കോട്ടയം : 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധി എന്താണെന്ന് വ്യക്തമായ ശേഷമാണ് കീഴ്ക്കോടതികള്‍ ആ വിധി നടപ്പിലാക്കുവാനുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്. അതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് നാളിതുവരെ സര്‍ക്കാര്‍ ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ മുന്‍കൈയെടുത്തിട്ടുളളത്. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷം ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിധേയപ്പെടുകയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏവരും സ്വീകരിക്കേണ്ട സമീപനമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാധ്യമ വിഭാഗം അദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.
സുപ്രീം കോടതി വിധിയില്‍ തന്നെ നിയമനിര്‍മ്മാണത്തിന് സാധ്യതയുണ്ടെന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തികച്ചും ബാലിശമാണ്. കോടതി വിധി നടപ്പാക്കുകയല്ലാതെ ഒരു തരത്തിലും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കരുതെന്ന സുപ്രീം കോടതി വിധിയെ വിസ്മരിച്ചുകൊണ്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. നിയമ നിര്‍മ്മാണം നടത്തി സുപ്രീം കോടതി വിധി അട്ടിമറിക്കുവാന്‍ വേണ്ടി സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന കുല്‍സിത ശ്രമത്തില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗം പിന്‍മാറണമെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍ ദീയസ്‌കോറോസ് ആവശ്യപ്പെട്ടു.