മലങ്കര സഭാ തര്‍ക്കത്തിന്റെ താത്വികവും, ചരിത്രപരവുമായ വസ്തുതകള്‍ സത്യസന്ധമായും സമഗ്രമായും പഠിച്ചാല്‍ മാത്രമേ പ്രശ്‌ന പരിഹാരത്തിന് ഉതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവൂ. നിര്‍ഭാഗ്യവശാല്‍ പല തെറ്റിദ്ധാരണകളും, അര്‍ദ്ധസത്യങ്ങളും കൂട്ടിക്കലര്‍ത്തിയ പ്രചരണങ്ങളാണ് മാദ്ധ്യമങ്ങള്‍ മുഖേന പൊതു സമൂഹത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മലങ്കരസഭ ഈ പ്രശ്‌നത്തില്‍ എടുത്തിട്ടുള്ള നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. മലങ്കരസഭ എന്തെങ്കിലും നിയമനിഷേധമോ, ഉഭയസമ്മത കരാര്‍ ലംഘനമോ നടത്തിയതുകൊണ്ടല്ല ഈ പ്രശ്‌നം ആരംഭിച്ചത്. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് അനേകം ചര്‍ച്ചകളില്‍ സഭ സഹകരിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും തീരാതെ വന്നപ്പോഴാണ് പ്രശ്‌നം കോടതികളുടെ പരിഗനയില്‍ എത്തിയത്. ഇനിയിപ്പോള്‍ ശാശ്വതമായ ഒരു സമാധാനത്തിന് കോടതിവിധി അംഗീകരിക്കേണ്ടത് അനിവാര്യമാണ്. വളരെയധികം തെറ്റിദ്ധാരണകളും അസത്യങ്ങളും മറുവിഭാഗം പരത്തുന്നുണ്ട് എന്നത് സങ്കടകരമായ സംഗതിയാണ്. അത്തരം തെറ്റായ പ്രചരണങ്ങളാണ് ഇന്ന് സമാധാനത്തെ ഏറ്റവും അധികം തടസപ്പെടുത്തുന്നത്.
പള്ളികളുടെ ഉടമസ്ഥത
മലങ്കരസഭയിലെ പുരാതന പള്ളികളെല്ലാം ആരംഭം മുതലേ പാത്രിയര്‍കീസ് വിഭാഗത്തിന്റേതു മാത്രമായിരുന്നു എന്നും അവിടെ നിന്ന് അവരെ പുറത്താക്കി പള്ളി പിടിച്ചെടുക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നു എന്നുമുള്ള വ്യാഖ്യാനം സത്യവിരുദ്ധമാണ്. സഭയില്‍ കലഹം ആരംഭിക്കുന്നതിന് ദശാബ്ദങ്ങളും നൂറ്റാണ്ടുകളും മുമ്പ്, ഇന്ന് തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടരുടെയും പൂര്‍വികന്മാര്‍ ഒരുമിച്ചു നിന്ന് പടുത്തുയര്‍ത്തിയ പള്ളികള്‍ എങ്ങിനെ അവരുടെത് മാത്രമാകും. ക്രമീകൃതമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്ന് ഭരിച്ചുകൊണ്ടിരുന്ന, ഓടയ്ക്കാലി, പിറവം, കോതമംഗലം മുതലായ പള്ളികളില്‍ നിന്ന് 1973-74 കാലത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികരെയും ജനങ്ങളെയും ബലപ്രയോഗത്തിലൂടെ പുറത്താക്കി, പിടിച്ചെടുത്ത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാതൊരു വ്യവസ്ഥയുമില്ലാതെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗം, ആ പള്ളികളുടെയെല്ലാം ഏകമാത്ര അവകാശികളാകുന്നതെങ്ങനെയാണ്? അന്നുമുതല്‍ കേസു നടത്തി അന്തിമ വിധി വന്നു, പള്ളികള്‍ എങ്ങിനെ ഭരിക്കപ്പെടണം എന്ന് കോടതികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. കോടതി നിര്‍ദ്ദേശിച്ച ഭരണക്രമം നടപ്പാക്കാന്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നത്. ഒരു വിശ്വാസിയും അവിടെനിന്ന് ഇറങ്ങിപ്പോകേണ്ടിവരികയില്ല. ഭരണക്രമം മാറുമ്പോള്‍ തങ്ങളുടെ മേല്‍ക്കൈ നഷ്ടപ്പെടുമെന്നു ഭയക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗം നേതാക്കള്‍ പൊതുജനത്തെ കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച് പ്രക്ഷോഭണം നയിക്കുവാന്‍ ശ്രമിക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗം കൈയടക്കിവച്ച് അവരുടെ ഭരണക്രമം നടപ്പാക്കിപ്പോരുന്ന പള്ളികളില്‍, പള്ളിഭോഗങ്ങള്‍ കൊടുക്കുന്ന എല്ലാവരും അവരുടെ വിശ്വാസികളാണ് എന്ന പ്രചരണവും മിത്ഥ്യയാണ്. ഭീഷണിയുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ നിവൃര്‍ത്തികേടുകൊണ്ടാണ് പലരും ആ വിഭാഗത്തോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നതല്ലേ പരമാര്‍ത്ഥം? എല്ലാവരും കോടതിവിധി അനുസരിച്ചേ മതിയാകൂ എന്ന സത്യം പാത്രിയര്‍ക്കീസ് വിഭാഗം മനസിലാക്കണം.
