ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഹരിത നോമ്പിന് തുടക്കമായി.

ശാസ്താംകോട്ട : ജലത്തിന്റെ അമിത ഉപഭോ​ഗം തിൻമയാണെന്ന് ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ്. പാഴാക്കാതെ ഉപയോ​ഗിക്കേണ്ട അമൂല്യ സമ്പത്താണ് ജലമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ വലിയ നോമ്പിനോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഹരിത നോമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ജലസംരക്ഷണം എന്ന ആശയം മുൻനിർത്തി പ്രതീകാത്മകമായി കൽഭരണികളിൽ വെള്ളം പകർന്നു. കാനായിലെ കല്യാണവീട്ടിൽ യേശുക്രിസ്തു കൽഭരണികളിലെ വെള്ളം അമൂല്യമായ വീഞ്ഞാക്കി മാറ്റിയിരുന്നു. ജലമെന്ന സമ്പത്തിനെ ഭാവി തലമുറയിലേക്ക് കൈമാറണം എന്ന സന്ദേശം പകർന്നാണ് കൽഭരണികളിൽ വെള്ളം പകർന്ന് പരിസ്ഥിതി നോമ്പ് ഉദ്ഘാടനം ചെയ്തത്. നോമ്പിന്റെ 7 ആഴ്ച്ചകളിലായി ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ 7 സന്ദേശങ്ങളിലൂടെയാണ് സഭ ഹരിത നോമ്പ് ആചരിക്കുന്നത്.

കൊല്ലം പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു.കൊട്ടാരക്കര- പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മുഖ്യസന്ദേശം നൽകി. മലബാർ ഭ​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ പക്കോമിയോസ്, സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗം ജോൺ സി ഡാനിയേൽ, ഇടവിക വികാരി ഫാ. ഡാനിയേൽ ജോർജ്, സഹവികാരി ഫാ.ജോൺ സാമുവേൽ, ഫാ.ഷിബു കോശി ഐസക്, ഫാ.ജോയിക്കുട്ടി വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു.