കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 40-ാം ദിന അടിയന്തിരം ഓഗസ്റ്റ് 19, 20 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തപ്പെടും.
19 ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.
20 ന് രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരം. തുടര്‍ന്ന് സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും.
കോവിഡ് 19 നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ വിശുദ്ധ കുര്‍ബ്ബാനാസമയത്ത് വിശ്വാസികള്‍ക്ക് ചാപ്പലിലും കബറിങ്കലും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 10 മണിക്ക് ശേഷം വിശ്വാസികള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കബറിടം സന്ദര്‍ശിക്കാവുന്നതാണ്.
പരിശുദ്ധ ബാവായുടെ 40-ാം അടിയന്തിരം പ്രമാണിച്ച് കോട്ടയം മുന്‍സിപ്പല്‍ പരിധിയില്‍പെടുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും ഉച്ചഭക്ഷണം നല്‍കപ്പെടുന്നതാണ്. ഗ്രിഗോറിയന്‍ ടി.വി, കാതോലിക്കേറ്റ് ന്യൂസ്, ഐറിസ് മീഡിയ എന്നിവയില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.