Friday ,June 23, 2017 5:14 PM IST

HomeFeatured Articlesയരുശലേമിലെ പുണ്യസ്ഥലങ്ങള്‍ : പി.ജെ.ഏബ്രഹാം

യരുശലേമിലെ പുണ്യസ്ഥലങ്ങള്‍ : പി.ജെ.ഏബ്രഹാം

Written by

Published: Monday, 18 February 2013

യരുശലേമിലെ പുണ്യസ്ഥലങ്ങള്‍ : പി.ജെ.ഏബ്രഹാം

ദേവാലയത്തിന്റെ അന്തര്‍ഭാഗം

    കാല്‍വറിമല, ഗോല്‍ഗോത്താ, ക്രിസ്തുവിന്റെ ശരീരത്തില്‍ തൈലം പൂശിയ ഇടം, വി.കബറ്, വി.കുരിശു കണ്ടെടുത്ത ഗുഹ ഇവയാണ് ആലയക്കെട്ടിടത്തിനകത്തു പ്രധാന്യം അര്‍ഹിക്കുന്ന ഇടങ്ങള്‍.

    കല്ലുപാകിയ മുറ്റത്തുനിന്നു വിശാലമായ വാതില്‍ കടന്ന് ആലയത്തിനുളളില്‍ ഒരു മുഖമണ്ഡപത്തിലേക്ക് പ്രവേശിക്കുന്നു. മുഖമണ്ഡ
പത്തിന്റെ ഇടതുവശത്തായി ആലയസൂക്ഷിപ്പുകാരുടെ ഇരിപ്പിടങ്ങള്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു. സുല്‍ത്താന്‍ സുലൈമാന്റെ കാലം മുതല്‍ ആലയം സൂക്ഷിപ്പ് പരമ്പരാവകാശമായി അനുഭവിച്ചുപോരുന്ന മുഹമ്മദീയരാണ് ഇവര്‍. ആലയത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന ചുമതല ഇവരില്‍ നിക്ഷിപ്തമായിരിക്കുന്നു.

    വലതുഭാഗത്തായി ഏകദേശം 14 അടി ഉയര്‍ത്തി കെട്ടിയിരിക്കുന്ന ഒരു മണ്ഡപം ഉണ്ട്. അതാണ് ഗോല്‍ഗോത്താ. ഈ ഭാഗത്തെപ്പറ്റി വഴിയെ വിവരിക്കാം.

    മുഖമണ്ഡപത്തില്‍ നില്‍ക്കുന്ന ആളിന്റെ മുമ്പിലായി ‘വിലേപന കല്ല്(Stone of uniction)  കാണുന്നു. അരിമത്യക്കാരനായ യോസെഫ് ക്രിസ്തുവിന്റെ ശരീരത്തിന്മേല്‍ സുഗന്ധതൈലം പൂശിയത് ഈ സ്ഥലത്തു വച്ചായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു (യോഹ.19.39.40). ഈ കല്ലിന്മേല്‍ ഉദ്ദേശം 6’ഃ 3’ല്‍ ഒരു മാര്‍ബിള്‍ തകിട് വച്ചിരിക്കുന്നു. അതിനു ചുറ്റും വിളക്കുകള്‍ തൂക്കിയിരിക്കുന്നു. ഞായറാഴ്ച്ചതോറും ഈ സ്ഥലത്ത് ശ്രുശ്രുഷ നടന്നു വരുന്നു. അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സുകാരുടെ ഒരു ശ്രുശ്രുഷയില്‍ പങ്കുകൊളളുവാന്‍ ഈ എഴുത്തുകാരന് സാധിച്ചു.

    അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ ഇരുമ്പു ചട്ടകളുടെ നടുവില്‍ എരിയുന്ന ഒരു വിളക്കിങ്കലേക്ക് വരുന്നു. യേശുവിന്റെ ക്രൂശുമരണവും കബറടക്കവും നോക്കി വിലപിച്ചുകൊണ്ടിരുന്ന മഗ്ദലക്കാരി മറിയവും യാക്കോബിന്റെ അമ്മ മറിയവും സെബദിപുത്രന്മാരുടെ അമ്മയും നിന്നിരുന്നത്  ഈ സ്ഥലത്താണന്ന് വിശ്വസിക്കപ്പെടുന്നു.(മത്തായി (27.55.56.).

