എപ്പിസ്‌ക്കോപ്പായുടെ ദൗത്യവും യോഗ്യതകളും – ഫാ. ഡോ. റ്റി. ജെ. ജോഷ്വ – catholicatenews.in

എപ്പിസ്‌ക്കോപ്പായുടെ ദൗത്യവും യോഗ്യതകളും – ഫാ. ഡോ. റ്റി. ജെ. ജോഷ്വ

ഓര്‍ത്തഡോക്‌സ് സഭയില്‍ ആസന്ന ഭാവിയില്‍ ഏഴു എപ്പിസ്‌ക്കോപ്പാമാരെ തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. അതിനുള്ള നടപടികള്‍ പലരും ആരംഭിച്ചിട്ടുള്ളതായും അറിയാം. ഈ പശ്ചാത്തലത്തില്‍ ശീര്‍ഷകത്തില്‍ ഉന്നയിച്ചിട്ടുള്ള രണ്ടു കാര്യങ്ങളെക്കുറിച്ച് ഗൗരവമായ പരിചിന്തനം സഭാതലത്തില്‍ തന്നെ ഉണ്ടാകേണ്ടതാണെന്നു ഞാന്‍ ചിന്തിക്കുന്നു.

 ദൗത്യം; അപ്പോസ്‌തോലിക കാലം മുതല്‍ സഭയില്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനം നിലനില്‍ക്കുന്ന ഒന്നാണ്. പൗലോസ് ശ്ലീഹാ, തീമോത്തിയോസിനും തീത്തോസിനും എഴുതുന്ന കത്തുകളിലും, മിലേത്തോസില്‍ വച്ച് എഫേസൂസിലെ സഭയിലെ ഇടയന്മാരെ വരുത്തി അവരോടു നടത്തുന്ന പ്രബോധനത്തിലും (അ.പ്ര. 20:18-35) എപ്പിസ്‌ക്കോപ്പാമാരുടെ (കശീശന്മാരെന്നും വിശേഷിപ്പിച്ചിട്ടുണ്ട്) യോഗ്യതകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

ഒന്നാമത്, സഹപ്രവര്‍ത്തകരായ വൈദികരോടുള്ള ബന്ധം: മേലധികാരിയും കീഴ് ജീവനക്കാരുമെന്ന സങ്കല്പം ആരുടെയും മനസ്സില്‍ ഉണ്ട് എന്നു ഞാന്‍ കരുതുന്നില്ല. വൈദി കരുമൊത്ത് കൂട്ടായ പ്രവര്‍ത്തനമാണ്. ഇടവക തലത്തിലുള്ള വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും, മാര്‍ഗ്ഗദര്‍ശനം നല്‍കുകയുമാണ് വേണ്ടത്. മാസം തോറും വൈദിക സമ്മേളനം ക്രമമായി നടത്തുകയും വൈദികരുടെ തുടര്‍പഠനം സാധ്യമാകത്തക്കവണ്ണമുള്ള ക്ലാസ്സുകള്‍ ക്രമമായിട്ടുണ്ടാവുകയും വേണം. ഓരോ വൈദികനോടുമുള്ള ആത്മബന്ധം സര്‍വ്വപ്രധാനമാണ്. അവരുടെ പ്രയാസങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനും തക്കസമയത്ത് തക്ക പ്രതിവിധികള്‍ക്കു സഹായിക്കുകയും വേണം.

