

HomeArticlesഅശ്രീകരമാകുന്ന അഭി : ഡോ. എം. കുര്യന്‍ തോമസ്
Error
  • JUser: :_load: Unable to load user with ID: 857

അശ്രീകരമാകുന്ന അഭി : ഡോ. എം. കുര്യന്‍ തോമസ്

Written by

Published: Monday, 25 February 2013

റോമന്‍ കത്തോലിക്കാ സഭയില്‍ വി. ദൈവമാതാവിനെപ്പറ്റി വിവിധ ധ്യാനസങ്കല്‍പ്പങ്ങളുണ്ട്. ആരോഗ്യ മാതാവ്, വ്യാകുല മാതാവ്, സല്‍മരണ മാതാവ് എന്നിങ്ങനെ. വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളെ നിര്‍വചിച്ച ഈ നാമകരണം, റോമന്‍ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. അപ്രകാരം നാമംവഹിയ്ക്കുന്ന ദേവാലയങ്ങളും അവര്‍ക്കുണ്ട്. ഉദാഹരണത്തിന് കൊളംബിലെ സല്‍മരണ മാതാവിന്റെ പള്ളി (കാരുചിറ ഗീവര്‍ഗീസ് ശെമ്മാശന്റെ കൊളംബ് യാത്രാ വിവരണം സൂചിതം). ഒരു പടികൂടിക്കടന്ന് അവരുടെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും വ്യത്യസ്ഥങ്ങളായ മാതാ സങ്കല്‍പ്പങ്ങളും, വേളാങ്കണ്ണി മാതാവ്, ഫാത്തിമാ മാതാവ് തുടങ്ങിയ നാമങ്ങളുമുണ്ട്.
ഇത്തരം സങ്കല്‍പ്പത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് വിവിധ ഭാവങ്ങളിലുള്ള ദേവീ സങ്കല്‍പ്പം. ഒരേ ദേവിതന്നെ വിദ്യയുടെയും, ധനത്തിന്റെയും, ശക്തിയുടെയുംമറ്റും പ്രതിരുപമാകുമ്പോള്‍ അവയ്ക്ക് സരസ്വതി, ലക്ഷ്മി, പാര്‍വതി തുടങ്ങിയ വ്യത്യസ്ഥങ്ങളായ പേരുകള്‍ ലഭിച്ചു. കാലാന്തരത്തില്‍ ഒരോ ദേവി സങ്കല്‍പ്പവും അവ പ്രതിനിധാനം ചെയ്യുന്ന ഫലത്തിന്റെ പര്യായമായി പ്രയോഗത്തില്‍വന്നു. (ഉദാ. വിദ്യാദേവതയായ സരസ്വതി, വിദ്യയുടെ പര്യയമായത്)
ശ്രീ എന്ന സംസ്കൃത പദത്തിന് ഐശ്വര്യം, നന്മ എന്നിവയാണ് മുഖ്യമായ അര്‍ത്ഥങ്ങള്‍. ഇവ കൂടാതെ കുറഞ്ഞത് പത്ത് അര്‍ത്ഥങ്ങള്‍കൂടിയെങ്കിലും ഈ പദത്തിനുണ്ട്. ശ്രീയുടെ ഐശ്വര്യം എന്ന അര്‍ത്ഥത്തില്‍നിന്നാണ് ഐശ്വര്യദേവതയായ ലക്ഷ്മിയ്ക്ക് ശ്രീ എന്ന പര്യായം അഥവാ വിശേഷണം ലഭിച്ചത്്. ഇത്ില്‍നിന്നും. തിരിച്ച് ലക്ഷ്മി എന്നത് ശ്രീയുടെ അഥവാ ഐശ്വര്യത്തിന്റെ പര്യായമായും ഉപയോഗിച്ചുതുടങ്ങി.
