Friday ,October 20, 2017 12:44 PM IST

HomeArticlesശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍: സുനിൽ കെ.ബേബി മാത്തൂർ

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍: സുനിൽ കെ.ബേബി മാത്തൂർ

Written by

Published: Monday, 17 April 2017

 


അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി ലഭിച്ചപ്പോള്‍ നാം ഭാഗ്യമുള്ളവരാണ്. നമ്മുടെ കഴിവല്ല, രക്ഷകന്‍ നമുക്ക് ദാനമായി നല്‍കിയതാണ്. അതിനെ ഓര്‍ത്ത് അവനെ സ്തുതിക്കുകയും നന്ദിയുള്ളവരായിരിക്കുകയും വേണം. നോമ്പിലൂടെയും ഉപവാസ പ്രവൃത്തികളിലൂടെയും ആത്മവിശുദ്ധീകരണം നടത്തി വേണം ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുവാന്‍. ക്രൂശിതനായ ക്രിസ്തു നാഥന്റെ മുറിപ്പാടുകള്‍ക്കൊപ്പം തങ്ങളുടെ വേദനകളും യാതനകളും പങ്കുവച്ച് ക്രൈസ്തവജനത ഒന്നാകെ പീഡാനുഭവ ശുശ്രൂഷകളില്‍ പങ്കാളികളായി. നോമ്പുകാലത്ത് നാം എടുത്ത തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. പലപ്പോഴും നാം ഈ കാര്യങ്ങള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്. തന്റെ ഏകജാതനായ പുത്രനെ പാപികളായ നമ്മുടെ പാപങ്ങള്‍ക്കായി ബലിയായി നല്‍കുവാന്‍ ദൈവം കാണിച്ച ആ സ്നേഹം എത്രയോ മഹത്തരമാണ്. ദൈവപുത്രനായ യേശു സ്വര്‍ഗ്ഗം ചായിച്ച് ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്ത് മരണത്തെ വരിച്ച് അതിനെ തോല്‍പ്പിച്ച് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ആ ദിവസത്തിന്റെ ഓര്‍മ്മയെ പുതുക്കുന്ന ഈ സന്തോഷ വേളയില്‍ ആത്മവിശുദ്ധീകരണം നടത്തി ഒരു പുതുജീവിതം തുടങ്ങുവാന്‍ നമുക്ക് സാധിച്ചില്ലായെങ്കില്‍ ഈ നോമ്പുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നോമ്പിലൂടെ പരിശുദ്ധാത്മാവില്‍ നിന്നുള്ള പുതിയ ഊര്‍ജ്ജം നാം പ്രാപിച്ച് ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെടണം. അതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. സമൂഹത്തിന് മാതൃകയാകേണ്ട ക്രിസ്തുവിന്റെ അനുയായികളായ നാം അതില്‍ വിജയിക്കുന്നുണ്ടോ എന്ന് അത്മശോധന ചെയ്യണം. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി നമ്മുടെ രക്ഷകന്‍ തന്ന വഴികളിലൂടെ സ്നേഹവും ക്ഷമയും മുന്‍നിര്‍ത്തി ചരിക്കുവാന്‍ ഈ വര്‍ഷത്തെ നോമ്പും ഈസ്ററും സഹായിച്ചാല്‍ നമ്മുടെ ജീവിതം ധന്യമാകും. നല്ല പോര്‍ പൊരുതി ഓട്ടം തികച്ചു നീതിയുടെ കിരീടം പ്രാപിക്കുവാന്‍ നമുക്കു സാധിക്കണം. ഇനി ഞാനല്ല എന്നില്‍ ക്രിസ്തുവത്രേ ജീവിക്കുന്നത് എന്നു പറയുവാന്‍ നമുക്ക് ഇടയാകണം. ദൈവത്തിന്റെ പാദത്തില്‍ നമ്മെത്തന്നെ സമര്‍പ്പിച്ചാല്‍ പിന്നെ ദൈവം നമ്മില്‍ പ്രവര്‍ത്തിച്ചു കൊള്ളും. അതിന് നമുക്ക് ഇടയാകട്ടെ, ദൈവം സഹായിക്കട്ടെ. ഏവര്‍ക്കും ഈസ്റര്‍ ആശംസകള്‍…..

 
 
 
 
 
 

 

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3