കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികളായി ആശുപത്രികളിലും വീടുകളിലും കഴിയുന്നവര്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍, പരിഭ്രാന്തി, ഭീതി, കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള സാമ്പത്തിക തകര്‍ച്ച ഇവയെല്ലാം കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യമാണുളളത്. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിപാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ (Vipassana Emotional Support Centre) പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു.
1. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ആശുപത്രികളിലും ഭവനങ്ങളിലും കഴിയുന്ന രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വേണ്ടി സഭയുടെ എല്ലാ അദ്ധ്യാത്മിക കേന്ദ്രങ്ങളിലും ദയറാകള്‍, കോണ്‍വെന്റുകള്‍ മുതലായവ(സാധ്യമാകുന്ന ഇടവകകളിലും) 24 മണിക്കൂര്‍ സമയക്രമം നിശ്ചയിച്ചു അഖണ്ഡ പ്രാര്‍തഥനകള്‍ (Chain prayer/ Prayer Tower) കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു ക്രമീകരിക്കുക.
2. ഇടവകയിലോ ഇടവക സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലോ ഉളള ആളുകള്‍ക്ക് ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുന്നതിന് വൈദീകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. പ്രഗത്ഭരായ മനഃശാസ്ത്രഞന്മാരും വേദശാസ്ത്രഞന്മാരും ഉള്‍പ്പെടുന്ന ഒരു സംഘം വൈദീകര്‍ക്ക് ഓണ്‍ലൈന്‍ ആയി പരിശീലനം നല്‍കും. കോവിഡ് പ്രതിസന്ധി മൂലം വിവിധ തരത്തില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കുവാന്‍ വൈദികരെ സജ്ജരാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
3. രോഗം മൂലമോ രോഗഭീതി മൂലമോ കുടുംബാംഗങ്ങളുടെ മരണമോ മറ്റെന്തെങ്കിലും കാരണത്താലോ അതിതീവ്രമായ നിരാശയും മാനസിക സംഘര്‍ഷവും അനുഭവിക്കുന്നവര്‍ക്ക് വ്യക്തിഗത കൗണ്‍സലിങ് (One to one counselling) ഫോണിലൂടെയോ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ നല്‍കുന്നതാണ്. ഇത്തരത്തില്‍ ഇമോഷണല്‍ സപ്പോര്‍ട്ട് ആവശ്യമുളളവര്‍ വിപാസനയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. Call or Whatsapp at: +918747581533