പരിശുദ്ധ കാതോലിക്കാ ബാവായുടെ ചികിത്സ തുടരുന്നു – catholicatenews.in

പരിശുദ്ധ കാതോലിക്കാ ബാവായുടെ ചികിത്സ തുടരുന്നു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ് പരുമല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. കഴിഞ്ഞ ഡിസംമ്പര്‍ മാസത്തില്‍ പ്രോട്ടോണ്‍ തെറാപ്പിക്ക് വിധേയനായിരുന്നു. അതോടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോവിഡ് ബാധിതനായതോടെ കാന്‍സര്‍ ചികിത്സ കുറേ നാളത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിരുന്നു. അധികം താമസിയാതെ കോവിഡ് മുക്തനായി എങ്കിലും പിന്നീട് ഉണ്ടായ ന്യുമോണിയ ബാധ ചികിത്സാ പുരോഗതിക്ക് വെല്ലുവിളിയായിത്തീര്‍ന്നു. ഇതിനിടയില്‍ തിരുമനസ്സിലെ ശ്വാസകോശത്തിലുണ്ടായ ഫങ്കസ് ബാധയും പുരോഗതി സാധ്യമല്ലാതാക്കിത്തീര്‍ത്തു.

ഇപ്പോള്‍ രക്തത്തിലും മറ്റും അല്‍പ്പം അണുബാധ കാണുന്നുണ്ട്. അതിനാല്‍ വീണ്ടും കാന്‍സര്‍ ചികിത്സ നിര്‍ത്തിവച്ച് അണുബാധ തടയുവാനുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്‍പ്പം വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ റേഡിയേഷനും നടത്തുന്നുണ്ട്. പരുമല ആശുപത്രിയില്‍ ഏറ്റവും മികച്ച ചികിത്സയാണ് പിതാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് നിരന്തരമായി പിതാവിന്റെ ആരോഗ്യനില വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭ മുഴുവന്റെയും നിരന്തരമായ പ്രാര്‍ത്ഥന പരിശുദ്ധ ബാവാ തിരുമേനിക്ക് ഏറ്റവും അധികം ആവശ്യമായിരിക്കുന്ന സമയമാണിത്.  സര്‍വ്വശക്തനായ ദൈവം പരിശുദ്ധ ബാവാ തിരുമനസ്സിന് ആയുസും ആരോഗ്യവും നല്‍കുന്നതിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.

Exit mobile version