റവ. സിസ്റ്റർ ആൻ നിത്യതയിൽ പ്രവേശിച്ചു

ഭിലായി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൽ ഭിലായി സെൻ്റ്. തോമസ് മിഷൻ അംഗമായി ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. സിസ്റ്റർ ആൻ (53),   നിത്യതയിൽ പ്രവേശിച്ചു. കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയ്ക്ക് ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം മാർ ഗ്രിഗോറിയോസ് ബാലഗ്രാം ,യാച്ചാരം ഹൈദരാബാദ് ഇന്ന് രാവിലെ 11 മണിക്ക് നടക്കും.ആൻ സിസ്റ്ററുടെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു.
1968 മാർച്ച് 4 ന് കൊച്ചി ഭദ്രാസനത്തിൽ മാന്തുരുത്തേൽ സെൻ്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ഇടവകയിൽ പരേതരായ പുത്തൻപുരക്കൽ ശ്രീ സോളമൻ പി.പി.യുടെയും ശ്രീമതി. സാറാമ്മ സോളമന്റെയും മകളായി ജനിച്ച സിസ്റ്റർ കോലഞ്ചേരിയിലെ സെന്റ് പീറ്റേഴ്സ് കോളേജിൽ പഠനത്തിനു ശേഷം 1991 ൽ സെന്റ് തോമസ് കോൺവെന്റിൽ (ഭിലായ് മിഷൻ) ചേർന്നു.
2004 ഡിസംബർ 18 ന് സെന്റ് തോമസ് മിഷൻ ചാപ്പൽ വെച്ചു ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ തൃക്കരങ്ങളാൽ വൃത സ്ഥാനം ഏറ്റെടുത്തു.
സൈക്കിൾ ചവിട്ടി സമീപത്തുള്ള ഗ്രാമങ്ങൾക്കും ചേരികൾക്കുമായി നിരവധി ബാലവാടികളെയും ടെയിലറിംഗ് പരിശീലന കേന്ദ്രങ്ങളെയും നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1996 മുതൽ സിസ്റ്റർ ആൻ ഭിലായിലെ ജീവൻ ജ്യോതി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന ചുമതല ഏറ്റെടുത്തു.
അഭിവന്ദ്യ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ദർശനം ഉൾക്കൊണ്ട സിസ്റ്റർ അശരണരുടെയും , ആലംബഹീനരുടെയും അമ്മയായി പ്രവർത്തിച്ചു.
സമർപ്പിതയായ സന്യസ്തയുടെ നിര്യാണത്തിൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന സെൻറ് തോമസ് മിഷൻ എക്സിക്യൂട്ടീവ് യോഗവും, കൽക്കട്ട ഭദ്രാസനത്തിലെ വൈദികരും സന്യാസിനീ സമൂഹവും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും അനുശോചിച്ചു. സിസ്റ്റർ ആനിൻ്റെ നിര്യാണത്തോടെ, ഭിലായ് സെന്റ് തോമസ് മിഷനും കൊൽക്കത്ത ഭദ്രാസനത്തിനും സമർപ്പിതയും നിസ്വാർത്ഥമതിയുമായ ഒരു മിഷനറിയെ ആണ് നഷ്ടപ്പെട്ടതെന്ന് മാര്‍ ദീവന്നാസിയോസ് പറഞ്ഞു.
പൗലോസ് പി എസ്, ചാക്കോ പി എസ്, കുഞ്ഞമ്മ പൗലോസ്, ഏലിയാമ്മ ജോസഫ്, ലീലാമ്മ ജേക്കബ്, മേരി വർഗീസ് എന്നിവർ സഹോദരങ്ങളാണ്.