കുറിഞ്ഞി പള്ളി കേസ് വാര്‍ത്ത തെറ്റിദ്ധാരണാജനകം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് പള്ളിയെ സംബന്ധിച്ച് ഉണ്ടായ ബഹു. സുപ്രീം കോടതി വിധി വളച്ചൊടിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 1934-ലെ ഭരണഘടന അനുസരിച്ച് പള്ളി ഭരിക്കപ്പെടണമെന്നുള്ള ഹൈക്കോടതി വിധിയല്ല അസ്ഥിരപ്പെടുത്തിയിരിക്കുന്നത്. ആ ഇടവകയില്‍ മൂന്ന് കുടുംബക്കാര്‍ക്ക് മാത്രമായി നിലനില്‍ക്കുന്ന പ്രത്യേകമായ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നതിലേക്കാണ് ആ കുടുംബക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അവരുടെ വാദം വീണ്ടും കേട്ട് ഹൈക്കോടതി തീരുമാനം കൈക്കൊള്ളുവാനാണ് ബഹു. സുപ്രീം കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2015-ല്‍ ഉണ്ടായ ഹൈക്കോടതി വിധി സംബന്ധിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി ഭരണഘടനയുടെ സാധുത സംബന്ധിച്ച് അത് എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന് അസന്നിഗ്ദമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ നിന്നും പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.

 

Exit mobile version