കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭാതലവന് പരിശുദ്ധ കാതോലിക്കാ ബാവായെയും മറ്റു ഉന്നത സഭാ സ്ഥാനികളെയും പ്രതിചേര്‍ത്ത് നല്‍കിയിട്ടുള്ള സ്വാകാര്യ അന്യായം സഭയെയും സഭാസ്ഥാനികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ കരുതിക്കൂട്ടി നടത്തുന്ന പരിശ്രമമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ. മലങ്കരസഭയെ കേസുകള്‍കൊണ്ട് ബന്ധിച്ച് സഭാതലവന്റെ തിരഞ്ഞെടുപ്പും, സ്ഥാനാരോഹണവും, സഭയ്ക്കനുകൂലമായ മറ്റു വിധികളുടെ നടത്തിപ്പും തടസപ്പെടുത്തുവാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാളിപ്പോയപ്പോഴാണ് സഭയെ അപകീര്‍ത്തിപ്പടുത്തുവാനുള്ള നൂതന നടപടികളുമായി ഒരുകൂട്ടര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
2018-ല്‍ കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ മരണം സംബന്ധിച്ച് അന്നുതന്നെ പോലീസ് അന്വേഷിക്കുകയും, അപകടമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ പരിശുദ്ധ കാതോലിക്കാ ബാവായോട് വ്യക്തിവൈരാഗ്യമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരന്തരമായി നടത്തുന്ന നുണപ്രചരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നല്കിരിക്കുന്ന സ്വകാര്യ അന്യായം നിലനില്‍ക്കത്തക്കതല്ല. പോലീസ് അന്വേഷണം സഭ സ്വാഗതം ചെയ്യുന്നു. ഏതൊരുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ സഭ തയ്യാറാണ്. കൃത്യമായി നിയമങ്ങള്‍ പാലിച്ച് ഭരണം നടത്തിവരുന്ന ഒരുസഭയെ സമൂഹമദ്ധ്യത്തില്‍ കരിതേച്ചു കാണിക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ കേസും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രചരണങ്ങളും. ഓര്‍ത്തഡോക്സ് സഭയുടെ അഭിനവ കാതോലിക്കാ ബാവയെ ആ ഉന്നതസ്ഥാനത്തു കാണുവാന്‍ ആഗ്രഹിക്കാത്ത വികലമാനസരുടെ സൃഷ്ടി മാത്രമാണ് ഈ ആരോപണവും കേസും. അതിനെ സഭ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മാര്‍ ദീയസ്കോറസ് പറഞ്ഞു.