ഭൂമിയില്‍ വര പ്രസാദം ലഭിച്ചവര്‍ക്ക് സമാധാനം സിദ്ധിച്ച മഹാദിവസമാണ് ക്രിസ്മസ്. പാപാന്ധകാരത്തില്‍ ഉഴറി നീങ്ങിയിരുന്ന മനുഷ്യര്‍ക്ക് ക്രിസ്തുവിലൂടെ രക്ഷ ലഭിച്ചു. ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെട്ടത് ക്രിസ്തുവിന്‍റെ മനു ഷ്യാവതാരത്തിലൂടെയാണ്. വേദപുസ്തക വിവരണം അനുസരിച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്‍റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ്. മനുഷ്യര്‍ക്ക് ദൈവം നല്‍കിയിരുന്ന വരദാനമായിരുന്ന സ്വാതന്ത്ര്യം മനുഷ്യന്‍ വിവേകശൂന്യമായി ഉപയോഗിച്ചതു കൊണ്ട് സൃഷ്ടി ദൈവത്തില്‍ നിന്ന് അകന്നു പോയി. ദൈവപുത്രന്‍റെ തിരുപ്പിറവിയിലൂടെ മനുഷ്യര്‍ ദൈവസ്വരൂപത്തിലേക്ക് വളരുവാനുള്ള സാധ്യത തിരികെ ലഭിച്ചു. ഇത് വീണ്ടെടുപ്പിന്‍റെ പിറവിയാണ്. ഇതിനു പിന്നില്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ഉദാത്ത സ്‌നേഹഗാഥയാണുള്ളത്.
പുല്‍ത്തൊട്ടിലിലെ ജനനം ലാളിത്യത്തിന്‍റെ ഉത്കൃഷ്ട മാതൃകയാണ്. ദൈവപുത്രന്‍റെ തിരുജനനത്തെക്കുറിച്ച് ആദ്യം അറിവ് ലഭിച്ചത് ആട്ടിടയന്‍മാര്‍ക്കാണ്. തിരുപ്പിറവി അറിയിപ്പ് ശ്രദ്ധേയമാണ്. ‘ഭയപ്പെടേണ്ട സര്‍വജനത്തിനും ഉണ്ടാകാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഭയരഹിതമായ ജീവിതം മനുഷ്യര്‍ക്ക് നല്‍കാനാണ് യേശു പിറന്നത്. കാല ദേശ വര്‍ഗ്ഗ വര്‍ണ വ്യത്യാസമില്ലാതെ സര്‍വര്‍ക്കും യേശുവിന്‍റെ ജനനം സന്തോഷം നല്‍കുന്നു. എന്നാല്‍ മനുഷ്യ വര്‍ഗത്തെ ഭീതിപ്പെടുത്തുന്ന പല സാഹചര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നു. റഷ്യന്‍- യുക്രെയിന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ആഗോളതലത്തില്‍ മനുഷ്യ ജീവിതത്തെ താറുമാറാക്കി. ബഫര്‍സോണ്‍ എന്ന ഡമോക്ലീസിന്‍റെ വാളും വന്യജീവി ആക്രമണവും വയനാടന്‍ ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ദുര്‍ഘട ഘട്ടത്തില്‍ ക്രിസ്തുവിന്‍റെ ജനനം നമുക്ക് നല്‍കുന്ന സന്തോഷവും സമാധാനവും പ്രത്യാശയും വലുതാണ്. ദൈവസ്‌നേഹത്തിന്‍റെ അഗാധവും അനശ്വരവുമായ പ്രവാഹമാണ് യേശുവിന്‍റെ തിരുജനനം.
