അഭി. ഡോ. മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ 10-ാം ചരമ വാര്‍ഷികം
പെരുമ്പാവൂര്‍ വെങ്ങോല, തോമ്പ്രാ-കല്ലറയ്ക്കപറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും മകനായി 1924 ഓഗസ്റ്റ്് 9-ന് കെ. കെ. മാത്തുക്കുട്ടി ജനിച്ചു. കുറുപ്പംപടി എം.ജി.എം. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പണ്ഡിതനും പ്രസംഗകനുമായിരുന്ന പിതൃസഹോദരന്‍ ഫാ. കെ. പി. പൗലോസിന്റെ പ്രേരണയാലും, സഹോദരിയും കിഴക്കമ്പലം ദയറാ അംഗവുമായിരുന്ന സിസ്റ്റര്‍ മേരിയുടെ ജീവിതം പ്രചോദിപ്പിച്ചതിനാലും സന്യാസ ജീവിതം തിരഞ്ഞെടുത്തു. കോട്ടയം സി.എം.എസ്. കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എസ്.സി-യും ഒസ്മാനിയാ സര്‍വ്വകലാശാലയില്‍ നിന്നും എം.എ-യും സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി.ഡി-യും കരസ്ഥമാക്കി. ജബല്‍പൂര്‍ ലീയോനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ ഗ്രീക്കു ഭാഷയില്‍ ഉപരിപഠനവും നടത്തി.
പ. ബസേലിയോസ് ഗീവറുഗീസ് ദ്വീതിയന്‍ ബാവ തുരുത്തി സെന്റ് തോമസ് പള്ളിയില്‍ വച്ച് 1943-ല്‍ കോറൂയോ പട്ടം നല്‍കി. അഭി. ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മൂവാറ്റുപുഴ അരമന ചാപ്പലില്‍ വച്ച് ശെമ്മാശുപട്ടവും, 1951-ല്‍ കശ്ശീശ്ശാ പട്ടവും നല്‍കി. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രഥമ ബലിയര്‍പ്പിച്ചു. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിലും, കോട്ടയം എം.ഡി. ഹൈസ്‌കൂളിലും അദ്ധ്യാപകനായിരുന്നു. സെക്കന്തരാബാദ്, വളയംചിറങ്ങര, കല്‍ക്കട്ട, ജബല്‍പൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വഹിച്ചു. 1967 മുതല്‍ 1972 വരെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ ഗ്രീക്ക്, സഭാചരിത്രം, കൗണ്‍സലിംഗ് വിഷയങ്ങളില്‍ അദ്ധ്യാപകനായും വാര്‍ഡനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1972 മുതല്‍ 1977 വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്ലയിനായി.
1977 മെയ് 16-ന് മാവേലിക്കരയില്‍ നടന്ന അസ്സോസിയേഷന്‍ 54-ാം വയസില്‍ മേല്‍പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഈ സമയത്താണ് നട്ടെല്ലില്‍ വളര്‍ന്ന ട്യൂമര്‍ തിരിച്ചറിയുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ശരീരത്തിലെ നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കാതെ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ മുഴുവനായി നീക്കം ചെയ്തു. 1977 ഓഗസ്റ്റില്‍ റമ്പാനായി. 1978 മെയ് 15-ന് പഴഞ്ഞി പള്ളിയില്‍ വച്ച് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയാക്കി. 1981 ഫെബ്രുവരിയില്‍ മെത്രാപ്പോലീത്താ ആയി. 1982 ജൂണ്‍ 1-ന് രൂപീകരിച്ച ഇടുക്കി മെത്രാസനത്തിന്റെ പ്രഥമ ഇടയനായി നിയമിതനായി. മെത്രാസനത്തിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചു. കുങ്കിരിപ്പെട്ടിയില്‍ അരമന നിര്‍മ്മിച്ചു. നെറ്റിത്തൊഴുവില്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു. മര്‍ത്തമറിയം വനിതാ സമാജം, ബാലികാ സമാജം, മദ്യവര്‍ജ്ജന ധാര്‍മ്മികോന്നത സമിതി, മലങ്കരസഭാ മാസിക എന്നിവയുടെ പ്രസിഡന്റ്, ദിവ്യബോധനം വൈസ് പ്രസിഡന്റ്, കോര്‍പറേറ്റ് കോളേജുകളുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
1992 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്ക മെത്രാസനത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് മുഖ്യപങ്കാളിത്തം വഹിച്ചു. 2009 ഏപ്രിലില്‍ ആരംഭിച്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന്റെയും പ്രഥമ മെത്രാപ്പോലീത്താ ആയിരുന്നു അഭിവന്ദ്യ തിരുമേനി. 2009-ല്‍ മട്ടന്‍ടൗണില്‍ 3 ഏക്കര്‍ സ്ഥലം വാങ്ങുകയും 8000 സ്‌ക്വയര്‍ ഫീറ്റില്‍ അരമന പണിയുകയും ചെയ്തു. 2010 സെപ്റ്റംബറില്‍ മെത്രാസന ആസ്ഥാനം പുതിയ അരമനയില്‍ ആരംഭിച്ചു. അങ്കമാലി, കോട്ടയം മെത്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മെത്രാസനങ്ങളിലായി 14 വര്‍ഷവും, അമേരിക്കന്‍ മെത്രാസനത്തില്‍ 19 വര്‍ഷവും ഇടയപരിപാലനം നടത്തി. ഇംഗ്ലീഷിലും മലയാളത്തിലുമായി 22-ല്‍ അധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. “വി. കുര്‍ബ്ബാനയുടെ ലഘുപഠനം” എന്ന കൃതിയാണ് ആദ്യഗ്രന്ഥം.
മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായകമായ നാഴികക്കല്ലായിരുന്നു സ്ത്രീകള്‍ക്ക് ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിനും, ഇടവകയുടെ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശം ലഭ്യമാക്കി എന്നത്. 2007 ഫെബ്രുവരിയില്‍ നടന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഈ വിഷയം അവതരിപ്പിച്ചത് അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിയായിരുന്നു. “മലങ്കര സഭയിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്” എന്ന് അഭിവന്ദ്യ പിതാവിനെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
“മെത്രാപ്പോലീത്തായ്ക്ക് സ്വര്‍ണവടിയും സ്വര്‍ണ സ്ലീബായും ആവശ്യമില്ല. ലളിത ജീവിതമാണ് ആവശ്യം. അതിനാല്‍ തടികൊണ്ടുള്ള വടിയും സ്ലീബായും മതി…” മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത ലാളിത്യവും വിശുദ്ധിയും അനേകരെ ആകര്‍ഷിച്ചു. സമ്പന്നതയില്‍ വിരാജിക്കുന്ന അമേരിക്കന്‍ നാടുകളില്‍ ദീര്‍ഘകാലം താമസിച്ചിട്ടും തടിക്കുരിശും വടിയും പിടിച്ച് സ്‌നേഹത്തിന്റെ ദിവ്യദൂത് പകര്‍ന്ന അദ്ദേഹം അമേരിക്കയിലെ വിശ്വാസസമൂഹത്തിന്റെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യുവാക്കളുടെ മനസുകളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും, നിരവധി ചെറുപ്പക്കാര്‍ സഭയുടെ വൈദികരായി ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2011-ല്‍ അമേരിക്കയില്‍ നിന്ന് തിരികെ പോരുമ്പോള്‍ ശുശ്രൂഷാകാലത്ത് ലഭിച്ച മുഴുവന്‍ തുകയും നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന് നല്‍കി. “ഈ പണം ഇവിടുത്തെ മെത്രാച്ചനായിരുന്നപ്പോള്‍ കിട്ടിയതാണ്, ഇത് ഇവിടുത്തെ മെത്രാസനത്തിനുള്ളതാണ്, എനിക്ക് കാശിന് ആവശ്യമില്ല”. കേരളത്തിലെത്തിയ തിരുമേനി തന്റെ വിശ്രമജീവിതം ചെലവഴിക്കുവാന്‍ കോട്ടയം പാമ്പാടി ദയറാ തെരഞ്ഞെടുത്തു. 2012 ഡിസംബര്‍ 9-ന് 88-ാം വയസില്‍ ഇഹലോകത്തില്‍ നിന്നും തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.
അഭി. തിരുമേനി കബറടങ്ങിയിരിക്കുന്ന വളയംചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഡിസംബര്‍ 8, 9 തീയതികളില്‍ സമുചിതമായി ആഘോഷിക്കുന്നു.