ദേവതകളുടെയും പുരാണകഥാപാത്രങ്ങളുടെയും സ്വഭാവവിശേഷങ്ങള്‍ ഉപമേയങ്ങളായി ഉപയോഗിക്കുക എന്നത് കുറഞ്ഞത് മലയാളികള്‍ക്കെങ്കിലും പതിവാണ്. ഉറക്കപ്രിയനെപ്പറ്റി അവനൊരു കുംഭകര്‍ണ്ണനാണ്, ചമഞ്ഞൊരുങ്ങി നടക്കുന്ന യുവസുന്ദരിയെപ്പറ്റി അവളൊരു രംഭയാണന്നാ വിചാരം, വിപരീതാര്‍ത്ഥത്തില്‍ ആളൊരു കൊച്ചു ഗോപാലകൃഷ്ണനാ തുടങ്ങിയുള്ള പ്രയോഗങ്ങള്‍ സുലഭം. പ്രയോഗത്തില്‍ ലക്ഷ്മി, കുംഭകര്‍ണ്ണന്‍, രംഭ ഇവയൊക്കെ ഇന്ന് ഏതാണ്ടൊരു പര്യായപദത്തിന്റെ സ്ഥാനത്തെത്തിയിട്ടുണ്ടെന്നു പറയാം. ഇത്തരം പ്രയോഗങ്ങള്‍ക്ക് ജാതി-മത ഭേദമൊന്നുമില്ല. ഇന്ത്യന്‍ പുരാണങ്ങള്‍ മതഭേദമില്ലാതെ പഠിച്ച മലയാളികളുടെ നാവില്‍ ഇവ അനര്‍ഗളമായി ഒഴുകിയെത്തും.
ഐശ്വര്യ(വാന്‍) എന്ന അര്‍ത്ഥത്തില്‍ ശ്രീ എന്ന് ബഹുമാന്യരുടെ പേരിനുമുമ്പ് വിശേഷണമായി ചേര്‍ക്കുന്നത് പൊതുവായ ഒരു ഇന്ത്യന്‍ സംസ്ക്കാരമാണ്. ഈ ശ്രീയ്ക്ക് ലക്ഷ്മീദേവിയുമായി ബന്ധമൊന്നുമില്ല. ശ്രീ പരമേശ്വന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീ ബുദ്ധന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തികളും അവതാരങ്ങളും ഹൈന്ദവേതര പ്രമുഖരുമെല്ലാം ശ്രീയാല്‍ പരിലസിതരായിരുന്നു. മലയാളത്തില്‍ ശ്രീ എന്ന് വരമൊഴിയിലും ലിംഗഭേദമനുസരിച്ച ് ശ്രീമാന്‍ എന്നും ശ്രീമതിയെന്നും വാമൊഴിയിലും പ്രയോഗിയ്ക്കുന്നു.
ആളും തരവുമനുസരിച്ച് ശ്രീ എന്നതിന് വിശേഷണങ്ങള്‍ ചേര്‍ക്കുക എന്നതും ഒരു മലയാളി ശൈലിയായിരുന്നു. നമ്പൂതിരിമാര്‍ക്ക് ബ്രഹ്മശ്രീ എന്നും ബ്രാഹ്മണേതര പ്രമാണിമാര്‍ക്ക് രാജശ്രീ എന്നുമായിരുന്നു സംബോധന. ഇവയില്‍ രണ്ടാമത്തേത് പൊലിപ്പിച്ച് മഹാരാജ രാജശ്രീ എന്നു പ്രയോഗിയ്ക്കുന്നതും സാധാരണമായിരുന്നു. മ.രാ.രാ.ശ്രീ എന്ന ചുരുക്കെഴുത്തിലാണ് ഇത് അറിയപ്പെട്ടിരുന്നത്. (രാ.രാ.ശ്രീ  മാത്തൂച്ചന്‍... എന്ന നിരണം പൊന്‍കുരിശുപാട്ടിലെ പ്രയോഗം ശ്രദ്ധിയ്ക്കുക). രാജഭരണം അവസാനിച്ചതോടെ മ.രാ.രാ.ശ്രീ വെറും ശ്രീയിലൊതുങ്ങി. (കമ്യൂണിസ്റ് സഖാക്കള്‍ക്ക് വേണമെങ്കില്‍ വിപ്ളവശ്രീ എന്നുപയോഗിക്കാമെന്ന് വി.കെ.എന്‍.)
നസ്രാണികളുടെ പുരോഹിതവൃന്ദത്തിനും ശ്രീ എന്ന സംബോധനയാണ് ഉപയോഗിച്ചിരുന്നത്. അവരുടെ വൈദീക സ്ഥാനമനുസരിച്ച് അവയ്ക്ക് വിശേഷണങ്ങള്‍ കൂട്ടിയിരുന്നു. കത്തനാരെ ദിവ്യ ശ്രീ എന്നും, കോര്‍എപ്പിസ്ക്കോപ്പായേയും റമ്പാനെയും വന്ദ്യ ദിവ്യ ശ്രീ എന്നും, മെത്രാനെ നിതാന്ത വന്ദ്യ ദിവ്യ ശ്രീ എന്നും, മലങ്കര മെത്രാനെ (ഇപ്പോള്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കായേയും) നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീ എന്നും, കാതോലിക്കായേയും പാത്രിയര്‍ക്കീസിനെയും നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നുമാണ് അഭിസംബോധന ചെയ്തിരുന്നത്. ഇവ യഥാക്രമം ദിവ്യ ശ്രീഎന്നും, വ.