Saturday ,September 23, 2017 9:39 AM IST

HomeFeatured Articles മലങ്കര സഭയില്‍ സമാന്തര ഭരണം അനുവദിക്കാനാവില്ല : സുപ്രീംകോടതി

മലങ്കര സഭയില്‍ സമാന്തര ഭരണം അനുവദിക്കാനാവില്ല : സുപ്രീംകോടതി

Written by

Published: Thursday, 06 July 2017

 മലങ്കര സഭയില്‍ സമാന്തര ഭരണം അനുവദിക്കാനാവില്ല : സുപ്രീംകോടതി
           
 
മലങ്കര സഭയ്ക്ക് കീഴില്‍  തര്‍ക്കം നിലനിന്ന പളളികളില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും ഒരു പോലെ ആരാധന നടത്താന്‍ അവസരം നല്‍കണമെന്ന യാക്കോബായ സഭയുടെ അപേക്ഷ സുപ്രീം കോടതി തളളി. ഇങ്ങനെ ചെയ്യുന്നത് സമാന്തര ഭരണത്തിന് ഇടയാക്കുമെന്നും അതു നിയമപരമായി അനുവദിക്കാന്‍ ആവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിയില്‍ പറയുന്നു. മലങ്കര സഭയില്‍ ഇപ്പോഴുളള സ്ഥിതിവിശേഷം സൃഷ്ടിച്ചതിന് യാക്കൊബായ സഭയെയാണ് കുറ്റപ്പെടുത്തേണ്ടതെന്നു വിധിന്യായത്തില്‍ പറയുന്നു. 1934 ലെ ഭരണഘടനയാണ് അംഗീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ 1995ലെ വിധി മാനിക്കാന്‍  യാക്കോബായ സഭ കൂട്ടാക്കിയില്ലെന്നും 276 പേജുകള്‍ ഉളള വിധിയില്‍ കുറ്റപ്പെടുത്തി. 
 
