മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലം – പി.എസ്.ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍ : ഇന്ത്യന്‍ ദേശീയതയോട് ഏറെ ചേര്‍ന്നു നിന്നു കൊണ്ട് സാമൂഹ്യ പുരോഗതിക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ആയിരുന്ന തോമസ് മാര്‍ അത്താനാസിയോസിന്റെ 4-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ബഥേല്‍ അരമനയില്‍ സംഘടിപ്പിച്ച മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ദാനത്തിലും, നവാഭിഷിക്തരായ മെത്രാപ്പോലീത്തന്മാര്‍ക്കും സഭാസ്ഥാനികള്‍ക്കും നല്കിയ സ്വീകരണത്തിലും മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച യോഗം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു. ക്രാന്തദര്‍ശിയായ മാര്‍ അത്താനാസിയോസ് സഭാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തി. സാറാ ജോര്‍ജ് മുത്തൂറ്റിന് മാര്‍ അത്താനാസിയോസ് എക്‌സലന്‍സ് അവാര്‍ഡ് ഗവര്‍ണര്‍ നല്കി. ബഥേല്‍ പത്രിക സമര്‍പ്പണം ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌ക്കോപ്പാ, തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, കൊടിക്കുന്നില്‍ സുരേഷ് എം.പി, സജി ചെറിയാന്‍ എം.എല്‍ എ, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍, ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, ഫാ.ബിജു റ്റി. മാത്യു, ഫാ.ജോസഫ് കുര്യാക്കോസ്, രാജന്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാഥിതിക്കളയും മെത്രാപ്പൊലീത്തന്മാരെയും ബഥേല്‍ അരമന പളളിയില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ആഘോഷപൂര്‍വം സ്വീകരിക്കുകയുണ്ടായി.

മാര്‍ അത്താനാസിയോസ് കബറടങ്ങിയിരിക്കുന്ന ഓതറ സെന്റ് ജോര്‍ജ് ദയറായില്‍ സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് അനുസ്മരണ പ്രസംഗം നടത്തി. നാളെ രാവിലെ 7 മണിക്ക് നടക്കുന്ന വി.കുര്‍ബാനയ്ക്ക് കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

Exit mobile version