ഫാ ഡോ.തോമസ് വർഗീസ് അമയിലും, റോണി വർഗീസ് എബ്രഹാമും ഓർത്തഡോക്സ് സഭാ ട്രസ്റ്റിമാർ

പത്തനാപുരം: ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ.ഡോ.തോമസ് വർഗീസിനെയും അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാമിനെയും മലങ്കര അസോസിയേഷൻ തെരെഞ്ഞെടുത്തു. പത്തനാപുരം മൗണ്ട് താബോർ ദയറായിലെ തോമാ മാർ ദീവന്നാസിയോസ് നഗറിൽ നടന്ന യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ 4203 പേർ വോട്ടിംഗിൽ പങ്കെടുത്തു. (മെത്രാപ്പോലീത്താമാർ ഉൾപ്പെടെയുളള വൈദികർ : 1381 അൽമായർ: 2822 )

വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച ഫാ.ഡോ. തോമസ് വർഗീസ് അമയിൽ 1991 വോട്ടും ഫാ.ഡോ.എം. ഒ ജോൺ 1849 വോട്ടും ഫാ. കോശി ജോർജ് വരിഞ്ഞവിള 355 വോട്ടും നേടി. അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ച റോണി വർഗീസ് എബ്രഹാമിന് 2772 വോട്ടും, സി എ.ജോർജ് മത്തായി നൂറനാലിന് 1125 വോട്ടും, ജോൺസൺ കീപ്പള്ളിലിന് 172 വോട്ടും പ്രൊഫ. ഇ. ജോൺ മാത്യു കൂടാരത്തിലിന് 125 വോട്ടും ലഭിച്ചു.

12 ന് ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിച്ചു. 1 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ഫാ.ഡോ.കെ.എം. ജോർജ് ധ്യാനം നയിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നോട്ടീസ് കൽപന വായിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രകൃതി ദുരന്തത്തിൽ കഴിയുന്നവരെ സഹായിക്കുവാനും സഭയുടെ ആശ്രമങ്ങൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവിടങ്ങളിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളെ കൃഷി ഭൂമികളാക്കി പ്രകൃതി സ്നേഹത്തിൽ അധിഷ്ഠിതമായി ജീവിക്കുവാനും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വിദേശ രാജ്യങ്ങളിൽ പഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ ആത്മീയ പരിപോഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിനന്ദനങ്ങൾ പരിശുദ്ധ ബാവാ നേർന്നു. അസോസിയേഷൻ അംഗങ്ങളായിരുന്ന മരിച്ചവരെ അനുസ്മരിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് ഭദ്രാസനങ്ങളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 47 വൈദികരും 94 അൽമായരും ഉൾപ്പെടെ 141 പേരെ അസോസിയേഷൻ മാനേജിങ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. വൈദിക , അത്മായ ട്രസ്റ്റി സ്ഥാനാർത്ഥിളെ പരിചയപ്പെടുത്തി, വോട്ടിംഗ് പ്രഖ്യാപിച്ചു. 5 മണിക്ക് വോട്ടിംഗ് അവസാനിച്ചു. തുടർന്ന് ഫല പ്രഖ്യാപനം നടത്തി.
തുടർന്ന് മാനേജിങ് കമ്മറ്റി അംഗങ്ങളായി നോമിനേറ്റ് ചെയ്തവരുടെ പേര് സഭാ വക്താവ് ഫാ ഡോ. ജോൺസ് എബ്രഹാം കോനാട്ട് വായിച്ചു.
കാതോലിക്കാ മംഗള ഗാനം, ദേശീയ ഗാനം, ആശിർവാദം എന്നിവയോടെ യോഗ നടപടികൾ അവസാനിച്ചു.

Exit mobile version