രണ്ടാമത്, ഇടവകകേളാടുള്ള ബന്ധം: ഇന്ന് ഇടവക സന്ദര്‍ശനം, വിവാഹം നടത്താനും, ശവമടക്കാനും, പെരുന്നാള്‍ നടത്താനും മറ്റുമായി മാറിയിരിക്കുന്നു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഔദ്യോഗികമായ സന്ദര്‍ശനം ഉണ്ടാകണം. ശനിയാഴ്ച വൈകിട്ട് എത്തി സന്ധ്യാനമസ്‌ക്കാരം, പ്രസംഗം ഇവ കഴിഞ്ഞ് പള്ളിക്കമ്മറ്റിക്കാരെ കാണുകയും ആശയ വിനിമയം നടത്തുകയും ചെയ്യുക; ഞായറാഴ്ച വി. കുര്‍ബ്ബാന കഴിഞ്ഞ് ആദ്ധ്യാത്മിക സംഘടനകളെയും, അവയുടെ കണക്ക്, മിനിട്‌സ് മുതലായ രേഖകള്‍ പരിശോധിച്ച് അംഗീകരിക്കുക-ഇങ്ങനെയെല്ലാം സന്ദര്‍ശന പരിപാടിയിയില്‍ ഉള്‍പ്പെടുന്നു. ഇടവകയില്‍ രോഗികളായും, വാര്‍ദ്ധക്യത്തിലും കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക-ഇതെല്ലാം കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് മടങ്ങുക. അപ്പോള്‍ ഇടവക ജനങ്ങളും അവരുടെ മുഖ്യ ആത്മീയ പിതാവുമായുള്ള ബന്ധം അനുഗ്രഹപ്രദമായി മാറും. ഓരോ ഇടവകയെപ്പറ്റിയുമുള്ള സ്ഥിതി വിവരം എപ്പിസ്‌ക്കോപ്പായുടെ പക്കല്‍ ഉണ്ടായിരിക്കണം ഇടവക സന്ദര്‍ശനത്തിനു മുമ്പ് അതു നോക്കി മനസ്സിലാക്കിയിരിക്കുന്നത് പ്രയോജനകരമായിരിക്കും.

ഇതുവരെ ദൗത്യങ്ങളെപ്പറ്റിയാണ് പരാമര്‍ശിച്ചത് വളരെ പ്രധാനപ്പെട്ട കാര്യമാണ് യോഗ്യതകള്‍ എന്നുള്ളത്.

സ്വഭാവവും വ്യക്തിത്വവും: ഒരു പ്രാര്‍ത്ഥനാമനുഷ്യന്‍ എന്നുള്ളതാണ് പ്രാഥമിക യോഗ്യത. അതുകൊണ്ടാണ് മുമ്പ് ദയറാകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. അവിടുത്തെ നിഷ്ഠാപൂര്‍വ്വമായ ജീവിതവും, ആദ്ധ്യാത്മിക പരിശീലനങ്ങളും ആ വ്യക്തിത്വത്തെ  രൂപപ്പെടുത്തുവാന്‍ സഹായകമായിരിക്കും. ആ പാരമ്പര്യം നിലനി ര്‍ത്താന്‍ വേണ്ടി ഒരു ദിവസത്തേക്കായാലും റമ്പാന്‍ സ്ഥാനം നല്‍കി ദയറായക്കാരന്റെ വേഷമണിയിച്ച ശേഷമേ എപ്പിസ്‌ക്കോപ്പായാക്കുകയുള്ളു. റമ്പാന്‍ സ്ഥാനം ഒരു പട്ടമല്ല പലരുടെയും ധാരണ, കശീശ സ്ഥാനം കഴിഞ്ഞിട്ടുള്ള പട്ടമാണ് റമ്പാന്‍ പദവിയെന്നാണ്. ശെമ്മാശനായിരിക്കുമ്പോഴും റമ്പാനാകാം. നമ്മുടെ ഔഗേന്‍ ബാവാ ശെമ്മാശനായിരിക്കുമ്പോള്‍ റമ്പാന്‍ സ്ഥാനം സ്വീകരിച്ച ആളാണ്. മസ്‌നപ്‌സാ-(ശിരോവസ്ത്രം) ദയറായക്കാരന്റെ വേഷമാണ്. എപ്പിസ്‌ക്കോപ്പാ അത് അണിയുന്നത് അദ്ദേഹം ഒരു ദയറായക്കാരനെന്ന ബോധ്യം എപ്പോഴും നിലനിറുത്തുവാനാണ്.