വിധിയുടെ വിശദാംശങ്ങള്‍:-
 
1) മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സ്വഭാവമുളളതും ഇത് 1934 ലെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുളളതുമാണ്. ഇടവകപ്പളളികളുടെ കാര്യങ്ങളില്‍ പൂര്‍ണമായും ഭരണം നടത്തേണ്ടത് 1934 ലെ ഭരണഘടനപ്രകാരമാണ്, അത് നിലനില്‍ക്കുന്നതുമാണ്. 
2) 1995 ലെ വിധിക്ക് പൂര്‍ണ്ണമായും അനുസൃതമാണ് ആ വര്‍ഷം  പുറപ്പെടുവിച്ച തീര്‍പ്പ്. വിധിയും തീര്‍പ്പും തമ്മില്‍ ഒരു വ്യത്യാസവുമില്ല. 
3) 1995 ലെ വിധി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ബാധകവും പ്രാവര്‍ത്തികവുമാണ്. കാരണം അത് പ്രാതിനിധ്യ സ്വഭാവമുളള ഹര്‍ജി ആയിരുന്നു. മാത്രമല്ല, ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെടാനാകത്തതാണ്.  ഈ കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്ക് മാത്രമല്ല മലങ്കര സഭയിലെ  എല്ലാ തല്‍പരകക്ഷികള്‍ക്കും ഇത് ബാധകമാണ്. നേരത്തെയുളള സമുദായകേസില്‍ ഉള്‍പ്പെട്ട ഇടവകള്‍ക്കും അംഗങ്ങള്‍ക്കും   ഇത് ബാധകമാണ്. 
4) 1934 ലെ ഭരണഘടന ഇടവകപ്പളളികള്‍ക്കും  ബാധകമാകയാല്‍  ഏതെങ്കിലും ഒരു പളളിക്ക് 2002ലെതു പോലെ  പുതിയ ഭരണഘടന ഉണ്ടാക്കാന്‍ കഴിയില്ല. പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മീക പരമാധികാരത്തിന്‍റെ പേരില്‍ നിലവിലുളള പളളികളില്‍ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല. 
5) ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി  കാതോലിക്കയാണ്. ആധ്യാത്മീക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പോലീത്തായുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പോലീത്തായ്ക്കാണ്. 
6) പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പില്‍ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക്  ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. തല്‍ഫലമായി പാത്രിയര്‍ക്കീസിന് വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍   എന്നിവരെ നിയമിച്ച് ഇടവകപ്പളളികളുടെ ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും  കഴിയില്ല. 1934 ലെ ഭരണഘടന പ്രകാരം  ഈ നിയമനങ്ങള്‍ക്കുളള അധികാരം ബന്ധപ്പെട്ട ഭദ്രാസനത്തിനും മെത്രാപ്പോലീത്തായ്ക്കുമാണ്.  
7) മനുഷ്യാവകാശം സംബന്ധിച്ച സാര്‍വലൗകിക പ്രഖ്യാപനം അനുച്ഛേദം 20 അനുസരിച്ച ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയില്‍ ഒരു സഭവിട്ടു പോകാന്‍ എല്ലാ അവകാശവും  ഉണ്ട്, എന്നാല്‍ മലങ്കര സഭയില്‍ നിന്ന് ഒരു ഇടവകപ്പളളി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും വിട്ടുപോകാനാകില്ല. 
8) ഒരു സഭ രൂപവത്ക്കരിക്കുകയും അത് അതിലെ അംഗങ്ങള്‍ക്ക് ക്ഷേമകരമായിരിക്കുകയും ചെയ്യുമ്പോള്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും സ്വത്തോ ഭരണസമിതിയോ കൈപ്പിടിയിലാക്കാന്‍ ആര്‍ക്കും കഴിയില്ല. മലങ്കര സഭ ഒരു ട്രസ്റ്റിന്‍റ്െ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം  ട്രസ്റ്റില്‍ നിക്ഷിപ്തമാണ്. 1934 ലെ ഭരണഘടനപ്രകാരം ഇടവകാംഗങ്ങള്‍ക്ക് പളളി വിട്ടുപോകാം,  പക്ഷേ സ്ഥാവര ജംഗമ  സ്വത്തുക്കള്‍ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ല. 