    അവിടെ നിന്നു വി. കല്ലറയ്ക്കു ചുറ്റും വ്യത്താക്യതിയില്‍ പണിതിട്ടുളള സ്ഥലത്തേക്ക് പ്രവേശിക്കുന്നു. വി.കബറിങ്കലെ ശ്രുശ്രുഷകള്‍ എല്ലാം ഈ വ്യത്തത്തില്‍വച്ചു നടത്തുന്നു. വി. കബറിനു ചുറ്റും വ്യത്താക്യതിയില്‍ പണിതിരിക്കുന്ന പ്ളാറ്റുഫോമിന്മേല്‍ ഓരോ സഭാവിഭാഗത്തിന്റെയും പുരോഹിതന്മാര്‍ ശ്രുശ്രുഷ നടത്തുന്നു.

    മാര്‍ബിള്‍ തകിടുകളില്‍ മൂടപ്പെട്ടിരിക്കുന്ന വി. കബറിനെ കല്ലറയുടെ ഉളളറയും ദൈവദൂതന്മാര്‍ ഇരുന്നിരുന്ന ഭാഗവുമായി തിരിച്ചിട്ടുണ്ട്. 48 വിളക്കുകള്‍ അണയാതെ കബറിങ്കല്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ഓര്‍ത്തഡോക്സ് സന്യാസിപ്പട്ടക്കാരന്‍ വി. കബറിന്റെ കാവല്‍ക്കാരനായി സദാ കബറിങ്കല്‍ തന്നെ ഉണ്ടായിരിക്കും.

    വി. കബറിന്റെ പിന്നിലായി കോപ്റ്റിക്കുകാരുടെ ഒരു ചാപ്പലും അതിനെതിര്‍വശത്തായി സിറിയന്‍ ഓര്‍ത്തഡോക്സുകാരുടെ ഒരു ചാപ്പലും പണിതിരിക്കുന്നു.  ചാപ്പലിന്റെ പടിഞ്ഞാറുവശത്ത് ഒരു ഇടുങ്ങിയ വഴിയിലൂടെ താഴേക്ക് ഇറങ്ങിയാല്‍ ഒരു ചെറിയ അറ ദ്യശ്യമാകുന്നു. അരിമത്യക്കാരനായ യോസെഫിനെയും നിക്കോദേമസിനെയും ഇവിടെ അടക്കം ചെയ്തയായി പറയപ്പെടുന്നു.

    വി.കബറിനു എതിര്‍വശത്ത് കുരിശുയുദ്ധക്കാരുടെ ഒരു ചാപ്പലിന്റെ അടിസ്ഥാനത്തിന്മേല്‍ പണിതിട്ടുളള ഒരു ചാപ്പല്‍ ഉണ്ട്. അതിന്റെ മദ്ധ്യഭാഗത്ത് ലോകത്തിന്റെ മദ്ധ്യത്തെ കുറിക്കുന്ന ഒരു സ്തംഭം(The centre of the earth) നില്‍ക്കുന്നു. ഇവിടെ രണ്ട് എപ്പീസ്ക്കോപ്പല്‍ സിംഹാസനങ്ങള്‍ കാണുന്നതില്‍ വടക്കുഭാഗത്തേത് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും തെക്കുഭാഗത്തേത് യരുശലേം    
        പാത്രിയര്‍ക്കീസിന്റെയും ആസ്ഥാനങ്ങളാണ്.

    കബറിങ്കലേക്ക് മടങ്ങിവരുമ്പോള്‍ അതിന്റെ കിഴക്കുവടക്കായി ഒരു റോമന്‍ കത്തോലിക്ക ചാപ്പല്‍ കാണാം. ഉയിര്‍ത്തെഴുന്നേറ്റശേഷം ക്രിസ്തു മഗ്ദലക്കാരി മറിയമിനു പ്രത്യക്ഷനായത്. ഈ സ്ഥാനത്തുവച്ചായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. (യോഹ.20.15)

