

കോട്ടയം : പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്. സാമൂഹികരംഗത്ത് സഭ നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്ക്കാരം. സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷിക ആഘോഷവേളയിലാണ് ഗവർണറുടെ ഓഫീസ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്ന് ഗവർണറുടെ എ.ഡി.സി പറഞ്ഞു. 1 ലക്ഷം രൂപയും,പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. സഹോദരൻ പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 17 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പരിശുദ്ധ കാതോലിക്കാബാവായുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സഭ നടപ്പാക്കിയത്.