ദി.ശ്രീ എന്നും, നി. വ.ദി.ശ്രീ എന്നും, നി.വ.ദി.മ.ശ്രീ എന്നും, നി.വ.ദി.മ.മ.ശ്രീ എന്നുമാണ് ചുരുക്കി എഴുതിയിരുന്നത്. (ദിവ്യ ശ്രീ പയ്യമ്പള്ളില്‍ ദാവീദ് കത്തനാര്‍, വ.ദി.ശ്രീ മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റെമ്പാന്‍, നി. വ.ദി.ശ്രീ കോട്ടയം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൌെലീത്താ, നി.വ.ദി.മ.ശ്രീ മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പൌെലീത്താ, നി.വ.ദി.മ.മ.ശ്രീ കാതോലിക്കാ ബാവാ അവര്‍കള്‍ മുതലായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ പ്രയോഗങ്ങള്‍ ശ്രദ്ധിയ്ക്കുക) ഇതില്‍ യാതൊരു അക്രൈസ്തവതയും മുകളില്‍ പറഞ്ഞ പിതാക്കന്മാരാരും കണ്ടില്ല.
എന്നാല്‍ ഏതാണ്ട് ഒരു ദശകംമുമ്പ് ഏതൊ ഒരു നസ്രാണിയ്ക്ക് ഒരു വികല്പം തോന്നി. ശ്രീ എന്നാല്‍ ലക്ഷ്മിയാണ്. ലക്ഷ്മീദേവി ഹിന്ദുക്കളുടെ ദൈവമാണ്. അതിനാല്‍ നസ്രാണി വൈദീകരെ ശ്രീ ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് അക്രൈസ്തവമാണ് എന്ന്. ഉടന്‍തന്നെ അതീവ തീക്ക്ഷണതയോടെ നസ്രാണി സമൂഹത്തില്‍നിന്ന് ശ്രീയെ പുറത്താക്കാനുള്ള നടപടിയാരംഭിച്ചു. പകരം വരമൊഴിയില്‍മാത്രം അപൂര്‍വമായി ഉപയോഗിച്ചിരുന്ന അഭിവന്ദ്യ പൊടിതട്ടിയെടുത്ത് തലങ്ങും വിലങ്ങും പ്രയോഗിച്ചുതുടങ്ങി.
ഈ ദിവ്യവെളിപാടുണ്ടായ സ്ഥാനിയുടെ സ്ഥാനവലിപ്പംകൊണ്ടാകാം, പത്തുവര്‍ഷംകൊണ്ട് ശ്രീ ഏതാണ്ട് പൂര്‍ണ്ണമായി പടിക്കു പുറത്തായി. വലുപ്പച്ചെറുപ്പം നോക്കാതെ കത്തനാരും കോറിയും മെത്രാനും ബാവായുമെല്ലാം അഭിവന്ദ്യരായി അഭി.യിലൊതുങ്ങി. അങ്ങനെ ക്രൈസ്തവീയതയും സോഷ്യലിസവും ഒറ്റയടിയ്ക്കു സഭയില്‍ നടപ്പായി.
വേണമെങ്കില്‍ ഈ ശ്രീ ഉച്ചാടനക്രിയകൊണ്ട് ശീമയില്‍നിന്നു വന്ന ബാവാന്മാരും, ബിലാത്തിയില്‍ നിന്നുവന്ന മിശിനരി സായ്വന്‍മാരും ശ്രമിച്ചിട്ട് നടക്കാത്ത നവീകരണം ഒറ്റയടിയ്ക്ക് മലങ്കര സഭയില്‍ നിലവില്‍വന്നു എന്നും പറയാം. കാവ്യര്‍ക്കടുത്ത ആട്ടവും കളികളും, പള്ളികളിലെ പിച്ചള തൂക്കുവിളക്കുകള്‍ പോലെയുള്ള ഹൈന്ദവ അനാചാരങ്ങളും നീക്കി, മലങ്കര സഭയെ ശുദ്ധീകരിച്ച് പൂര്‍ണ്ണമായും ക്രൈസ്തവമാക്കാനാണല്ലോ ഇരുകൂട്ടരും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭഗീരഥ പ്രയത്നം നടത്തിയത്. അന്ന് സിഹാസനത്തിന്റെ മുഷ്ക്കരത്തിനോ, സായിപ്പിന്റെ ശക്തിക്കോ നസ്രാണിയെ നന്നാക്കാന്‍ സാധിച്ചിരുന്നില്ല. നസ്രാണിയുടെ ദേശീയതയും സ്വത്വബോധവുംമൂലം തങ്ങളെ വിദേശവല്‍ക്കരിയ്ക്കാന്‍ അവര്‍ അന്ന് സമ്മതിച്ചില്ലാ എന്നതാണ് സത്യം.