വിട്ടുവീഴ്ച ആരോട് എപ്പോള്‍
പലരും പറയുന്ന ഒരു ന്യായമാണ് ‘ഓര്‍ത്തഡോക്‌സ് സഭ കേസ് ജയിച്ചു എങ്കിലും സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യണം’ എന്നത്. അത് ഒരു ക്രിസ്തീയ തത്വമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ ക്ഷമിക്കേണ്ടത് അനുതാപികളോടാണ്. തെറ്റിപ്പോയി എന്നും തോറ്റുപോയി എന്നും സമ്മതിക്കുന്നവരോട് ക്ഷമിക്കണം, മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ സഹായിക്കണം എന്ന് ആവശ്യപ്പെടുന്നവരെ സഹായിക്കണം. ശത്രു ആണെങ്കിലും അനുതാപികളോട് ക്ഷമിക്കണം. എന്നാല്‍ എത്ര തോല്‍വി നേരിട്ടാലും വീണ്ടും ധാര്‍ഷ്ഠ്യത്തോടെ അക്രമം കൊണ്ട് അവയെല്ലാം മറി കടക്കാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്.
1973 മുതല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെയും ജനങ്ങളെയും പുറത്താക്കി പള്ളികള്‍ പിടിച്ചെടുത്തത് തെറ്റായിരുന്നു എന്ന ബോധ്യം പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഉണ്ടോ? ഉമ്മിണിക്കുന്ന് പള്ളിയില്‍ ഒരു വൈദികന്റെ പിതാവ് മരിച്ചപ്പോള്‍ കബറടക്കാന്‍ സമ്മതിക്കാതെ 3 ദിവസം വച്ചിരുന്നിട്ട് 30 കാലോമീറ്റര്‍ ദൂരെ മറ്റൊരു പള്ളിയിലെ സെമിത്തേരിയില്‍ കബറടക്കേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചതിനെക്കുറിച്ച് യാക്കോബായ നേതൃത്വത്തിന് അനുതാപമുണ്ടോ? ഓടക്കാലി പള്ളിയില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ സെമിത്തേരിയുടെ കവാടം പോലും തുറന്നുതരാതിരുന്ന സംഭവങ്ങളെക്കുറിച്ച് അനുതാപമുണ്ടോ? നീണ്ട വര്‍ഷങ്ങള്‍ അനീതിയും അക്രമവും സഹിക്കേണ്ടിവന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് വിശ്വസികള്‍ വീഴ്‌ത്തേണ്ടി വന്ന കണ്ണുനീരിന് ദൈവം നല്‍കിയ പ്രതിഫലമാണ് 2017 ലെ സുപ്രീംകോടതി വിധി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
മുന്‍കാലത്ത് നടന്ന പ്രതികരണങ്ങളില്‍ക്കൂടിയാണ് വിട്ടുവീഴ്ച കൊണ്ട് സമാധാനം ഉണ്ടാകുമോ എന്ന് നിശ്ചയിക്കാനാവുന്നത്. 1958 ല്‍ കോടതി അനുവദിച്ച ഭീമമായ കോടതിച്ചിലവ് ഓര്‍ത്തഡോക്‌സ് സഭ സമാധാനത്തിനായി വേണ്ടെന്ന് വച്ചിട്ട് ഫലം എന്തായിരുന്നു? 