നോമ്പ്, നമസ്‌ക്കാരം, ആരാധന, ജാഗരണം, ഇവ നിഷ്ഠാപൂര്‍വ്വം നടത്തുന്ന ആള്‍ ആയിരിക്കണം. മെത്രാന്‍ ആകാന്‍ വേണ്ടിയല്ല ഇവയുടെ അനുഷ്ഠാനം, തന്റെ ആദ്ധ്യാത്മികതയും ഭക്തി ജീവിതവും നിലനിറുത്താനും ശക്തിപ്പെടുത്താനുമാണ്. അവിവാഹിതനാകാന്‍ ഒരാള്‍ തീരുമാനിക്കുന്നതു തന്നെ തന്റെ ആദ്ധ്യാത്മികത ചിട്ടപ്പെടുത്താനും പുഷ്ടിപ്പെടുത്താനുമാണ്. അവിവാഹിതനാണെങ്കില്‍ എപ്പിസ്‌ക്കോപ്പാ, സ്ഥാനത്തേക്ക് യോഗ്യന്‍ എന്നുള്ള ഒരു ധാരണ മാറ്റണം. ആ വ്യക്തിയുടെ ജീവിതവും, ഭക്തി നിഷ്ഠയുമാണ് പരിഗണിക്കേണ്ടത്.

വിജ്ഞാനം: ഇന്നത്തെ സമൂഹത്തില്‍ നേതൃത്വത്തിലെത്തുന്നവര്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ അല്ലെങ്കില്‍ അവഗണിക്കപ്പെടും. സമകാലീന പ്രശ്‌നങ്ങളെപ്പറ്റി വിലയിരുത്താ
നും, ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കാനും കഴിയേണ്ട ആളാണ്. സെമിനാരി പഠനം കഴിഞ്ഞു എന്നതുകൊണ്ടുമാത്രമായില്ല. നല്ല വായനയും പഠനവും തുടരുന്ന വ്യക്തി ആയിരിക്കണം. ആദ്ധ്യാമിക വിഷയങ്ങളെക്കുറിച്ചു മാത്രമല്ല, സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റിയും അവലോകനം ചെയ്യാന്‍ പ്രാ പ്തിയുണ്ടായിരിക്കണം.

സഭയുടെ ചരിത്രം, വിശ്വാസം, കാനോന്‍, അനുഷ്ഠാ നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിജ്ഞാനം അനിവാര്യമാണ്. വേദപരിജ്ഞാനമില്ലാത്ത ഒരാള്‍ക്ക് വചന ശുശ്രൂഷ ഫലപ്രദമായി നടത്തുവാന്‍ സാധ്യമല്ല. നിരന്തരമായ വായന, ധ്യാനം, പഠനം എന്നിവയില്‍ക്കൂടി ആര്‍ജിക്കേണ്ടതാണ്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ നമ്മുടെ ഇടവകയില്‍ നു ഴഞ്ഞുകയറുമ്പോള്‍ നമ്മുടെ ജനങ്ങളെ വിശ്വാസത്തില്‍ പ്രബുദ്ധരാക്കേണ്ട ആവശ്യകത കൂടുതലാണ്.

പഴയതലമുറയിലെ ഒരു പിതാവായ കുറിച്ചി ബാവായെ ഞാന്‍ ഓര്‍ക്കുന്നു. വേദപുസ്തക വിജ്ഞാനത്തില്‍ അദ്വിതീയനായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി, മി. പോള്‍ വര്‍ഗീസായിരിക്കുമ്പോള്‍ അദ്ദേഹത്തോട് ബാവാ വേദപുസ്തക സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചു പരിശോധിച്ചിട്ടുള്ളത്  ഞാന്‍ ഓര്‍ക്കുന്നു. ഒരു ഞായറാഴ്ച പോലും അന്നത്തെ ഏവന്‍ഗേലിയോന്‍ അധിഷ്ഠിതമായ പ്രസംഗം അദ്ദേഹം നടത്താതിരുന്നിട്ടില്ല. പ്രബുദ്ധരായ വൈദികര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിയോഗിക്കുമായിരുന്നു.

