മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുപ്രവര്‍ത്തക സുഹൃദ് സംഗമത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി നടത്തിയ പ്രസംഗം

ത്രിയേക ദൈവത്തിന് സ്തുതി, ആദരണീയനായ പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍, ബഹുമാന്യരായ മന്ത്രിമാരെ, ജനപ്രതിനിധികളെ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെ, അഭിവന്ദ്യരായ സഹോദര മെത്രാപ്പോലീത്താമാരെ, ശ്രേഷ്ഠരായ വൈദീകരെ, പ്രിയമുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ദൈവനാമത്തില്‍ നിങ്ങള്‍ക്ക് സ്‌നേഹവന്ദനം ചൊല്ലുന്നു.

“ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികളായ നാമെല്ലാവരും. മലയാള നാട്ടിലെ ജനസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്നവരായ ഭരണാധികാരികളെയും, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളെയും, പ്രവര്‍ത്തകരെയും ഒരുമിച്ച് കാണുവാനും സ്‌നേഹ-സൗഹാര്‍ദ്ദങ്ങള്‍ പങ്കുവയ്ക്കുവാനുമാണ് ഈ സന്ധ്യയില്‍ ഇപ്രകാരമൊരു പൊതുപ്രവര്‍ത്തക സുഹൃദ് സംഗമം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുശിഷ്യനായ പരിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായാല്‍ എ.ഡി.52-ല്‍ സ്ഥാപിതമായ അതിപുരാതനമായ ഈ സഭയുടെ പ്രധാന ചുമതലക്കാരനായി സ്ഥാനമേറ്റതുമുതല്‍ ഇപ്രകാരമൊരു സംഗമം ക്രമീകരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ നിയന്ത്രണങ്ങളും മറ്റ് തിരക്കുകളും കാരണം ഇതുവരെ അതിന് സാധ്യമായില്ല. പൊതുപ്രവര്‍ത്തകരായ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുന്നതിലുള്ള സന്തോഷം ഞാന്‍ ആമുഖമായി അറിയിക്കുന്നു.

നമ്മുടെ നാടിന് സവിശേഷമായ ചില കീഴ്‌വഴക്കങ്ങളും ചരിത്രവുമുണ്ട്. പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചുകൊണ്ട്, നാടിന്റെ പൊതുന്മയ്ക്കായി ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നുചേര്‍ന്ന് എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ നാടിന് ഏറെ മുന്നോട്ടുപോകുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. നാടിന്റെ പൊതുവായ വികസനത്തിനും നന്മയ്ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങല്‍ നല്‍കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും സാധ്യമായിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്. വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷാ മേഖലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം നിസ്തുലമായ സംഭാവന സഭ നല്‍കിയിട്ടുണ്ട്. രാഷ്ട്രനിര്‍മ്മാണത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞകാലങ്ങളിലെന്നപോലെ സഭ ഇനിയും സന്നദ്ധമാണ്. സഹകരിക്കുവാന്‍ കഴിയുന്ന എല്ലാ പ്രസ്ഥാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സഭ പരിശ്രമിക്കും. ആയതിന് നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സഭക്ക് നല്‍കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സഭയുടെ ആരാധനയില്‍ രാഷ്ട്രത്തിന്റെ നേതാക്കളെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാരമ്പര്യമുണ്ട്. സഭയുടെ കൗദാശികമായ ചുമതലയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. ദൈവത്തോടുള്ള ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ട്, പ്രപഞ്ചത്തോടും സഹജീവികളോടുമുള്ള കരുതലും സ്‌നേഹവും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിയാണ് സഭ പിന്തുടരുന്നത്. ക്രൂശിന്റെ രൂപവും സങ്കല്‍പവും ഇതിനെ അനുസ്മരിപ്പിക്കും വിധമാണ്. സ്വര്‍ഗസന്നിധിയിലേക്ക് കരങ്ങളും കണ്ണുകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഓരോ വിശ്വാസിയും ഇരുവശങ്ങളിലേക്കും തങ്ങളുടെ സേവനത്തിന്റെ കരങ്ങളും ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അങ്ങനെയാണ് നിസ്തുലമായ ക്രൂശിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ക്രൂശിനോളം സഹനവും ത്യാഗവും കൈമാറുന്ന മറ്റൊരു പ്രതീകമില്ലായെന്ന് തന്നെ പറയാം. ഓരോ പൊതുപ്രവര്‍ത്തകനും സ്വാര്‍ത്ഥത വെടിഞ്ഞ് സമൂഹത്തിനുവേണ്ടി യാഗമായി മാറേണ്ടതുണ്ട്. ക്രിസ്തുവിന്റെ ക്രൂശ് തന്നെയാണ് പൊതുപ്രവര്‍ത്തകരുടെയും ഉത്തമ അടയാളം. നിസ്വാര്‍ത്ഥ സേവനമാണ് നിങ്ങളുടെ ഓരോരുത്തരുടെയും മുഖമുദ്ര.

