കോട്ടയം: ആരാധനയിലൂടെ മനസ് രൂപാന്തരപ്പെടുത്തി അനുതാപ ഹൃദയമുള്ളവരായി വിശുദ്ധിയിലേക്ക് വളരണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ നിനുവാ നോമ്പ് ധ്യാനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സഭാധ്യക്ഷൻ.
അർത്ഥപൂർണ്ണമായ കൗദാശിക ജീവിതവും അനുതാപ ഹൃദയവും വിശ്വാസികളെ വിശുദ്ധിയിലേക്ക് വളർത്തും.പരിശുദ്ധാത്മകൃപയിൽ ലഭ്യമാക്കുന്ന അനുതാപ ജീവിതം സമഗ്രമായ രൂപാന്തരത്തിലേക്ക് നയിക്കുമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പഴയ സെമിനാരിയിൽ മൂന്ന് നോമ്പിന്റെ ശുശ്രൂഷകൾക്കും, വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വൈദിക സെമിനാരി പ്രൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് , ഫാ.മാത്യു വർഗീസ്, സെമിനാരി അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