9) 1995ല്‍ ഈ കോടതിയുടെ വിധി മറികടക്കാന്‍ വേണ്ടിയാണ് ഇപ്പോഴെത്തെ പരാതിക്കാര്‍  പാത്രിയാര്‍ക്കീസിന്  ആധ്യാത്മീക അധികാരം നല്‍കിയത്. കോടതിയുടെ വിധി പാത്രിയര്‍ക്കീസിനും കാതോലിക്കോസിനും എല്ലാവര്‍ക്കും ബാധകമാണ്.
10) ചരിത്രപശ്ചാത്തലവും നടപടിക്രമങ്ങളും പരിഗണിക്കുമ്പോള്‍ പാത്രിയര്‍ക്കീസിനു വികാരിമാര്‍,  വൈദീകര്‍, ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍ തുടങ്ങിയവരെ നിയമിക്കാനുളള  അധികാരമില്ല.  സഭയ്ക്കുളളിലെ മറ്റ് ഭരണാധികാരികള്‍ക്കാണ് അതിനുളള അധികാരം. 1934 ലെ ഭരണഘടന ലംഘിച്ചു 2002 മുതല്‍ പളളികളില്‍ സമാന്തര ഭരണ സംവിധാനം  സൃഷ്ടിക്കാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. 
11) പാത്രിയാര്‍ക്കീസ് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നത് തെറ്റാണെന്നു 1995 ല്‍ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കുകയാണ്. പാത്രീയര്‍ക്കീസിന് ഇങ്ങനെ  ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നു വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
12) ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടര്‍ച്ചയിലും വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ അതുപയോഗിച്ച് വികാരിമാര്‍, വൈദീകര്‍ , ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍ എന്നിവരെ നിയമിക്കുന്നത് ശരിയല്ല, അത് 1934 ലെ ഭരണഘടനയ്ക്കെതിരാണ്. 
13) മലങ്കരസഭ 1934 ലെ ഭരണഘടനപ്രകാരം എപ്പിസ്ക്കോപ്പലാണ്. ആഭ്യന്തരമായ പ്രശ്നങ്ങള്‍  പരിഹരിക്കേണ്ടതും ബിഷപ്പുമാരെ തിരഞ്ഞെടുക്കേണ്ടതും  ഭദ്രാസനങ്ങളാണ്. 
14) വികാരിയുടെ നിയമനം മതേതര വിഷയമാകാം. എന്നാല്‍ 1934 ലെ ഭരണഘടനപ്രകാരം വികാരിമാരെയും, വൈദീകരെയും, ഡീക്കന്മാരെയും, മേല്‍പ്പട്ടക്കാരെയും നിയമിച്ചാല്‍ അത് ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദ പ്രകാരമുളള അവകാശങ്ങളുടെ ലംഘനമാവില്ല. ആധ്യാത്മിക പരമാധികാരത്തിന്‍റെ പേരില്‍, ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കില്‍ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവര്‍ക്കും ബാധകമാണ്. 
15) വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍ മേല്‍പ്പട്ടക്കാര്‍ എന്നിവരുടെ നിയമനത്തിന് ഉടമ്പടി പ്രകാരവും കഴിയില്ല. 1934 ലെ ഭരണഘടനപ്രകാരമേ വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍ മേല്‍പ്പട്ടക്കാര്‍  എന്നിവരെ നിയമിക്കാനാകൂ. പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മീക അധികാരത്തിനു കീഴില്‍ വരുന്നതല്ല അത്. മലങ്കര സഭയിലെ മറ്റ് പലരിലും ആധ്യാത്മീക അധികാരം നിക്ഷിപ്തമാണ്. 
16) സഭയുടെ പ്രവര്‍ത്തനം വിവിധ തലങ്ങളില്‍ ചുമതലകള്‍ പങ്ക്വെയ്ക്കുന്നതിലൂടെയാണ്. എത്ര തന്നെ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന വ്യക്തി ആയാലും ഇത് ഒരു വ്യക്തിയില്‍ അധിഷ്ഠിതമാകുന്നത് ശരിയല്ല. കാര്യക്ഷമമായ ഭരണത്തിനു വേണ്ടിയാണ് 1934 ലെ ഭരണഘടനയില്‍ അധികാര വിഭജനം കൊണ്ട് വന്നത്. സഭയുടെ എപ്പിസ്ക്കോപ്പല്‍ സ്വഭാവത്തിന് അത് എതിരാകുന്നില്ല. അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കീസിന്‍റെ അധ്യാത്മിക പരമാധികാരത്തിന് എതിരെയാണ് 1934 ലെ ഭരണഘടന കൊണ്ടു വന്നത് എന്നു കണക്കാക്കാനാവില്ല. പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മിക പരമാധികാരത്തില്‍ വിശ്വസിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് എതിരായി കൊണ്ടുവന്ന അനീതിയായോ അടിച്ചമര്‍ത്തലായോ അതിനെ കാണുന്നതും ശരിയല്ല. 
17) പളളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇവിടെ അന്തസ്സോടെ സംസ്ക്കരികപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുളള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പളളികളുടെയും വസ്തുവകകള്‍ ട്രസ്റ്റിന്‍റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്ന് കരുതി അവ ആര്‍ക്കും കയ്യേറാനുളളതല്ല. 
18) സഭയുടെ പൊതുവിശ്വാസം യേശുക്രിസ്തുവിലാണ്.  സഭയുടെ വിശ്വാസം കാതോലിക്കോസിന്‍റെയും പാത്രിയര്‍ക്കീസിന്‍റെയും അധികാരത്തിനൊപ്പമാണെന്ന് അനാവശ്യമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ആധ്യാത്മികതയുടെ മറവില്‍ ഭൗതികമായ കാര്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനായി  ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ക്ക് എന്തെങ്കിലും നല്ലതോ യഥാര്‍ത്ഥമോ ആയ കാരണങ്ങളില്ല. 
19) പാത്രിയര്‍ക്കീസിന്‍റെ അധികാരം ഒരിക്കലും പളളികളുടെ ഭൗതികഭരണത്തിലേക്കു നീണ്ടിട്ടില്ല. 1995 ലെ കോടതിവിധി പളളികളുടെ ഭരണത്തില്‍ പാത്രിയര്‍ക്കീസ് അനാവശ്യമായി കൈകടത്തിയതിനെ ഓര്‍ത്തഡോക്സ് സഭ ചോദ്യം ചെയ്തത് പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മിക പരമാധികാരത്തെ കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമായി കാണുന്നതു ശരിയല്ല. 1995ലെ വിധിക്ക് ശേഷം ഉണ്ടായ സ്ഥിതി വിശേഷത്തിനു യാക്കോബായ സഭയെയാണ് കുറ്റപ്പെടുത്തേണ്ടത്. 1934 ലെ ഭരണഘടന അനുസരിച്ച് വേണം  സഭയുടെ സ്വത്തുക്കള്‍ ഭരിക്കേണ്ടത്. എല്ലാവര്‍ക്കും ബാധകമായ 1995ലെ വിധിയെ ബഹുമാനിക്കാന്‍ യാക്കോബായ സഭ തയ്യാറായില്ല. ഈ കോടതി 1995 ല്‍ നല്‍കിയ വിധി ലംഘിച്ചു വികാരിമാരെയും മറ്റും നിയമിക്കാന്‍ പാത്രിയര്‍ക്കീസും പ്രതിനിധികളും മുതിര്‍ന്നതിനെതിരെയാണു ഹൈക്കോടതിയില്‍  ഓര്‍ത്തഡോക്സ്   സഭയ്ക്ക് റിട്ട് ഹര്‍ജികള്‍ നല്‍കേണ്ടി വന്നത്.  
20) 1934 ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത് അത് ലംഘിക്കപ്പെടുന്നതിന്‍റെ ഒരു നിരാശയും യാക്കോബായ സഭയ്ക്കില്ല. മലങ്കര സഭ ഒരിക്കല്‍ നിലവിലുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ തുടരണം, അതിന്‍റെ വസ്തുവകകള്‍ ഉള്‍പ്പെടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂരിപക്ഷത്തിന്‍റെ പേരില്ലോ അല്ലാതയോ വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തില്‍ അനധികൃതമായ ഇടപെടലാണ്, വസ്തുവകകള്‍ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍ പോലും  സഭയുടെ ഭരണമോ, വസ്തുക്കളോ പിടിച്ചെടുക്കാന്‍ പാടില്ല. ഭരണം മാറ്റണമെങ്കില്‍ അത് നിയമപരമായി 1934 ലെ ഭരണഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇടവകപ്പളളികള്‍ക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല. 
21) 1890 ലെയും 1913 ലെയും ഉടമ്പടികള്‍  പളളികളുടെ ഭരണത്തിനു വേണ്ടിയാണ്, അല്ലാതെ ട്രസ്റ്റിന്‍റെ രൂപവത്ക്കരണത്തിനല്ല. അവയ്ക്ക് ഇന്ന് ഉപയോഗവുമില്ല. മാത്രമല്ല 1934 ലെ ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് അവ നിലനില്‍ക്കില്ല. ഭരണഘടനയുടെ 132-ാം വകുപ്പ് അത് വ്യക്തമാക്കുന്നു. 1934 ലെ ഭരണഘടനയാണ് നിലനില്‍ക്കുക എന്ന് ഈ കോടതി തന്നെ  പല വിധികളിലും പറഞ്ഞത് പ്രകാരവും ഈ ഉടമ്പടികള്‍ക്ക്  സാധുതയില്ല. 