മുന്‍കാലങ്ങളില്‍ മെത്രാന്മാര്‍ക്ക് എഴുതുന്ന അപേക്ഷകളിലും കത്തുകളിലും എ. പെ. ബെ. മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പൌെലീത്താ തിരുമുമ്പാകെ... എന്നമട്ടിലാണ് സംബോധനഎഴുതിയിരുന്നത്. എത്രയും പെരിയ ബഹുമാനപ്പെട്ട എന്നതിന്റെ ചുരുക്കെഴുത്താണ് എ. പെ. ബെ.  ഇന്നും പെരിയ എന്ന പഴയപദം ഒഴിവാക്കിയതൊഴിച്ചാല്‍ ഈ സംബോധനാരീതിയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സംബോധനയില്‍ അഭി. സോഷ്യലിസം നടപ്പാക്കിയ സ്ഥിതിയ്ക്ക്,  മുകളില്‍ പറഞ്ഞ തലവാചകവും മാറ്റി, സര്‍ക്കാര്‍ കത്തുപോലെ വെറും സര്‍ മാത്രമാക്കുന്നകാര്യം അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.
ശ്രീയെ ഹൈന്ദവമാക്കി പുറത്താക്കിയവര്‍ക്ക് തമിഴിലുള്ള അജ്ഞതമൂലമാകാം തിരുമേനി രക്ഷപെട്ടത്. കാരണം സംസ്കൃതത്തിലെ ശ്രീയാണ് തമിഴിലും മറ്റു ദ്രാവിഡ ഭാഷകളിലും തിരു ആയി രൂപാന്തരപ്പെടുന്നത്. ഇനി തിരുവിനെക്കൂടി കുടിയിറക്കണമെങ്കില്‍ വി. കുര്‍ബാന തക്സായടക്കം തിരുത്തിയെഴുതണം. ...തന്റെ തിരുമേനിയുടെ കഷ്ടാനുഭവം...., തന്റെ തിരുമുമ്പാകെ തലകുനിച്ചു നില്‍ക്കുന്ന... മുതലായ അനേകം അക്രൈസ്തവ പദപ്രയോഗങ്ങള്‍ നിറഞ്ഞതാണ് ഇന്നുപയോഗിയ്ക്കുന്ന വി. കുര്‍ബാന തക്സാ.
ക്രൈസ്തവീകതയെപ്പറ്റിയുള്ള വിലമായ സങ്കല്‍പ്പങ്ങളും, ഓര്‍ത്തഡോക്സിയെപ്പറ്റിയുള്ള അജ്ഞതയും, ഇന്ത്യന്‍ ദേശീയതയെപ്പറ്റിയുള്ള നിസംഗതയും, മലയാളി സംസ്ക്കാരത്തെപ്പറ്റിയുള്ള പുശ്ഛവുമാണ് മലങ്കര നസ്രാണികളില്‍ ചിലരെ ഇത്തരം പരമ്പരാഗത ദേശീയ ചിഹ്നങ്ങള്‍ക്കും പ്രതിരൂപങ്ങള്‍ക്കും എതിരെ ചിന്തിക്കാനും പ്രവര്‍ത്തിയ്ക്കാനും പ്രേരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദംമുതല്‍ മലങ്കര സഭ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി ഇത്തരം ക്രൈസ്തവ-ഓര്‍ത്തഡോക്സ് - ദേശീയതാ വിരുദ്ധരുടെ അസഹിഷ്ണുതയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
അതിനായി അശ്രീകരമായ അഭി.യെ ആദ്യം അടിച്ചിറക്കാം.
      

