ഹിതപരിശോധനാ നീക്കം നിയമവിരുദ്ധം   – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് – catholicatenews.in

ഹിതപരിശോധനാ നീക്കം നിയമവിരുദ്ധം   – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

കോട്ടയം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുവാനായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍  ശുപാര്‍ശപ്രകാരം ഹിതപരിശോധന നടത്തുവാനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.  കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ല് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമായിരിക്കെ അതിന് കടകവിരുദ്ധമായി നിയമനിര്‍മ്മാണം നടത്തുന്നത് അധാര്‍മ്മികമാണ്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി നിയമം നിര്‍മ്മിക്കുവാന്‍ സാധിക്കുമെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥ തന്നെ താറുമാറായി തീരും.

മലങ്കര സഭാ തര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി 2017-ല്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും ജനാധിപത്യതത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചാണ് ആ ട്രസ്റ്റ് ഭരിക്കപ്പെണ്ടേതെന്നും സുപ്രീംകോടതി ഒന്നിലധികം സ്ഥലത്ത് എടുത്ത് പറഞ്ഞിട്ടുളള കാര്യമാണ്. ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യാനുസരണം ട്രസ്റ്റിന്റെ സ്വത്തുക്കള്‍ പിടിച്ചടുക്കുവാനോ, കൈമാറ്റം ചെയ്യുവാനോ, വിഭജിക്കുവാനോ ആര്‍ക്കും സാധിക്കില്ല. 1934 ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് അതിന് യാതൊരു ന്യൂനതയും സംഭവിക്കില്ലെന്നും ബഹു. സുപ്രീം കോടതി  ഒന്നിലധികം പ്രാവശ്യം വ്യക്തമാക്കിയിട്ടുളളതാണ്.

ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ലില്‍ പറഞ്ഞിരിക്കുന്ന പല വ്യവസ്ഥകളും പാത്രിയര്‍ക്കീസ് വിഭാഗം 2019-ലെ ക്‌ളാരിഫിക്കേഷന്‍ പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുളളതും അത് സുപ്രീംകോടതി തളളിക്കളഞ്ഞതുമാണ്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വക്കീലായി കേസുകള്‍ നടത്തുകയും അവര്‍ക്ക് അനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുളള  ജസ്റ്റിസ് കെ.റ്റി തോമസ് തയ്യാറാക്കിയ ഈ ബില്ല് പക്ഷാപാദപരമാണ്. രണ്ട് കക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്ന തര്‍ക്കത്തില്‍ ഒരു കക്ഷിക്ക് മാത്രം പ്രയോജനം ലഭിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം നിര്‍മ്മാണം നടത്തുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കില്ല.

ഈ കരട് ബില്ലിന് യാതൊരു നിയമസാധ്യതയും ഇല്ലാത്തതും നടപ്പാക്കിയാല്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുളളതുമാണ്. ഇപ്പോള്‍ കേസുകള്‍ വഴി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുവാന്‍ വിധിച്ച് അപ്രകാരം ഭരണം നടത്തുന്ന പളളികള്‍ ഇനി വീണ്ടും ഭൂരിപക്ഷാഭിപ്രായ പ്രകാരം മറ്റൊരു കക്ഷിക്ക് വിട്ടുകൊടുക്കുന്നത് വീണ്ടും സംഘര്‍ഷങ്ങളിലേക്കും കൂടുതല്‍ കേസുകളിലേക്കും നയിക്കും. ട്രസ്റ്റിന്റെ യൂണിറ്റുകളായ ഇടവകകളില്‍ ഹിതപരിശോധന നടത്തിയല്ല ഭൂരിപക്ഷം നിശ്ചയിക്കുന്നത്. പ്രത്യുത ട്രസ്റ്റിന്റെ പൊതുയോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലാണ്. ഈ നടപടിയാണ് 2002-ല്‍ ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തില്‍  അവലംബിച്ചത്.  അതുകൊണ്ടുതന്നെ മലങ്കര സഭയില്‍ ഐക്യവും സമാധാനവും പുനസ്ഥാപിക്കണമെങ്കില്‍ സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കുക തന്നെ വേണം. പുതിയ നിയമനിര്‍മ്മാണം സഭാ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുന്നതിന് പകരം വീണ്ടും വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആകയാല്‍ ജസ്റ്റിസ് കെ.റ്റി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ബഹു. കേരളാ ഗവണ്‍മെന്റ് തളളികളയുമെന്ന് പ്രത്യാശിക്കുന്നതായി മാര്‍ ദിയസ്‌ക്കോറോസ് പറഞ്ഞു.

Exit mobile version