12 വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ കാരണങ്ങള്‍ തന്നെ പറഞ്ഞ് യുദ്ധം പുനരാരംഭിച്ചു. അനേക പ്രാവശ്യം സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ട് ലഭിച്ച ഫലം എന്താണ്? കോടതിവിധി നടത്തിപ്പ് താമസിപ്പിക്കുവാനുള്ള ഒരു ഉപാധിയായി ചര്‍ച്ചകളെ ഉപയോഗിച്ചു. ആലുവാ തൃക്കുന്നത്തു സെമിനാരി കബറിങ്കല്‍ കയറി പ്രാര്‍ത്ഥിക്കുവാന്‍ സ്‌നേഹപൂര്‍വ്വം അനുമതി നല്‍കിയതിന്റെ ഫലം, രാത്രിയില്‍ ചാപ്പലില്‍ കയറി നശീകരണം നടത്തുകയും വൈദികരെ മര്‍ദ്ദിക്കുകയും ചെയ്തു. എഗ്രിമെന്റുകള്‍ മാനിച്ച് ആത്മസംയമനം പാലിച്ച മറ്റനേകം സന്ദര്‍ഭങ്ങളും ഓര്‍ത്തഡോക്‌സ് സഭയെ കീഴ്‌പ്പെടുത്താനുള്ള അവസരങ്ങളായി മറുവിഭാഗം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തത്്. ഈ ചരിത്രവസ്തുതകള്‍ അറിഞ്ഞുകൂടാത്തവരും, ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നവരുമാണ് വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്.
ഇത്രയെല്ലാം സംഭവിച്ചിട്ടും. ഓര്‍ത്തഡോക്‌സ് സഭ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ജനങ്ങളെ ആരാധനാലയങ്ങളില്‍ നിന്നും പുറത്താക്കുന്നില്ല. അവരെ ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ വിധി നടപ്പാകുമ്പോള്‍ സഹകരിക്കാന്‍ തയ്യാറാവാതെ ബഹളമുണ്ടാക്കി സ്വയം ഓടിപ്പോയിട്ട് പള്ളികളില്‍ നിന്ന് പുറത്താക്കി എന്നു പറയുന്നത് സത്യവിരുദ്ധമാണ്.
1934-ലെ ഭരണഘടന
രാജ്യത്തെ കോടതികള്‍ പലപ്രാവശ്യം സാധുവെന്ന് പ്രഖ്യാപിച്ച സഭാഭരണഘടന വ്യാജരേഖയാണെന്ന വാദം അടുത്തകാലത്താണ് പാത്രിയര്‍ക്കീസ് വിഭാഗം ഉയര്‍ത്തുവാന്‍ ആരംഭിച്ചത്. 1958-ല്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഉള്‍പ്പെടെ, സഭ മുഴുവനും അംഗീകരിക്കുകയും, അതിനുശേഷം കോതമംഗലം, വടകര, കണ്ടനാട്, മുളന്തുരുത്തി മുതലായ സഭയിലെ ഓരോ പള്ളിയും പൊതുയോഗം വിളിച്ചുകൂട്ടി ഇതേ ഭരണഘടന അംഗീകരിക്കുന്നു എന്ന് പാസാക്കുകയും അതനുസരിച്ച് ഭരണം നടത്തുകയും മലങ്കര അസോസിയേഷന്‍, ഭദ്രാസന പൊതുയോഗം മുതലായ സമിതികളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കുകയും എല്ലാം ചെയ്തിരുന്നതാണ്. 1967-ല്‍ സഭമുഴുവനും ഒന്നായി ചേര്‍ന്ന് നിന്ന് ഈ ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളതാണ്. 1995-ല്‍ അവസാനിച്ച കേസില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രധാന ആവശ്യം അതില്‍ ചില ക്ലോസുകള്‍ ഭേദഗതി ചെയ്യണം എന്നതായിരുന്നു. അത് കോടതി അനുവദിച്ചതനുസരിച്ച് ഭേദഗതി ചെയ്തു. അന്നുണ്ടായിരുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാപ്പോലീത്തമാര്‍ എല്ലാവരും ഈ രേഖയ്ക്ക് വിധേയത്വം എഴുതി സമര്‍പ്പിച്ചതാണ്. അന്നൊന്നും ഇല്ലാതിരുന്ന ആരോപണമാണ് ഇന്ന് പുതുതായി ഉയര്‍ത്തിയിരിക്കുന്നത്.
