മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍, ഒക്‌ടോബര്‍ 14, 1 പി.എം. മുതല്‍ സമ്മേളിക്കും. ലോക ക്രൈസ്തവ ചരിത്രത്തില്‍ ആദ്യമായാണ് സഭയുടെ ഏറ്റവും വിപുലമായ ജനാധിപത്യസമിതി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഓണ്‍ലൈനായി സമ്മേളിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ ഭരണഘടന 71-ാം വകുപ്പ് അനുസരിച്ച് ഇടവക പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാരും, നിലവിലുളള മാനേജിംഗ് കമ്മറ്റി അംഗങ്ങളുമാണ് യോഗത്തില്‍ സംബന്ധിക്കുന്നത്.
വിദേശ രാജ്യങ്ങളിലേതടക്കം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 30 മെത്രാസനങ്ങളിലെ 1590 ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദീകരും, അല്‍മായരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പോലീത്തമാരും  ഉള്‍പ്പെടെ 4007 ആളുകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. കോവിഡ് 19 മഹാമാരി നിമിത്തം പള്ളി പ്രതിപുരുഷന്മാര്‍ക്ക് ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടുവാന്‍ കഴിയാത്ത സാഹചര്യവും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് മെത്രാസന അടിസ്ഥാനത്തില്‍ ഒരേ സമയം പ്രത്യേകം തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ സമ്മേളിച്ച് യോഗത്തില്‍ സംബന്ധിക്കുവാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്.
അസോസിയേഷന് തുടക്കം കുറിച്ചുകൊണ്ട് ഒക്‌ടോബര്‍ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് അസോസിയേഷന്‍ നഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് തിരുമേനി കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. അസോസിയേഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി 3 മണിക്ക് സഭാ മാനേജിംഗ് കമ്മറ്റി യോഗം നടക്കും.
14-ാം തീയതി രാവിലെ 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പരുമലയിലും മറ്റ് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന വിവിധ കേന്ദ്രങ്ങളിലും നടക്കും. പള്ളികളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ അധികാരപത്രം അതത് സ്ഥലങ്ങളിലെ രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ കാണിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിലായി അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അസോസിയേഷന്‍ യോഗത്തിന്റെ മുഖ്യ വരണാധികാരിയായി ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യനെ നിയമിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷനും ഉച്ചഭക്ഷണവും പൂര്‍ത്തിയാക്കികഴിഞ്ഞ് പ്രതിനിധികള്‍ യോഗാരംഭത്തിന് 30 മിനിറ്റ് മുമ്പ് യോഗ ഹാളുകളില്‍ പ്രവേശിച്ച് യഥാസ്ഥാനങ്ങളില്‍ ഇരിക്കേണ്ടതാണ്. ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും. വിവിധ കേന്ദ്രങ്ങളിലായി അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രതിപുരുഷന്മാരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും, കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും സ്വീകരിച്ചവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
പരുമലയിലെ അസോസിയേഷന്‍ നഗറില്‍ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പോലീത്താമാരും മാത്രമാണ് പങ്കെടുക്കേണ്ടത്. ഉച്ചയ്ക്ക് 12.30-ന് പരുമല പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ തിരുമേനിമാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുന്നില്‍ കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദീക ട്രസ്റ്റി, മെത്രാപ്പോലീത്താമാര്‍ എന്നീ ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിക്കും. തുടര്‍ന്ന് യോഗം ആരംഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 22-ാമത്തെ മലങ്കര മെത്രാപ്പോലീത്തായെയും 9-ാമത്തെ കാതോലിക്കായെയും ആണ് തെരഞ്ഞെടുക്കുന്നത്.
1876-ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ രൂപീകരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ആണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും വലിയ ഭരണസമിതി.
ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ ഭരണ സമിതി (പൊതുയോഗം) ആണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍. സഭയുടെ പരമാദ്ധ്യക്ഷനെയും മേല്‍പട്ടക്കാരെയും, വൈദീക-അല്‍മായ ട്രസ്റ്റിമാരെയും, മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് അസോസിയേഷന്‍ ആണ്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനെ തെരഞ്ഞെടുക്കുവാന്‍ കൂടുന്ന ഈ അസോസിയേഷനിലേക്ക് സഭാ മാനേജിംഗ് കമ്മറ്റിയുടെ ഒരു നാമനിര്‍ദ്ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ആണ് മാനേജിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മറ്റ് നാമനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തിനാല്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ  അസോസിയേഷന്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കും.
14-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തി നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
Exit mobile version