നിരണം: മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിൽ വന്നു എന്നത് കേവലം കെട്ടുകഥ അല്ലെന്നും തെളിയിക്കാവുന്ന ചരിത്രമാണെന്നും ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികത്തോടനുബന്ധിച്ച് നിരണം സെന്റ് മേരീസ് വലിയ പളളിയിൽ നടന്ന മാർത്തോമ്മൻ സ്മൃതി കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ പ്രഭാഷണവും, മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശവും നൽകി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷളുടെ ഭാഗമായുള്ള പ്രഥമ പദ്ധതി എന്ന നിലയിൽ സഭയുടെ ഡിജിറ്റലൈസേഷൻ പരിപാടി (MOVE) പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സാധുജന ക്ഷേമത്തിനായി 50 ഭവനങ്ങളും 50 നിർധനരായ പെൺകുട്ടികളുടെ വിവാഹവും നടത്തുന്നതാണെന്നും യോഗത്തിൽ പ്രസ്താവിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം വലിയപള്ളി വികാരി ഫാ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം: മിഠായിയും ക്രിസ്മസ് കേക്കുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കയറി വന്നപ്പോള്‍ കുട്ടികളില്‍ ചിലര്‍ ഓടിയെത്തി കെട്ടിപ്പിടിച്ചു. ചിലര്‍ ബാവായുടെ കൈകളില്‍ പിടിവിടാതെ കൂടി. ക്രിസ്മസ് ആഘോഷത്തിനെത്തിയ കാതോലിക്കാ ബാവായും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളും തമ്മിലുള്ള നിമിഷങ്ങളാണ് കൗതുകമായത്. ഗോപിനാഥ് മു തുകാട് നേതൃത്വം നല്‍കുന്ന മാജിക് പ്ലാനറ്റിലെ അധികൃതരും കുട്ടികളും ചേര്‍ന്ന് ബാവായെ സ്വീകരിച്ചു.
ക്രിസ്മസും പുതുവത്സരവും കാതോലിക്കാ ബാവായോടൊപ്പം ആഘോഷിക്കണം എന്ന ആഗ്രഹം നേരത്തേ തന്നെ മുതുകാട് അദ്ദേഹത്തെ അറിയിച്ചിരുന്നു. ബാവായും മുതുകാടും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്ന ശ്രേഷ്ഠമായ ദൗത്യമാണ് മാജിക് പ്ലാനറ്റ് ചെയ്യുന്നതെന്നു ബാവാ പറഞ്ഞു. മാജിക് പ്ലാനറ്റിനു പാരിതോഷികം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, എംജിഎം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജാപ്‌സണ്‍ വര്‍ഗീസ്, നിധിന്‍ ചിറത്തിലാട്ട് എന്നിവരും പങ്കെടുത്തു.
കോട്ടയം: വിദ്യാഭ്യാസം, മൗലിക അവകാശമായിരിക്കെ,ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്ന നടപടി പുനപരിശോധിക്കണമെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു. സാക്ഷരതാ നിലവാരം മെച്ചപ്പെടുത്തുന്നതിനും, അതുവഴി സാമൂഹിക പുരോഗതി സാധ്യമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് തുല്യ അവസരം ലഭ്യമാക്കുന്നതിനും സ്‌കോളര്‍ഷിപ്പുകളുടെ പങ്ക് വലുതാണ്. നിശ്ചിത വരുമാനത്തില്‍ താഴെയുള്ള എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പും നിര്‍ത്തലാക്കാനുള്ള തീരുമാനം നിരാശാജനകമാണ്.
യു ജി സി – ജെ ആര്‍ എഫ് ഫെലോഷിപ്പ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായിരുന്ന എം.എ.എന്‍.എഫ് നിര്‍ത്തലാക്കിയാല്‍ ഗവേഷണ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.
ബത്തേരി: അപകടങ്ങളില്‍ പരുക്കു പറ്റുന്നവര്‍ക്കായുള്ള ഉപകരണങ്ങള്‍ ലഭ്യമാകും വിധമുള്ള റിഹാബ് എക്യുപ്‌മെന്‍റ് ബാങ്ക് ബത്തേരി സെന്‍റ് മേരീസ് കോളജില്‍ പ്രവര്‍ത്തനം തുടങ്ങി. പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ബാങ്കിന്‍റെ പ്രവര്‍ത്തനം. നടപ്പു സഹായി മുതല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വരെ രോഗികള്‍ക്കു സൗജന്യമായി നല്‍കുകയും ആവശ്യം കഴിഞ്ഞാല്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്യും വിധമാണ് പദ്ധതി.