ഭരണഘടനയുടെ ഒറിജിനല്‍ കാണിച്ചാല്‍ മാത്രമേ അത് സാധുവാകൂ എന്ന വാദവും കോടതി തള്ളിയതാണ്. 1934-നുശേഷം അത് പലപ്രാവശ്യം കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് കോടതികള്‍ക്ക് ബോധ്യമായതുകൊണ്ടാണ് കോടതി ഇങ്ങനൊരുകാര്യം വീണ്ടും ആവശ്യപ്പെടാത്തത്. ഭരണപരമായ ക്രമം മാത്രം ഉള്‍ക്കൊള്ളുന്ന രേഖ എന്ന നിലയില്‍ അത് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.
സ്വന്തലാഭത്തിനായി വേദപുസ്തക വ്യാഖ്യാനം ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവൃത്തികള്‍ ക്രിസ്തീയമല്ല എന്നു കുറ്റപ്പെടുത്തുന്നവര്‍ അനേകരുണ്ട്. അവരില്‍ പലരും സ്വന്തലാഭത്തിനായി വേദപുസ്തകം വ്യാഖ്യാനിക്കുന്നവരാണ്. നിന്റെ അയല്‍ക്കാരന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് സ്വന്തകണ്ണിലെ കോല് നീക്കണം എന്ന്് ഉപദേശിച്ച ക്രിസ്തുനാഥന്റെ വാക്കുകള്‍ മറന്നുകൊണ്ടാണ് പലരും ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവൃത്തികള്‍ ക്രിസ്തീയമല്ല എന്നു കുറ്റപ്പെടുത്തുന്നത്. കുറ്റപ്പെടുത്തുന്നവരെല്ലാം സ്വന്തചരിത്രത്തിലേക്കു തിരിഞ്ഞു നോക്കണം, സമാനമായ സാഹചര്യങ്ങളില്‍ എന്തുചെയ്തു എന്ന് വിലയിരുത്തണം. പാപമില്ല എന്നും കൈകള്‍ ശുദ്ധമെന്നും ബോധ്യമുള്ളവര്‍ മാത്രം കല്ലെറിയട്ടെ – അത് സ്വന്തസഭാംഗങ്ങളായാലും, ഇതരസഭാ നേതാക്കളായാലും.
ഇവിടെ കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് ആരാണ്. നിയമനിര്‍മ്മാണ സമിതിയും, നിയമനടത്തിപ്പ് വിഭാഗവും, നീതിന്യായ കോടതികളും (ഹലഴശഹെമൗേൃല, ലഃലരൗശേ്‌ല മിറ ഷൗറശരശമൃ്യ) പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മാത്രമേ ജനാധിപത്യ രാജ്യം എന്നു വിളിക്കാനാവൂ. അപ്രകാരം സഹകരിച്ച് നീതി നടപ്പാക്കാന്‍ നോക്കുമ്പോള്‍ ഇവിടെ കലാപമുണ്ടാക്കുന്നതാരാണ്? വാളെടുക്കുന്നവന്‍ വാളാലെ എന്നു പഠിപ്പിച്ച കര്‍ത്താവ് പള്ളി സംരക്ഷിക്കുവാന്‍ വേണ്ടി അക്രമം നടത്തുവാന്‍ അനുവദിച്ചിട്ടുണ്ടോ? പള്ളികളില്‍ നിന്ന് വ്യാപകമായ മോഷണം നടത്തുന്നതും, പള്ളിക്കുചുറ്റും കിടങ്ങ് കുഴിക്കുന്നതും, അതിവിശുദ്ധസ്ഥലം അശുദ്ധപ്പെടുത്തുന്നതുമാണോ ക്രിസ്തീയത? ഇതാണോ സകലവും നഷ്ടപ്പെട്ടവന്റെ കണ്ണീരും രോദനവും? വലിയബഹളങ്ങള്‍ ഉണ്ടാക്കി ബലപ്രയോഗത്താല്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന് വാശിപിടിക്കുകയും മറ്റും ചെയ്തത് പാത്രിയര്‍ക്കീസ് വിഭാഗം നേതാക്കളാണ്.
