Wednesday ,August 16, 2017 12:30 PM IST

HomeArticlesഎത്യോപ്യന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയുടെ ഉറ്റമിത്രം
Error
  • JUser: :_load: Unable to load user with ID: 857

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയുടെ ഉറ്റമിത്രം

Written by

Published: Friday, 01 March 2013

ആഡിസ് അബാബാ: മലങ്കരസഭയുടെ ഉറ്റമിത്രമായ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂ നാപൌലോസ് (76) ഓഗസ്റ് 16-ന് കാലം ചെയ്തു. ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ 23-ന് കബറടക്കി. ഡബ്ളുസിസി പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു.
വരുന്ന നവംബര്‍ 25-ന് കാതോലിക്കേറ്റ് ശതാബ്ദിയാഘോഷത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ സത്യഗ്രഹ ശതാബ്ദിയില്‍ പങ്കെടുക്കാന്‍ 2007 ജനുവരിയില്‍ ന്യൂഡല്‍ഹിയിലും വിദ്യാ ര്‍ത്ഥിപ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ 2008 ഡിസംബറില്‍ കേരളത്തിലും അദ്ദേഹം വന്നിരുന്നു.
1935 നവംബര്‍ മൂന്നിന് ജനിച്ച അദ്ദേഹം1957-ല്‍ വൈദികനും 1973-ല്‍ ബിഷപ്പും 1986-ല്‍ ആര്‍ച്ചുബിഷപ്പുമായി. കമ്യൂണിസ്റ് ഭരണകാലത്ത് ഏഴു വര്‍ഷം തടവിലായിരുന്നു. 1992 ജൂലൈ അഞ്ചിന് എത്യോപ്യയുടെ അഞ്ചാമത്തെ പാത്രിയര്‍ക്കീസും വിശുദ്ധ തെക്ളേഹൈമനോത്തിന്റെ സിംഹാസനത്തിലെ 62-ാമത്തെ 'എച്ചഗ്വേ'യും ആയി സ്ഥാനാരോഹണം ചെയ്തു. 2006-ല്‍ സഭകളുടെ ലോക കൌണ്‍ സില്‍ പ്രസിഡന്റായി.
അയല്‍രാജ്യങ്ങളായ എത്യോപ്യയും എറിത്രിയയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യ പങ്കു വഹിച്ചു. കോപ്റ്റിക്-എത്യോപ്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമാധാന ഉടമ്പടിയുടെ മുഖ്യശില്‍പിയായിരുന്നു അദ്ദേഹം. (1994 ഏപ്രില്‍ മാസത്തില്‍ ഒപ്പുവച്ച കോപ്റ്റിക്-എത്യോപ്യന്‍ സഭാ ഉടമ്പടി അന്ത്യോഖ്യന്‍-മലങ്കര ബന്ധത്തിന് ഒരു മാതൃകയാക്കാവുന്നതാണ്).
റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് സഭയും പൌരസ്ത്യസഭകളില്‍ ഏറ്റവും വലുതുമാണ് എത്യോപ്യന്‍ സഭ. എത്യോപ്യയിലെ ജനങ്ങളില്‍ പകുതിയും (അഞ്ച് കോടി) സഭാവിശ്വാസികളാണ്. അലക്സന്ത്രിയാ പാത്രിയര്‍ക്കീസിനു (കോപ്റ്റിക് പോപ്പ്) കീഴിലായിരുന്ന ഈ പുരാതന സഭ, 1951-ല്‍ സ്വയംഭരണാവകാശവും 1959-ല്‍ പൂര്‍ണ സ്വാതന്ത്യ്രവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു. (വിശദവിവരങ്ങള്‍ക്ക് 2008 ഡിസം. ലക്കം മലങ്കര സഭാ മാസിക പേജ് 29, 30 കാണുക).
മലങ്കരസഭയുമായി വി. കുര്‍ബാന സംസര്‍ഗവും ഉറ്റ ബന്ധവും ഈ സഭ പുലര്‍ത്തുന്നു. ഇരു സഭകള്‍ക്കും ഒട്ടേറെ സമാനതകളുണ്ട്. സഭയുടെ താല്‍ക്കാലിക തലവനായി ആര്‍ച്ചുബിഷപ്പ് ആബൂനാ നഥാനിയേല്‍ ചുമതലയേറ്റു. കാതോലിക്കേറ്റ് സപ്തതിയാഘോഷത്തില്‍ പങ്കെടുക്കാനായി 1982-ല്‍ അദ്ദേഹം മലങ്കരസഭ സന്ദര്‍ശിച്ചിരുന്നു.
കബറടക്ക ശുശ്രൂഷയില്‍ കോപ്റ്റിക് സഭയുടെ ഇടക്കാല തലവന്‍ (ആക്ടിംഗ് പോപ്പ്) അബ്ബാ പക്കോമിയോസ് ഉള്‍പ്പെടെ എല്ലാ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെയും മറ്റ് ഓര്‍ത്തഡോക്സ് സഭകളുടെയും റോമന്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെ മറ്റു ക്രൈസ്തവ സഭകളുടെയും പ്രതിനിധികള്‍ സംബന്ധിച്ചു. മലങ്കര സഭയില്‍ നിന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാരും ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ജോസ് തോമസ് എന്നിവരും സംബന്ധിച്ചു. നമ്മുടെ കബറടക്ക ശുശ്രൂഷയുടെ ഒരു ക്രമവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അനുശോചന സന്ദേശം വായിച്ചു.
മലങ്കരസഭയുടെ ഉറ്റമിത്രമായ ആബൂനാ പൌലോസിനെ പൌരാണിക ക്രൈസ് തവ പാരമ്പര്യത്തിന്റെ പ്രതീകമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ഡബ്ളുസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ വേര്‍പാട് ക്രൈസ്തവ ലോകത്തിന് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. ഓഗസ്റ് 19 ഞായറാഴ്ച മലങ്കര സഭയിലെ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
വി.ജെ.റ്റി.

(മലങ്കര സഭാ മാസിക - 2012 സെപ്റ്റംബര്‍ ലക്കം പേജ് 22)

Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.
  • slide show1
  • slide show2
  • slide show3