ജോലിതേടി നാടുവിടുന്ന യുവതയെയും,നാട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെയും കരുതണം.

കേരളത്തെ നിക്ഷേപ സൗ​ഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശ്ലാഘനീയമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയാണ്. 1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വിവിധ വ്യവസായ​ഗ്രൂപ്പുകൾ വാ​ഗ്ദാനം ചെയ്തു എന്നത് പ്രശംസനീയമാണ്. ഈ നിക്ഷേപ താൽപ്പര്യങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലായാൽ അത് കേരളത്തിന്റെ ഭാവിതലമുറയെ ശോഭനമാക്കും.

മികച്ച തൊഴിലും ജീവിത നിലവാരവും സ്വപ്നംകണ്ട് കേരളത്തിൽ നിന്ന് വലിയ രീതിയിൽ കുടിയേറ്റം നടക്കുകയാണ്. യുവ തലമുറയുടെ നാടുവിടൽ തടഞ്ഞ് നിർത്താൻ സാധ്യമല്ല. പക്ഷേ, നമ്മുടെ നാട്ടിൽ തൊഴിൽരം​​ഗത്ത് വളർച്ച ഉണ്ടായാൽ തീർച്ചയായും അവർ സ്വന്തംനാടിന്റെ സുരക്ഷിത തണലിലേക്ക് മടങ്ങി വരികതന്നെചെയ്യും. സ്വന്തം നാടിന്റെ തണലിൽ മാതാപിതാക്കൾക്കൊപ്പം കഴിയാൻ തന്നെയാണ് അവർ

ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിനെ പ്രവാസികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിൽ രാഷ്ട്രീയം മറന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണ്. വികസനത്തെ പിന്തുണയ്ക്കുമെന്ന പ്രതിപക്ഷനിലപാടും പ്രശംസ അർഹിക്കുന്നു.

കുടിയേറ്റം കേരളത്തിന്റെ സാമൂഹിക -കുടുംബ അന്തരീക്ഷത്തെ വല്ലാതെ മാറ്റി മറിക്കുന്നുണ്ട് . മക്കൾ വിദേശത്തേക്ക് പോകുമ്പോൾ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ കാര്യത്തിൽ സഭയുടെ സജീവ ശ്രദ്ധ ഉണ്ടാകണമെന്ന് സിനഡ് ചർച്ച ചെയ്തു. വയോധികരായ മാതാപിതാക്കൾക്ക് ആരാധനയിൽ പങ്കുകൊള്ളുന്നതിനും, അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇടവകകൾ പ്രത്യേകം ശ്രദ്ധചെലുത്തണം. കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവസമൂഹത്തിന് ആ രാജ്യങ്ങളിൽ സഭ തണലാകണം. ആരാധനയിലും,ദൈവ വിശ്വാസത്തിലും ചേർന്ന് നിൽക്കുന്ന സമൂഹത്തിന് മദ്യ-മയക്കുമരുന്ന് ലഹരികളുടെ പ്രലോഭനങ്ങളെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പരിശുദ്ധ സുന്നഹദോസ് വിലയിരുത്തി.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സ്ത്രീകൾക്ക് വേദശാസ്ത്രം അഭ്യസിക്കാൻ അവസരം ഒരുക്കുന്നതിനെക്കുറിച്ച് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചർച്ച ചെയ്തു. ഇതിനായി ഒരു വർഷത്തെ കോഴ്സ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചന നടന്നത്. ‌സഭയുടെ സെമിനാരികൾ, ലൈബ്രറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോ​​ഗപ്പെടുത്തി സമ​ഗ്രമായ വേദപഠനത്തിനുള്ള സാധ്യതകൾ പരിശോധിക്കും. സഭയിലെ 60 വയസിന് മുകളിൽ പ്രായമുളളവർക്കായുള്ള സെന്റ് ജോസഫ് എൽഡേഴ്സ് ഫോറത്തിന്റെ ഭരണഘടന അം​ഗീകരിച്ചതായും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു. പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ചെന്നൈ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയെ നിയമിച്ചു

Exit mobile version