ആരാധന: ശബ്ദമാധുര്യം ഒരു കൈമുതലാണെന്നു പറയാം. അതിനെക്കാള്‍ പ്രധാനം ഭക്തിസാന്ദ്രമായ വിധത്തില്‍ അനുഷ്ഠിക്കുന്നതാണ്, ജനങ്ങളെ പ്രീതിപ്പെടുത്താനോ, അവരുടെ പ്രശംസ ആര്‍ജിക്കാനോ അല്ല ശ്രദ്ധിക്കേണ്ടത്. സ്വര്‍ഗ്ഗീയമായ അന്തരീക്ഷത്തിലേക്കു കടന്ന് ശുശ്രൂഷയില്‍ ആമഗ്നമായി അനുഷ്ഠിക്കുമ്പോള്‍ ശബ്ദ മാധുര്യമല്ല പ്രധാനം, നമ്മുടെ ഏകാഗ്രതയും, സാന്നിധ്യബോധവുമാണ്. ആരാധനയ്ക്കുള്ള ഒരുക്കം സര്‍വ്വപ്രധാനമാണ്. തലേ ദിവസം സന്ധ്യമുതല്‍ ആരംഭിക്കുന്നു. രാത്രിനമസ്‌ക്കാരം രഹസ്യപ്രാര്‍ത്ഥനകള്‍ മുതലായവ നടത്തി, മറ്റുകാര്യങ്ങളിലേക്ക് മനസ്സ് വ്യാപരിക്കാന്‍ ഇടയാകാതെ നിഷ്ഠാപൂര്‍വ്വം ആരാധനയിലേക്കു വരേണ്ടതാണ്. കാര്‍മ്മികന്റെ ഓരോ ചലനവും താഴെ നില്‍ക്കുന്ന ഭക്തജനങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.

ആരാധനയുടെ അവിഭാജ്യഘടകമാണ് പ്രസംഗം. കണ്ടതും കേട്ടതും ഒക്കെ പറയാതെ ഏവന്‍ഗേലിയോനെ ആധാരമാക്കി സമയക്ലിപ്തതയോടെ പ്രസംഗം നടത്തേണ്ടത് ആവശ്യമാണ്. അത് തലേ ദിവസം തന്നെ ഒരുങ്ങി പരിശുദ്ധാത്മ നല്‍വരത്താല്‍ നിറവേറ്റേണ്ട ഒന്നാണ്. ഒരു എപ്പിസ്‌ക്കോപ്പായുടെ വചനങ്ങള്‍ വിശ്വാസികള്‍ ശ്രദ്ധയോടും, താല്പര്യത്തോടും ശ്രദ്ധിക്കുന്നതാണെന്നോര്‍ക്കണം.

സാമ്പത്തിക അച്ചടക്കം: ഇടവക സന്ദര്‍ശനത്തിലും, കൂദാശാനുഷ്ഠാനത്തിലും എല്ലാം ജനങ്ങള്‍ കൈമുത്തു നല്‍കും. ഇപ്പോള്‍ ഗള്‍ഫ് പണം ഒഴുകിയെത്തുന്നതുകൊണ്ട് ഗണ്യമായ തുക നല്‍കുകയും ചെയ്യും. അതിനിടയിലാണ് ഗള്‍ഫ് സന്ദര്‍ശനം ഉണ്ടാകുന്നത്. ഇതെല്ലാം ധനാഗമ വഴികളായിത്തീരും. ചിലര്‍ ലക്ഷുറി കാറുകള്‍ വാങ്ങിക്കും. അതു ഇടയ്ക്ക് മാറിക്കൊണ്ടിരിക്കും. നമ്മുടെ ഒരു തിരുമേനിക്ക് പേഴ്‌സണല്‍ അക്കൗണ്ട് ഇല്ല. കൈമുത്തു കിട്ടുന്നതിനു രസീത് കൊടുക്കും. മാത്രമല്ല ആ തുക അദ്ദേഹം നടത്തുന്ന ചാരിറ്റബിള്‍ പ്രസ്ഥാനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ താല്പര്യം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് ആത്മീയതയെല്ലാം മങ്ങിപ്പോകും. മെത്രാന്‍ ആയാലും സന്യാസിയാണെന്ന ചിന്ത ആവശ്യമാണ്. ഇക്കാര്യം പ്രസംഗിക്കാനല്ല; പ്രാവര്‍ത്തികമാക്കാനാണു ആവശ്യപ്പെടുന്നത്.

ഇക്കാര്യങ്ങള്‍ കുറിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് വളരെപ്പേര്‍ സ്ഥാനം മോഹിച്ച് രംഗത്തുണ്ടെന്നും അതിനുള്ള പ്രചരണങ്ങള്‍ നടത്തുന്നു എന്നും കേട്ടതിന്റെ വെളിച്ചത്തിലാണ്. സഭാ നേതൃത്വവും, വിശ്വാസികളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ചു മാത്രമേ തെരഞ്ഞെടുപ്പു നടത്താവൂ എന്ന് തീരുമാനിക്കണം.

Exit mobile version