സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള നിയമനിർമ്മാണ ശുപാർശ തളളിക്കളയണം: ഓർത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര സഭാതർക്കം പരിഹരിക്കാനെന്ന വ്യാജേന  റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ് അദ്ധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന  നിയമനിർമ്മാണ ശുപാർശ തള്ളിക്കളയണമെന്ന്  മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഘടിത വിഭാഗത്തിൻറ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങൾ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളയണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും ഇsവക ജനങ്ങൾക്കുമുള്ള  പ്രതിക്ഷേധവും പ്രമേയത്തിലുണ്ടെന്നും  രാജ്യത്തിന്റെ നിയമമായ
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുന്നത് കൂടുതൽ സങ്കീർണ്ണമായ വ്യവഹാരങ്ങൾക്കും കലുക്ഷിതമായ കലഹങ്ങക്കും വേദിയൊരുക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ്, പാത്രിയർക്കീസ് വിഭാഗത്തിൻ്റെ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ശുപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്ക്കരണ കമ്മീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
2017 ലെ അന്തിമ വിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷൻ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും, വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും,  നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്.
മലങ്കര സഭ ഒരു ട്രസ്റ്റും ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളുമാണെന്ന സുപ്രീം കോടതി തീർപ്പനുസരിച്ച്, ഓരോ യൂണിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാം എന്ന ശുപാർശ, രാജ്യത്തിൻ്റെ ഭരണഘടനാ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. 2002ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് മളീമട്ടിൻറ മേൽനോട്ടത്തിൽ നടന്ന അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന  നടത്തിട്ടുള്ളതാണ്. ഈ കരട് ബില്ല് സർക്കാർ നടപ്പാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.
Exit mobile version