കോളേജ് മാനേജരും മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപനുമായ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. ഗവേണിങ് ബോര്‍ഡ് സെക്രട്ടറി ജോര്‍ജ് മത്തായി നൂറനാല്‍, പ്രിന്‍സിപ്പല്‍ ഡോ. പി. സി. റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭി. ഡോ. മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ 10-ാം ചരമ വാര്‍ഷികം
പെരുമ്പാവൂര്‍ വെങ്ങോല, തോമ്പ്രാ-കല്ലറയ്ക്കപറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും മകനായി 1924 ഓഗസ്റ്റ്് 9-ന് കെ. കെ. മാത്തുക്കുട്ടി ജനിച്ചു. കുറുപ്പംപടി എം.ജി.എം. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പണ്ഡിതനും പ്രസംഗകനുമായിരുന്ന പിതൃസഹോദരന്‍ ഫാ. കെ. പി. പൗലോസിന്റെ പ്രേരണയാലും, സഹോദരിയും കിഴക്കമ്പലം ദയറാ അംഗവുമായിരുന്ന സിസ്റ്റര്‍ മേരിയുടെ ജീവിതം പ്രചോദിപ്പിച്ചതിനാലും സന്യാസ ജീവിതം തിരഞ്ഞെടുത്തു. കോട്ടയം സി.എം.എസ്. കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എസ്.സി-യും ഒസ്മാനിയാ സര്‍വ്വകലാശാലയില്‍ നിന്നും എം.എ-യും സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി.ഡി-യും കരസ്ഥമാക്കി. ജബല്‍പൂര്‍ ലീയോനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ ഗ്രീക്കു ഭാഷയില്‍ ഉപരിപഠനവും നടത്തി.
പ. ബസേലിയോസ് ഗീവറുഗീസ് ദ്വീതിയന്‍ ബാവ തുരുത്തി സെന്റ് തോമസ് പള്ളിയില്‍ വച്ച് 1943-ല്‍ കോറൂയോ പട്ടം നല്‍കി. അഭി. ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ മൂവാറ്റുപുഴ അരമന ചാപ്പലില്‍ വച്ച് ശെമ്മാശുപട്ടവും, 1951-ല്‍ കശ്ശീശ്ശാ പട്ടവും നല്‍കി. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രഥമ ബലിയര്‍പ്പിച്ചു. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിലും, കോട്ടയം എം.ഡി. ഹൈസ്‌കൂളിലും അദ്ധ്യാപകനായിരുന്നു. സെക്കന്തരാബാദ്, വളയംചിറങ്ങര, കല്‍ക്കട്ട, ജബല്‍പൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളില്‍ വൈദിക ശുശ്രൂഷ നിര്‍വഹിച്ചു. 1967 മുതല്‍ 1972 വരെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ ഗ്രീക്ക്, സഭാചരിത്രം, കൗണ്‍സലിംഗ് വിഷയങ്ങളില്‍ അദ്ധ്യാപകനായും വാര്‍ഡനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1972 മുതല്‍ 1977 വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്ലയിനായി.
1977 മെയ് 16-ന് മാവേലിക്കരയില്‍ നടന്ന അസ്സോസിയേഷന്‍ 54-ാം വയസില്‍ മേല്‍പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഈ സമയത്താണ് നട്ടെല്ലില്‍ വളര്‍ന്ന ട്യൂമര്‍ തിരിച്ചറിയുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ശരീരത്തിലെ നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കാതെ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ മുഴുവനായി നീക്കം ചെയ്തു. 1977 ഓഗസ്റ്റില്‍ റമ്പാനായി. 1978 മെയ് 15-ന് പഴഞ്ഞി പള്ളിയില്‍ വച്ച് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയാക്കി. 1981 ഫെബ്രുവരിയില്‍ മെത്രാപ്പോലീത്താ ആയി. 1982 ജൂണ്‍ 1-ന് രൂപീകരിച്ച ഇടുക്കി മെത്രാസനത്തിന്റെ പ്രഥമ ഇടയനായി നിയമിതനായി. മെത്രാസനത്തിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചു. കുങ്കിരിപ്പെട്ടിയില്‍ അരമന നിര്‍മ്മിച്ചു. നെറ്റിത്തൊഴുവില്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു. മര്‍ത്തമറിയം വനിതാ സമാജം, ബാലികാ സമാജം, മദ്യവര്‍ജ്ജന ധാര്‍മ്മികോന്നത സമിതി, മലങ്കരസഭാ മാസിക എന്നിവയുടെ പ്രസിഡന്റ്, ദിവ്യബോധനം വൈസ് പ്രസിഡന്റ്, കോര്‍പറേറ്റ് കോളേജുകളുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
1992 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്ക മെത്രാസനത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് മുഖ്യപങ്കാളിത്തം വഹിച്ചു. 2009 ഏപ്രിലില്‍ ആരംഭിച്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന്റെയും പ്രഥമ മെത്രാപ്പോലീത്താ ആയിരുന്നു അഭിവന്ദ്യ തിരുമേനി. 2009-ല്‍ മട്ടന്‍ടൗണില്‍ 3 ഏക്കര്‍ സ്ഥലം വാങ്ങുകയും 8000 സ്‌ക്വയര്‍ ഫീറ്റില്‍ അരമന പണിയുകയും ചെയ്തു. 2010 സെപ്റ്റംബറില്‍ മെത്രാസന ആസ്ഥാനം പുതിയ അരമനയില്‍ ആരംഭിച്ചു. അങ്കമാലി, കോട്ടയം മെത്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മെത്രാസനങ്ങളിലായി 14 വര്‍ഷവും, അമേരിക്കന്‍ മെത്രാസനത്തില്‍ 19 വര്‍ഷവും ഇടയപരിപാലനം നടത്തി. ഇംഗ്ലീഷിലും മലയാളത്തിലുമായി 22-ല്‍ അധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. “വി. കുര്‍ബ്ബാനയുടെ ലഘുപഠനം” എന്ന കൃതിയാണ് ആദ്യഗ്രന്ഥം.
മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായകമായ നാഴികക്കല്ലായിരുന്നു സ്ത്രീകള്‍ക്ക് ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിനും, ഇടവകയുടെ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുക്കുന്നതിനുമുള്ള അവകാശം ലഭ്യമാക്കി എന്നത്. 2007 ഫെബ്രുവരിയില്‍ നടന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഈ വിഷയം അവതരിപ്പിച്ചത് അഭിവന്ദ്യ ബര്‍ണബാസ് തിരുമേനിയായിരുന്നു. “മലങ്കര സഭയിലെ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്” എന്ന് അഭിവന്ദ്യ പിതാവിനെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
“മെത്രാപ്പോലീത്തായ്ക്ക് സ്വര്‍ണവടിയും സ്വര്‍ണ സ്ലീബായും ആവശ്യമില്ല. ലളിത ജീവിതമാണ് ആവശ്യം. അതിനാല്‍ തടികൊണ്ടുള്ള വടിയും സ്ലീബായും മതി…” മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത ലാളിത്യവും വിശുദ്ധിയും അനേകരെ ആകര്‍ഷിച്ചു. സമ്പന്നതയില്‍ വിരാജിക്കുന്ന അമേരിക്കന്‍ നാടുകളില്‍ ദീര്‍ഘകാലം താമസിച്ചിട്ടും തടിക്കുരിശും വടിയും പിടിച്ച് സ്‌നേഹത്തിന്റെ ദിവ്യദൂത് പകര്‍ന്ന അദ്ദേഹം അമേരിക്കയിലെ വിശ്വാസസമൂഹത്തിന്റെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് യുവാക്കളുടെ മനസുകളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും, നിരവധി ചെറുപ്പക്കാര്‍ സഭയുടെ വൈദികരായി ശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2011-ല്‍ അമേരിക്കയില്‍ നിന്ന് തിരികെ പോരുമ്പോള്‍ ശുശ്രൂഷാകാലത്ത് ലഭിച്ച മുഴുവന്‍ തുകയും നോര്‍ത്ത് ഈസ്റ്റ് അമേരിക്ക മെത്രാസനത്തിന് നല്‍കി. “ഈ പണം ഇവിടുത്തെ മെത്രാച്ചനായിരുന്നപ്പോള്‍ കിട്ടിയതാണ്, ഇത് ഇവിടുത്തെ മെത്രാസനത്തിനുള്ളതാണ്, എനിക്ക് കാശിന് ആവശ്യമില്ല”. കേരളത്തിലെത്തിയ തിരുമേനി തന്റെ വിശ്രമജീവിതം ചെലവഴിക്കുവാന്‍ കോട്ടയം പാമ്പാടി ദയറാ തെരഞ്ഞെടുത്തു. 2012 ഡിസംബര്‍ 9-ന് 88-ാം വയസില്‍ ഇഹലോകത്തില്‍ നിന്നും തന്റെ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.
അഭി. തിരുമേനി കബറടങ്ങിയിരിക്കുന്ന വളയംചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2022 ഡിസംബര്‍ 8, 9 തീയതികളില്‍ സമുചിതമായി ആഘോഷിക്കുന്നു.
