അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….

അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….

എങ്ങും ഒരു ശൂന്യത രൂപപ്പെടുന്നു. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി, ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള നിയമസഭ, ഉമ്മന്‍ചാണ്ടിയില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അദ്ദേഹമില്ലാത്ത ഒരു കേരളം…

മനസ്സ് പൊരുത്തപ്പെടുവാന്‍ ഇനിയും സമയമെടുക്കും. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇനി മുതല്‍ ശ്രദ്ധിക്കപ്പെടും. അദ്ദേഹത്തെ ഒരു നോക്ക് കാണുവാന്‍ വെമ്പല്‍ കൊണ്ടവര്‍, ശാരീരിക പ്രയാസങ്ങള്‍ നിമിത്തം എത്തിച്ചേരുവാന്‍ കഴിയാത്തതിന്റെ വിങ്ങലുമായി ഭവനത്തിലിരുന്ന് ചാനലുകളിലൂടെ ദര്‍ശിച്ച് സായൂജ്യമടഞ്ഞവര്‍ – ഒരുപക്ഷേ നേരിട്ട് കണ്ടവരെക്കാള്‍ കൂടുതല്‍ അവരായിരിക്കണം. അദ്ദേഹത്തെ ഏറെ സ്‌നേഹിച്ചു നെഞ്ചിലേറ്റിയവര്‍ – ജനലക്ഷങ്ങള്‍ ഒരു നോക്ക് കണ്ട് തങ്ങളുടെ വീരനായകന് യാത്രാമൊഴി നേരുന്ന അവിസ്മരണീയ നിമിഷങ്ങള്‍. ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. ജനാധിപത്യത്തില്‍ ഒരു നേതാവിന് കിട്ടാവുന്ന പരമോന്നത ബഹുമതി. ഔദ്യോഗിക ബഹുമതികള്‍ക്കപ്പുറം വാനോളം എത്തുന്ന ജനസഞ്ചയത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആരവം. ഉമ്മന്‍ചാണ്ടി എന്ന അത്ഭുത പ്രതിഭാസത്തിന്റെ മുമ്പില്‍ ലോകം ആദരം സമര്‍പ്പിച്ച മഹനീയ ദിനം.

ഒരിക്കലും പങ്കെടുക്കുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നിട്ടും സംസ്‌ക്കാര ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ദൈവനിയോഗമായി കാണുന്നു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ അഭിമാനിക്കുന്നു പ്രിയപുത്രനെകുറിച്ച്. ആത്മാവിന് ദൈവം നിത്യാശ്വാസം നല്‍കട്ടെ..

Exit mobile version