    വലതുവശത്ത് കാണുന്ന സ്തംഭം റോമന്‍ പടയാളികള്‍ ക്രിസ്തുവിനെ ചമ്മട്ടികൊണ്ടടിച്ച സ്ഥാനത്ത്  സ്ഥാപിച്ചിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലം ബുധനാഴ്ചദിവസങ്ങളില്‍ മാത്രം
സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടുന്നു. മറ്റു ദിവസങ്ങളില്‍ റോമന്‍ കത്തോലിക്കാ പട്ടക്കാരുടെ (ഫ്രാന്‍സിസ്കന്‍) പ്രത്യേക അനുവാദം വാങ്ങി സന്ദര്‍ശിക്കാവുന്നതാണ്

    ഇടതുഭാഗത്തായി ഫ്രാന്‍സിസ്കന്‍ പട്ടക്കാരുടെ ഒരു വിശുദ്ധ സ്ഥലം സ്ഥിതിചെയ്യുന്നു. ഇതില്‍ കുരിശുയുദ്ധക്കാരുടെ നേതാവും പ്രഥമ രാജാവും ആയിരുന്ന ഗോഡ്ഫ്രെ ബൌല്ലന്റെ വാളും കുന്തവും  അദ്ദേഹത്തിന്റെ എണ്ണഛായാപടവും സൂക്ഷിച്ചിരിക്കുന്നു.

    അതിനു സമീപം തന്നെ കാണുന്ന രണ്ടു ചെറിയ ചാപ്പലുകള്‍ ക്രിസ്തുവിന്റെ അങ്കിക്കായി ചീട്ടിട്ട
സ്ഥലത്തും (മത്തായി 27.35) റോമന്‍ ശതാധിപന്‍ യേശുവിനെ കാത്തുനിന്നിരുന്ന സ്ഥലത്തും (മത്തായി 27.54) പണിയപ്പെട്ടവയാണ്

    അതിനുശേഷം 29 ഇരുമ്പുപടികള്‍ ഇറങ്ങി (75 ഃ 40) ഒരു ഗുഹയിലേക്ക് പോകുന്നു.
വി. ഹെലെനായാണു വി. കുരിശിന്റെ അന്വേഷണങ്ങള്‍ നയിച്ചതെന്നു പറയപ്പെടുന്നു. വി. ഹെലെനായുടെ ചാപ്പല്‍ ഇന്ന് അര്‍മ്മേനിയരുടെ വകയാണ്

    ഈ ചാപ്പലില്‍ നിന്ന് വീണ്ടും 13 പടികള്‍ ഇറങ്ങുമ്പോള്‍ ക്രിസ്തുവിന്റെ ക്രൂശു കണ്ടെടുത്ത ഗുഹയിലേക്ക് പ്രവേശിക്കുന്നു. ഈ ഗുഹയുടെ വലതുഭാഗത്തുനിന്ന് വി. ക്രൂശു കണ്ടെടുത്തതായി വിശ്വസിക്കപ്പെടുന്നു. ഇടതുവശത്തായി വി.ഹെലെനായുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

    ഗുഹയില്‍ നിന്ന് കയറുമ്പോള്‍ ക്രിസ്തുവിനെ മുള്‍ക്കിരീടം ധരിപ്പിച്ച ഇടമെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തുളള ഒരു ചാപ്പലിലേക്കു വരുന്നു.

    ഇടതുഭാഗത്തുളള കുറേ പടികള്‍ കയറിയാല്‍ ഗോല്‍ഗോത്താ മലയില്‍ എത്തുന്നു. വി. കബറിന്റെ
നിരപ്പില്‍ നിന്നു 14 അടി ഉയരത്തില്‍ കെട്ടിയിരിക്കുന്ന ഒരു പ്ളാറ്റുഫോം ആണ് ഇതെന്ന് പ്രസ്ഥാവിച്ചല്ലോ.

