കോട്ടയം : കേരളത്തിൽ വർധിച്ച് വരുന്ന ലഹരിക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ലഹരിക്ക് അടിമകളായ ആളുകൾ നടത്തുന്ന ക്രൂരകൃത്യങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകൾ ഞെട്ടിക്കുന്നു. സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളിൽപ്പോലും ലഹരി ഉപയോഗം കാണപ്പെടുന്നു. അക്രമം കാട്ടാൻ മടിയില്ലാത്തവരായി ലഹരി ഉപയോഗിക്കുന്നവർ മാറുകയാണ്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം അമ്മയെ കൊലപ്പെടുത്തുന്ന മകനും,അയൽവാസിയെക്കൊലപ്പെടുത്തുന്ന യുവാവുമൊക്കെ നമുക്കിടയിലുണ്ടാകുന്നു എന്നത് സങ്കടകരമാണ്.
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ അതീവജാഗ്രത പുലർത്തേണ്ട സമയമാണിത്. യുവതലമുറയെ ഇല്ലായ്മചെയ്യുന്ന ലഹരിക്കെണികൾക്കെതിരെ സഭയുടെ ഇടവകളിലെ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. കാനം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.