അബലരെ കരുതുന്ന നേതൃത്വം മാതൃക : മന്ത്രി കെ.എന്‍ബാലഗോപാല്‍

പരുമല : അബലരെ കരുതുന്ന നേതൃത്വം മഹനീയ മാതൃകയാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ പ്രസ്താവിച്ചു. പരിശുദ്ധ ബാവാ തിരുമേനിയുടെ നേതൃത്വം സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനും തണലാകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ സഹകരണത്തില്‍ നടപ്പാക്കുന്ന സൗഖ്യം പഞ്ചവത്സര ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം പരി.കാതോലിക്കാ ബാവാ നിര്‍വഹിച്ചു. സഭയുടെ ദൗത്യം കണ്ണീരൊപ്പുന്നതുകൂടിയാണെന്നും പരിശുദ്ധ ബാവാ പ്രസ്താവിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ ഒരു സഭയുടെ മാത്രമല്ല, എല്ലാ ക്രൈസ്തവ സഭകളെയും കോര്‍ത്തിണക്കുന്ന മഹനീയ നേതൃത്വമാണെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, സഭാ പി.ആര്‍.ഒ. ഫാ.മോഹന്‍ ജോസഫ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.