    രണ്ടു വലിയ തൂണുകളാല്‍ ഈ സ്ഥലം ലത്തീന്‍കാരുടെയും ഓര്‍ത്തഡോക്സുകാരുടേതുമായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ലത്തീന്‍കാരുടെ ചാപ്പല്‍ പണിതിരിക്കുന്ന സ്ഥലത്തുവച്ചായിരുന്നു ക്രിസ്തുവിന്റെ അങ്കികള്‍ അഴിച്ചുവച്ചതെന്നും തന്നെ ക്രൂശില്‍ കിടത്തി ആണി അടിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

    ഓര്‍ത്തഡോക്സ് ചാപ്പലില്‍ ഉളള ത്രോണോസിന്റെ കീഴില്‍ മദ്ധ്യഭാഗത്തായി മാര്‍ബിള്‍തകിടുകളാല്‍ പൊതിയപ്പെട്ട ഒരു കുഴി കാണുന്നു. ക്രിസ്തുവിന്റെ ക്രൂശു നാട്ടിയിരുന്ന കുഴിയാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് ഇതില്‍ കൈ കടത്തി നോക്കാവുന്നതാണ്. ത്രോണോസിന്റെ ഇരുഭാഗങ്ങളിലുമായി തറയില്‍ രണ്ടു മാര്‍ബിള്‍ തകിടുകള്‍ പതിച്ചിരിക്കുന്നത് കളളന്‍മാരുടെ ക്രൂശുകള്‍ നിന്നിരുന്ന സ്ഥാനത്താണന്ന് പറയപ്പെടുന്നു. അതിന്റെ വലതുഭാഗത്ത് രണ്ടായി പിളര്‍ന്ന പാറയുടെ ഒരുഭാഗം കാണാം. മണ്ഡപത്തിന്റെ അടിഭാഗത്തുളള ഒരു ചാപ്പലില്‍ നിന്ന് ഈ പാറ കുറേക്കുടെ വിശാലമായി ദ്യശ്യമാകും. ക്രിസ്തുവിന്റെ മരണസമയത്ത് പിളര്‍ക്കപ്പെട്ട പാറകളില്‍ ഒന്നാണിതെന്നു വിശ്വസിക്കപ്പെടുന്നു.  

    ചതുരാക്യതിയിലുളള ഒരു രണ്ടാംനില തട്ടു പണിതിട്ട് അതിന്മേല്‍ വിളക്കുകളാലും സുഗന്ധദ്രവ്യങ്ങളാലും മെഴുകുതിരിക്കാലുകളാലും അലംക്യതമായ ത്രോണോസുകള്‍ നിറഞ്ഞ ഒരു ഉയര്‍ന്ന പ്ളാറ്റുഫോമായിട്ടാണ് ഇന്നത്തെ വീക്ഷകര്‍ക്ക് ഗോല്‍ഗോത്താ മല ദ്യശ്യമാകുന്നത്.

    ഗോല്‍ഗോത്തായില്‍ നിന്നു പടികള്‍ ഇറങ്ങി വരുമ്പോള്‍ അതിന്റെ അടിയിലുളള ഒരു ഇരുട്ടു ചാപ്പലിലേക്ക് പ്രവേശിക്കുന്നു. ഇത് ആദാമിന്റെയും ഇതില്‍ കാണുന്ന ത്രോണോസ് മെല്ക്കിസെദേക്കിന്റെയും
ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.ഈ ത്രോണോസിനു പുറകിലായി മേല്പറഞ്ഞ പിളര്‍ന്ന പാറയുടെ തുടര്‍ച്ച നന്നായി കാണാന്‍ സാധിക്കും.

    ത്രോണോസിന്റെ വലതുഭാഗത്തുളള വാതില്‍കൂടെ ഗ്രീക്ക് ഓര്‍ത്തഡോക്സുകാരുടെ ആസ്ഥാനത്തേക്കു പോകാം. പ്രത്യേക അനുവാദം വാങ്ങിയ ശേഷം അവിടെ സൂക്ഷിച്ചിരിക്കുന്ന പുരാതന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാം.

    വി. കബറിന്റെ ആലയത്തിന് സമീപം തന്നെ അനേകം പളളികള്‍ ഉണ്ട്. വലതുവശത്ത് വി. യാക്കോബിന്റെ നാമത്തിലുളള ഓര്‍ത്തഡോക്സ് പളളി(Orthodox cathedral of st.james).40 രക്തസാക്ഷികളുടെയും വി. യോഹന്നാന്റെയും പളളി മുതലായവയും ഇടതുഭാഗത്ത് വി. അബ്രഹാമിന്റെ ഓര്‍ത്തഡോക്സ് മഠവും പ്രധാനപ്പെട്ടവയാണ്. ഈ മഠത്തില്‍ 100 അടി നീളവും 50 അടി വീതിയും 50 അടി താഴ്ചയുളള വി. ഹെലെനായുടെ കുളം ഉണ്ട്.

