കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ കല്ലുങ്കത്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവ് അനുസരിച്ച് പളളിയില്‍ പ്രവേശിക്കാന്‍ എത്തിയ വൈദികരെയും ഇടവകാംഗങ്ങളെയും തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ. പോലീസ് അധികാരികള്‍ നോക്കി നില്‍ക്കെ പളളിയുടെ പ്രധാന കവാടം പൂട്ടി തടസ്സം സൃഷ്ടിച്ചത് നിയമ വ്യവസ്ഥിതിയോടുളള വെല്ലുവിളിയാണ്.
നിയമാനുസൃതം നിയമിക്കപ്പെട്ടിട്ടുളള വികാരി ഫാ. കെ. എം. സഖറിയായുടെ നേതൃത്വത്തില്‍ എത്തിയ വൈദികരെയും വിശ്വാസികളെയുമാണ് ഒരു കൂട്ടം ആളുകള്‍ തടഞ്ഞത്. സമാധാന അന്തരീക്ഷം തകര്‍ക്കാതെ പോലീസ് അധികാരികളുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ച് പിരിഞ്ഞു പോയ വിശ്വാസികളെ അഭിനന്ദിക്കുന്നു. നിയമപരമായ സംരക്ഷ ഉറപ്പാക്കി കല്ലുങ്കത്ര പള്ളിയുടെ അവകാശം മലങ്കര സഭ സംരക്ഷിക്കുന്നതാണെന്ന് മാര്‍ ദീയസ്കോറോസ് പറഞ്ഞു.