മതങ്ങളും സമുദായങ്ങളും തമ്മിലുള്ള അനൈക്യവും അകലവും വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വാമി വിവേകാന്ദന്റെ വാക്കുകള്‍ പ്രസക്തമാണ്, “ഓരോരുത്തരും മറ്റുള്ളവരുടെ ആദ്ധ്യാത്മികതയെ ആഗിരണം ചെയ്യുകയും അതോടൊപ്പം സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും സ്വന്തം വളര്‍ച്ചാ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യണം”. ക്രിസ്തുവും ഇതേ സന്ദേശമാണ് ലോകത്തിന് നല്‍കിയത്, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കണം”. മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുപ്രവര്‍ത്തകന്റെയും കടമയാണിത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാന്‍ മതങ്ങള്‍ക്കും ഭരണകൂടത്തിനും വലിയ ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിന്റെയും പ്രസ്ഥാനങ്ങളുടെയും സൗഹാര്‍ദ്ദപരമായ ഏതു പരിശ്രമങ്ങള്‍ക്കും സഭയുടെ പരിപൂര്‍ണ പിന്തുണ നല്‍കുന്നത് സന്തോഷകരമാണ്. സാഹോദര്യത്തിന്റെ കുളിര്‍മഴ ആസ്വദിക്കുവാന്‍ കഴിയുന്ന ഇടമായി ഈ മലയാളനാട് മാറണം.

ആധുനികതയുടെയും വികസനത്തിന്റെയും കുതിച്ചുചാട്ടമാണ് സമൂഹത്തില്‍ ദൃശ്യമാകുന്നത്. എന്നാല്‍ ഇതിനിടയില്‍ ശ്വാസം മുട്ടി ജീവിക്കുന്ന മനുഷ്യരും ഉണ്ടെന്ന ബോധ്യമാണ് രാഷ്ട്രനേതാക്കള്‍ക്കും ആദ്ധ്യാത്മീകനേതാക്കള്‍ക്കും ഉണ്ടാകേണ്ടത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവര്‍ക്കും സുരക്ഷിതമായി പാര്‍ക്കുവാന്‍ ഭവനം ഉണ്ടാകണം. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണം. ചികിത്സയ്ക്ക് പണം ഇല്ലാത്തവര്‍ക്ക് സഹായം നല്‍കണം. വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗകര്യം നല്‍കണം. വാര്‍ദ്ധക്യത്തിലായവര്‍ക്ക് സംരക്ഷണം നല്‍കണം. ബുദ്ധിമാന്ദ്യവും മറ്റ് ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ കരുതണം. സഭയുടെ ഇവ്വിധമുള്ള സാമൂഹ്യസേവനശുശ്രൂഷകളില്‍ ഭരണകൂടത്തിന്റെയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. സഭയ്ക്ക് നിങ്ങളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാനും താത്പര്യമുണ്ട് എന്നത് സന്തോഷത്തോടെ അറിയിക്കുന്നു. നാം വിശ്വസ്തതയോടെയും ആത്മാര്‍ത്ഥമായും മുന്നിട്ടിറങ്ങിയാല്‍ സമാനമനസ്‌കരായ ധാരാളം ആളുകളുടെ പിന്തുണയോടെ വന്‍കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധ്യമാകും എന്നതാണ് എന്റെ സ്വന്തഅനുഭവം. നമ്മുടെ കരുതലിന്റെ കരങ്ങള്‍ സമൂഹത്തിന് പകരേണ്ടത് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പ്രഭാതമാണ്.

കോവിഡാനന്തര ജീവിതത്തിലേക്ക് ലോകം പാദമൂന്നുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്. ശാസ്ത്രലോകവും ഭരണകൂടവും ആദ്ധ്യാത്മീക ചിന്തകളും അതിജീവനത്തിനായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധ്യമാകും എന്നതിന് സംശയമില്ല. വര്‍ത്തമാനകാലം മാത്രം അടിസ്ഥാനമാക്കാതെ ഭാവികാലത്തെകൂടി കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ നമുക്ക് സാധ്യമാകണം. സമൂഹത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും നന്മയ്ക്കുമായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം. നിരന്തര പരിശ്രമം ആവശ്യമായിരിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും സഹകരണവും നല്‍കുന്നതിനുള്ള വേദിയായി ഇതിനെ നമുക്ക് കാണാം. ഒരുമിച്ച് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കുവാനും ഇനിയും വേദി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഏറെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തിരക്കിട്ട പരിപാടികള്‍ക്കിടയിലും ഈ സുഹൃദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങളോരോരുത്തരും കാണിച്ച താത്പര്യത്തിന് സഭയ്ക്കുവേണ്ടി ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ മഹനീയ സാന്നിധ്യം ഏറെ വിലപ്പെട്ടതാണ്. എല്ലാവരോടും സ്‌നേഹവും ആദരവും അറിയിച്ചുകൊണ്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി… നമസ്‌കാരം….

Exit mobile version