    ക്രൂശിന്റെ മാര്‍ഗ്ഗം (via doiorosa)

        ക്രിസ്തുവിനെ ക്രൂശു ചുമപ്പിച്ചത് മുതല്‍ ഗോല്‍ഗോത്തായില്‍ എത്തുന്നതുവരെ വഴിക്ക്’വയാ ഡൊലോറോസാ’അഥവാ ക്രൂശിന്റെ  വഴി എന്നു പറയന്നു. പ്രധാന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളെ 14 സ്ഥാനങ്ങളായി തിരിച്ചിരിക്കുന്നു. ഇവയില്‍ 9 സ്ഥാനങ്ങള്‍ ക്രൂശിന്റെ വഴിയിലും ബാക്കി ഗോല്‍ഗോത്തായിലും വി. കബറിങ്കലുമത്രേ.

    വഴിയിലുളള സ്ഥാനങ്ങളിലെല്ലാം ചാപ്പലുകളോ സ്മാരക ശിലകളോ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വെളളിയാഴ്ച്ചയും മൂന്നു മണിക്ക് ഫ്രാന്‍സിസ്ക്കന്‍ പുരോഹിതന്മാരുടെ ഒരു സംഘം ഒന്നാം സ്റേഷന്‍ മുതല്‍ ക്രൂശിന്റെ വഴിമുഴുവന്‍ തീര്‍ത്ഥയാത്ര നടത്തുന്ന പതിവുണ്ട്.

    ഒന്നാം സ്റേഷന്‍ തുടങ്ങുന്ന സ്ഥലത്ത് റോമന്‍ കത്തോലിക്കരുടേതായ ഒരു ആശ്രമം ഉണ്ട്. ക്രിസ്തുവിനെ പീലാത്തൊസ്  വാറുകൊണ്ടടിപ്പിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതോടു
ചേര്‍ന്നുതന്നെ സീയോന്‍ കന്യസ്ത്രീകളുടെ(Sisters of zion)  മഠം സ്ഥിതിചെയ്യുന്നു. ക്രിസ്തുവിനെ പീഡിപ്പിച്ച റോമാ പടയാളികള്‍ ഇരുന്നതെന്ന് പറയപ്പെടുന്ന കല്ലുപാകിയ തറ ഇന്നും ഈ മഠത്തില്‍ ദ്യശ്യമാണ്. കാവല്‍കാക്കുന്നതിനിടയ്ക്ക് പടയാളികള്‍ ചൂതുകളിയിലും മറ്റും ഇടപെട്ട് സമയം പോക്കിയിരുന്നതിന്റെ കളങ്ങളും പാടുകളും ഈ കല്ലുകളില്‍ ഇന്നും തെളിവായി കാണാന്‍ സാധിക്കുന്നു.

    7-ാം സ്റേഷനില്‍ വി. വെറോണിക്ക(st.veronica)യുടെ ഓര്‍മ്മയ്ക്കായി ഗ്രീക്കുകത്തോലിക്കര്‍ ഒരു ചാപ്പല്‍ പണിതിരിക്കുന്നു. ക്രൂശും വഹിച്ചു കൊണ്ടുപോകുന്ന ക്രിസ്തുവിനെ കണ്ടു മനസ്സലിഞ്ഞ വെറോണിക്ക ഒരു റൂമാല്‍കൊണ്ട് അവന്റെ മുഖത്തെ വിയര്‍പ്പ് തുടച്ചു എന്നും അതിനു പ്രതിഫലമെന്നോണം ക്രിസ്തുവിന്റെ മുഖഛായ ആ റൂമാലില്‍ പതിഞ്ഞു എന്നും വിശ്വസിക്കപ്പെടുന്നു. 

Tell a Friend

1 comment

  • Comment Link ROY GEORGE Wednesday, 13 March 2013 10:39 posted by ROY GEORGE

    The above information is very interesting. If it is translated in english it will be more usefull for the young generation.

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.