Tell a Friend

8 comments

  • Comment Link Mathew Chacko Friday, 06 December 2013 18:38 posted by Mathew Chacko

    This article is another example of great misguiding. Shree or Ashree are not the real issue facing orthodox Christians. 50% of so called orthodox faithful are not aware of what is their faith, which leads to confusion. at my home parish and nearby orthodox parishes, 40% families does not come to Church on Sundays. Among those come on Sundays vas majority turn up after Thubden. Unless these issues are addressed systematically , our cathedrals and great churched would be empty in couple of decades.

  • Comment Link തങ്കച്ചന്‍ Friday, 19 July 2013 07:17 posted by തങ്കച്ചന്‍

    നമ്മള്‍ കൊതുകിനെ അരിക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ആണോ????

  • Comment Link മാർട്ടിൻ തെനംകാലാ Monday, 08 April 2013 00:49 posted by മാർട്ടിൻ തെനംകാലാ

    മലങ്കര സഭ ഒരു ഭാരത സഭ എന്ന് അവകാശപ്പെടുകയും ശ്രേഷ്ഠ പദവി ലഭിച്ച മലയാള ഭാഷയിലെ ഇത്തരം ബഹുമാന വാകുകൾ തള്ളികളഞ്ഞു അശ്രീകരമെന്ന് പറയുന്നത് ശരിയല്ല.ആയതിനാൽ മലയാള ഭാഷയെ,മലങ്കര സഭയുടെ ആരാധനക്കും മറ്റ് വിഷയങ്ങളിലും എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.....

  • Comment Link bincy kj  nedumudy Sunday, 07 April 2013 17:14 posted by bincy kj nedumudy

    നിസ്സാരകാര്യങ്ങൾക്കു തലപുകഞ്ഞു ആലോചിച്ചു സമയം കളയുമ്പോൾ
    ഒന്നാലോചിക്കുക ഇതൊഴികെ
    മറ്റെല്ലാത്തിലും ക്രിസ്തീയമാണോ നിന്റെ ജീവിതം? സഭാ തര്ക്കം
    പരിഹരിക്കാൻ വിജാതീയരുടെ പടിവാതിൽക്കൽ പോകുന്നതും ( 1 കോരി. 6) നാൾ നോട്ടം, ശകുനം എന്നിവ നോക്കുന്നതും (ലേവ്യ 20.6) യഥാര്ത ക്രിസ്തു ശിഷ്യര്ക്ക്
    ഭൂഷണം അല്ലെന്നു മാത്രമല്ല എതിര്സാക്ഷ്യം കൂടി ആണെന്നരിയുക.! പരിശുദ്ധത്മാവേ
    ഇവരുടെ മേൽ ഇറങ്ങിവരേണമേ!

  • Comment Link thomas Chandy Monday, 04 March 2013 04:06 posted by thomas Chandy

    bharathiyamaaya enthineyum hindu mathavumaayi bandhippichu avaye kraisthavetharam ennu mudrakuthi purathaakkiya adhinivesha sabhakal thangal swaayathamaaskkiya avarude naadukalile saamskarika chihnangale maammodis mukki swaayathamaakkukayaanu cheythathu ennu saukaaryapoorvam vismarichu.

  • Comment Link Abraham Monday, 04 March 2013 03:59 posted by Abraham

    കുര്യന്‍ തോമസ്‌ സംഗതി സ്വല്പം കൂടി വ്യക്തമാക്കിയാല്‍ കൊള്ളാം. അഭിവന്ദ്യ എന്നത് എങ്ങനെയാണ് അശ്രീകരമാകുന്നത്? "അഭിവന്ദ്യ" ഉപയോഗികുന്നവര്‍ "ശ്രീ" ഉപയോഗിക്കാന്‍ പാടില്ലെന്ന് 1934- ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോ?

  • Comment Link thomas kuttikkandathil Saturday, 02 March 2013 16:27 posted by thomas kuttikkandathil

    ഈ തിരു ബലിയേ കൈക്കൊള്‍ക !

  • Comment Link kv george Monday, 25 February 2013 10:46 posted by kv george

    നമ്മുടെ സഭയിലെ ഒരു പ്രസിദ്ധീകരണത്തില്‍ ഉണ്ടായിരുന്ന തിരുസഭയുടെ തിരു സന്ദേശം എന്ന തലവാചകം മാറ്റിയതു ഓര്‍മയുണ്ടോ ? തിരുസഭ എന്നതു കത്തോലിക്കാ പ്രയോഗം ആണെന്ന് കണ്ടു പിടിച്ചാണ് മാറ്റം വരുത്തിയതു

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3