പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ സ്ഥാനാഭിഷിക്തനായി

പരുമല : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിന് കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മീകരായിരുന്നു.

വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ വേദപുസ്തകം വച്ച് വിശുദ്ധ സുവിശേഷ വായന നടത്തുകയും തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ സ്ഥാനാര്‍ത്ഥി വായിച്ച് ഒപ്പിച്ച് മുഖ്യകാര്‍മ്മീകന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയുടെ മുഖ്യ ഭാഗമായ മാര്‍ ക്ലിമ്മീസിന്റെ പരിശുദ്ധാഹ്വാന പ്രാര്‍ത്ഥന എല്ലാ മെത്രാപ്പോലീത്താമാരും സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ കൈവച്ച് നിര്‍വ്വഹിച്ചു. സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഓക്‌സിയോസ് ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ കാതോലിക്കാ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. കുര്‍ബ്ബാനയുടെ ശേഷിക്കുന്ന ഭാഗം പരിശുദ്ധ കാതോലിക്കാ ബാവാ പൂര്‍ത്തിയാക്കി.

കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണക്കാട് സെയ്ദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്, ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഔഗേന്‍ കുറിയാക്കോസ്, മന്ത്രി വി. എന്‍. വാസവന്‍, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ക്ക് മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി അറിയിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ കിറിള്‍ പാത്രിയര്‍ക്കീസ്,  എം. പി. മാരായ അന്റോ ആന്റണി, തോമസ് ചാഴികാടന്‍, എം. എല്‍. എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി. തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ പരിശുദ്ധ ബാവാ തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നു. ഭദ്രാസനങ്ങളും, വിവിധ സംഘടനകളും, വ്യക്തികളും, നവാഭിഷിക്തനായ ബാവാ തിരുമേനിക്ക് ഉപഹാരങ്ങള്‍ നല്‍കി.
Exit mobile version