കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികര്‍ – മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത

പരുമല: അതിസങ്കീര്‍ണ്ണവും അസാധാരണവുമായ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരാണ് വൈദികരെന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത പറഞ്ഞു. അഖില മലങ്കര വൈദിക സംഘത്തിന്റെ സോണല്‍ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരപ്പെട്ടിരിക്കുന്നവരെ താങ്ങാന്‍ കടപ്പെട്ടവരാണ് വൈദികരെന്നും അദ്ദേഹം പറഞ്ഞു. അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ആര്‍ഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിച്ച് പാവങ്ങളെ സഹായിക്കുന്നവരാകണം വൈദികരെന്ന് അഭി.തിരുമേനി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം അതിഭയനാകമായി വളരുകയാണ്. പരി.പരുമല തിരുമേനിയുടെ ആരാധനാ ജീവിതം വൈദികര്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഭിഷിക്തരായ മെത്രാപ്പോലിത്തമാര്‍ക്കും സഭാസ്ഥാനികള്‍ക്കും സമ്മേളനത്തില്‍ സ്വീകരണം നല്‍കി. മലങ്കരസഭാ ഗുരുരത്‌നം ഫാ.ഡോ.റ്റി.ജെ.ജോഷ്വായ്ക്ക് ഗുരുവന്ദനം നല്‍കി ആദരിച്ചു. ഫാ.ഡോ.ജേക്കബ് കുര്യന്‍, അഭി.സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത എന്നിവര്‍ പഠനക്ലാസ്സ് നയിച്ചു.

വൈദികസംഘം ജനറല്‍ സെക്രട്ടറി ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ.ഡോ.മാത്യു വര്‍ഗീസ്, ഫാ. സ്‌പെന്‍സര്‍ കോശി, ഫാ. ലെസ് ലി പി. ചെറിയാന്‍, ഫാ. ചെറിയാന്‍ ടി. സാമുവല്‍, ഫാ. ജോണ്‍ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version