22) 1934 ലെ ഭരണഘടന മലങ്കര സഭയുടെ വസ്തുക്കളുടെ അവകാശമോ ആധാരമോ                             താല്‍പ്പര്യമോ സംബന്ധിച്ച് നിലവിലുളളതോ ഭാവിയിലേതോ ആയ ഒന്നും സൃഷ്ടിക്കുകയോ,  പ്രഖ്യാപിക്കുകയോ,  ചുമതലപ്പെടുത്തുകയോ, പരിമിതപ്പെടുത്തുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഭരണത്തിനുളള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്, അതു കൊണ്ട് തന്നെ അത് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യവുമില്ല. ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തവയാണ്, അവ 1934 ലെ ഭരണഘടന വന്നപ്പോള്‍ നിലനില്‍ക്കാവുന്നതുമല്ല. 
23) എപ്പിസ്ക്കോപ്പല്‍ ആയ സഭയില്‍ പളളികള്‍ക്ക് എത്രത്തോളം സ്വയംഭരണം സെക്ഷന്‍ 22 പ്രകാരം നല്‍കിയിട്ടുണ്ടോ അത് അവയുടെ ഭരണത്തിനും ചെലവുകള്‍ക്കും വേണ്ടിയാണ്. 
24) 2002 ലെ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പളളികളുടെ സമാന്തര ഭരണത്തിനുളള  സംവിധാനമായി അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് പളളികള്‍ ഭരണം നടത്തേണ്ടത് . 
25) മണ്ണത്തൂര്‍ പളളിയുടെ കാര്യത്തില്‍ വീണ്ടും മറ്റൊരു നടപടിക്രമത്തിന്‍റെ ആവശ്യമില്ല. 
26) ഇടവകപ്പളളികളുടെ ഭരണത്തിന് 1934 ലെ ഭരണഘടന അനുയോജ്യവും ശരിയായതുമാണ്.  അതിനാല്‍ സി.പി.സി 92 പ്രകാരം മറ്റൊരു സംവിധാനം തയ്യാറാക്കേണ്ട ആവശ്യമില്ല. 
27) രണ്ട് സഭകളും തമ്മിലുളള അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാലും ഒത്തുതീര്‍പ്പിന് വിദൂര സാധ്യത മാത്രമായതിനാലും ഒരോ വിഭാഗത്തിന്‍റെയും രണ്ടു വികാരിമാര്‍ക്ക് ആരാധന നടത്താന്‍  അവസരം നല്‍കണമെന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും. 
28) രണ്ട് സഭയും അവര്‍ പിന്തുടരുന്ന വിശുദ്ധ മതത്തിന്‍റെ പാവനതയ്ക്കു  വേണ്ടിയും ഇനിയും  സ്ഥാപനത്തിന്‍റെ ജീര്‍ണത ഒഴിവാക്കാനായി തര്‍ക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനുമായി  അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ ഭരണഘടന നിയമപ്രകാരം ഭേദഗതി ചെയ്ത്  ഒരു പൊതു വേദിയില്‍  പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാല്‍, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ പളളികളില്‍ ക്രമ സമാധാന പ്രശ്നമുണ്ടാക്കാനോ പളളികള്‍ അടച്ചുപൂട്ടുന്ന നിലയില്‍ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല. 
 
ഇക്കാരണങ്ങളാല്‍ ഈ ഹര്‍ജിയില്‍ ഇടപെടല്‍ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. യാക്കോബായ സഭയുടെ ഹര്‍ജി തളളിക്കളയുന്നു.            
 
     
Tell a Friend

Disclaimer: The views and opinions expressed in this article and in the comments below are soley of the original author(s) or contributor(s). These views and opinions do not necessarily represent those of the Malankara Orthodox Church.

Leave your comments

     
(Press ctrl+g to comment in English)
I Agree to the Terms and Conditions.