കോട്ടയം: കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഹായ വിതരണത്തിന്റെ അദ്യഗഡുവായ 23 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിതരണം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പി.ആര്‍.ഒ. ഫാ. മോഹന്‍ ജോസഫ്, പാമ്പാടി ദയറാ മാനേജര്‍ ഫാ. മാത്യൂ കെ. ജോണ്‍, ഫാ. കുര്യാക്കോസ് മാണി, ഫാ. യോഹന്നാന്‍. എ, ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ സന്നിഹിതരായിരുന്നു.
2022 ലെ സഭാ ദിനത്തോടനുബന്ധിച്ച് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറണമെന്ന് പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചു. പരിശുദ്ധ മാര്‍ത്തോമ്മാ ശ്ശീഹായുടെ രക്തസാക്ഷിദിനമായ ഡിസംബര്‍ 21ന് 18 വീടുകളുടെ ശിലാസ്ഥാപനം സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് നിര്‍വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ഭദ്രാസനം നേതൃത്വം നല്‍കും.