ബത്തേരി: ബഫര്‍സോണ്‍ നല്ല ആശയമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്നെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. വനം വന്യജീവി നിയമങ്ങളില്‍ മൃഗങ്ങള്‍ക്കു സംരക്ഷണം നല്‍കുമ്പോഴും മനുഷ്യന്‍ അവഗണിക്കപ്പെടുകയാണ്. കാടും നാടും വേര്‍തിരിച്ച് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. വയനാടന്‍ വനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ കടുവകളുണ്ടെന്നാണു കണക്ക്. ഇതിനു ശാസ്ത്രീയമായ പരിഹാരമുണ്ടാക്കണം. ഭദ്രാസന ആസ്ഥാനമായ നിര്‍മലഗിരി അരമനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് റെയില്‍വേ പദ്ധതി സാക്ഷാത്കരിക്കാന്‍ നടപടി വേണം. ബന്ദിപ്പൂര്‍ വനമേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി യാത്രാ നിരോധനം ജനജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. മേല്‍പ്പാലം നിര്‍മിച്ചോ കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടോ രാത്രിയിലെ ഗതാഗതം പുനഃസ്ഥാപിക്കണം.
വിനോദ സഞ്ചാര വികസനവും ജനസാന്ദ്രതയും പരിഗണിച്ച് ചുരം ബദല്‍പാത എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സഭ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനി പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോണ്‍ കളീക്കല്‍, മാത്യു എടക്കാട്ട് എന്നിവരും പങ്കെടുത്തു.
ഭിലായി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കട്ടാ ഭദ്രാസനാധിപനായിരുന്ന ഡോ. സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം കല്‍ക്കട്ടാ ഭദ്രാസനം നല്‍കി വരുന്ന മാര്‍ തേവോദോസ്യോസ് മെമ്മോറിയല്‍ അവാര്‍ഡിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അര്‍ഹനായി.
പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയതെന്ന് കല്‍ക്കട്ടാ ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചു.കല്‍ക്കത്ത ഭദ്രാസനാധിപനായിരുന്ന ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌ക്കാരം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി.
കോട്ടയം: മലങ്കര സഭാ പ്രശ്‌നം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ട് നിയമനിര്‍മ്മാണം വേണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മുറവിളി കൂട്ടുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്‍റെ നിലപാടിനോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. സഭാ പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളിയിട്ടുളളതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമം പാത്രിയര്‍ക്കീസ് വിഭാഗം ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം വിശ്വാസികളും നിയമസംവിധാനങ്ങള്‍ക്ക് വിധേയമായി സഭയുടെ ഭരണനിര്‍വ്വഹണം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിഘടിത വിഭാഗം നേതൃത്വം തിരിച്ചറിയണം.
നിലവിലുളള നിയമങ്ങള്‍ക്ക് വിധേയപ്പെടാത്തവര്‍ പുതിയ നിയമനിര്‍മ്മാണത്തിന് വേണ്ടി വാദിക്കുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. സുപ്രീം കോടതി വിധിയുടെ പരിധിക്കുളളില്‍ നിന്നുകൊണ്ട് സമാധാനം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പുതിയ നിയമനിര്‍മ്മാണം എന്ന പേര് പറഞ്ഞ് അട്ടിമറിച്ചവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാരിനോട് സഹകരിക്കണം. നിഷേധാത്മകമായ നിലപാടുകള്‍ വിഘടിത വിഭാഗം നിരന്തരം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കി സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചര്‍ച്ചകളില്‍ ഇരുവിഭാഗവും സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു.
കോട്ടയം: കുന്നംകുളം പെങ്ങാമുക്ക് പളളിക്ക് സമീപം പരിശുദ്ധ കാതോലിക്കാ ബാവായെ പാത്രിയര്‍ക്കീസ് വിഭാഗം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനുളള ഗൂഢശ്രമാണിത്. വളരെ ഗൗരവത്തോടെയാണ് സഭാ അദ്ധ്യക്ഷനു നേരെയുളള അക്രമത്തെ സഭ കാണുന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരത്തിലുളള നടപടികള്‍ ദുഃഖകരമാണ്. സഭാ അദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവായെ ഭീഷണിപ്പെടുത്തിയും വാഹനം തടഞ്ഞും സഭാ തര്‍ക്കം പരിഹരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.