കോട്ടയം : സ്വന്തം വളർച്ചക്കൊപ്പം സഹജീവിയെയും കരുതുമ്പോഴാണ് ക്രിസ്തീയദൗത്യം പൂർത്തീകരിക്കപ്പെടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കോട്ടയം പഴയസെമിനാരിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭവന നിർമ്മാണ
ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.കഴിഞ്ഞവർഷം 101 കുടുംബങ്ങൾക്കായിരുന്നു സഭ സാമ്പത്തിക സഹായം നൽകിയത്. ഇത്തവണ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട 102 കുടുംബങ്ങൾക്ക് ഭവനനിർമ്മാണ സാമ്പത്തിക സഹായം വിതരണം ചെയ്തു. ലഭിച്ച 200ൽ അധികം അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരായ 102പേരെ തെരഞ്ഞെടുത്തത്.
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഭയുടെ വരുമാനത്തിന്റെ 60ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 51ലക്ഷം രൂപയാണ് ഭവന നിർമ്മാണ ധനസഹായ പദ്ധതിയിലൂടെ നൽകിയത്. ഭവനനിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർഗീസ് സ്വാഗതം ആശംസിച്ചു.അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.ജേക്കബ് ഫിലിപ്പ്,എൻ.എ.അനിൽമോൻ, കോശി ഉമ്മൻ,ജേക്കബ് കൊച്ചേരി,ഷാലു ജോൺ,സിബി ജോൺ എന്നിവർ പ്രസംഗിച്ചു. ചിത്രം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന നിർമ്മാണ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കുന്നു.അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ജേക്കബ് ഫിലിപ്പ്, ജിജു പി വർഗീസ് എന്നിവർ സമീപം.