രണ്ടു സഭയും രണ്ടു വിശ്വാസവും രണ്ടുസഭയും രണ്ടു വിശ്വസവും ആണെന്നു പറയുന്നവര്‍, എന്നുമുതലാണ് ഇത്് സംഭവിച്ചത് എന്നുകൂടി പറയണം. 1970 വരെ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരു വ്യത്യാസവും ഉള്ളതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ഇപ്പോഴും അല്‍പ്പമെങ്കിലും വേദശാസ്ത്രം അറിയാവുന്ന ആരും വിശ്വാസം രണ്ടാണ് എന്നു പറയില്ല. ഒരേ ആരാധനാക്രമവും, ഒരേ ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന ഏകസഭയുടെ ഭാഗമായിട്ടേ എല്ലാവരെയും ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളു. മാര്‍ത്തോമ്മാശ്ലീഹായും, മാര്‍ പത്രോസ് ശ്ലീഹായും പഠിപ്പിച്ചത് രണ്ടു വിശ്വാസങ്ങളും പാരമ്പര്യങ്ങളുമാണ് എന്ന ചിന്തതന്നെ അപ്പൊസ്‌തോലിക പിന്‍തുടര്‍ച്ച എന്ന തത്വത്തിന്റെ വികലമായ വ്യാഖ്യാനമാണ്. അപ്പൊസ്‌തോല സമൂഹത്തിലെ ഓരോ അംഗവും വ്യത്യസ്തവിശ്വാസങ്ങളല്ല ഏകവിശ്വാസമാണ് പഠിപ്പിച്ചത് എന്ന ബാലപാഠം പോലും മനസിലാക്കാതെയാണ് സ്വന്തലാഭത്തിനായി വ്യാഖ്യാനങ്ങള്‍ നടത്തുന്നത്.
ഇനി വിശ്വാസം വ്യത്യസ്തമാണ് എന്ന് സ്ഥാപിച്ചേ മതിയാവൂ എങ്കില്‍ അതിനും വിരോധമില്ല. പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ആര്‍ക്കും വിരോധിക്കാനാവില്ല, പക്ഷെ സഭയുടെ പള്ളികളിന്മേലും സ്വത്തുക്കളിന്മേലും യാതൊരു അവകാശവും ഉണ്ടാവില്ല. ഏതൊരു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ട് അതനുസരിച്ച് ഒരു പുതിയ സഭയായി നിലകൊള്ളാം. അതിനെ ആരും എതിര്‍ക്കുകയില്ല.
ഹിതപരിശോധന
ഈ പ്രശ്‌നത്തില്‍ ഹിതപരിശോധന പരിഹാരമായിരുന്നു എങ്കില്‍ എന്തിന് കേസ് ആരംഭിച്ചു? മലങ്കരസഭയില്‍ ഒരു ഹിതപരിശോധനയ്ക്ക് സുവര്‍ണ്ണാവസരം 2002-ല്‍ ലഭിച്ചപ്പോള്‍ അതു പ്രയോജനപ്പെടുത്താതെ അതിനോട് നിസ്സഹകരിച്ചതെന്തുകൊണ്ട് എന്ന് വിശദീകരിക്കാമോ? പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഇടുക്കി ഭദ്രാസനത്തിന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ എന്തുകൊണ്ടാണ് ഹിതപരിശോധന നടത്താതിരുന്നത്? നിയമവും എഗ്രിമെന്റുകളും ലംഘിക്കുന്നവരെ നേര്‍വഴികാണിക്കുവാന്‍ ഹിതപരിശോധനയല്ല, നിയമനടപടിയാണ് ആവശ്യം.
2017 സുപ്രീംകോടതി വിധിയുടെ 28 കണ്ടെത്തലുകളില്‍ 17-ാം പാരഗ്രാഫില്‍ വ്യക്തമായി പറയുന്നു. പള്ളിയും സെമിത്തേരിയും ആര്‍ക്കും കൈയേറാനാവില്ല. മലങ്കര സഭയുടെയും ഇടവകകളുടെയും സ്വത്തുക്കള്‍ ഒരു ട്രസ്റ്റാണെന്നും ഭൂരിപക്ഷത്തിന്റെ പേരിലായാല്‍പോലും അത് മറ്റാര്‍ക്കും കൈവശപ്പെടുത്തനാവില്ലെന്നും സംശയത്തിന് ഇടനല്‍കാതെ പറഞ്ഞിരിക്കുന്നു.
നിയമനിര്‍മ്മാണം പരിഹാരമോ
ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മ്മാണത്തിലൂടെ കോടതിവിധി മറികടക്കാനുള്ള മുറവിളി അപലപനീയമാണ്. അങ്ങിനെയെങ്കില്‍ രാജ്യത്ത് കോടതികളുടെ ആവശ്യമില്ലല്ലോ. എന്തിനാണ് പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കേസ് ആരംഭിച്ചത്? കേസുകൊടുത്തിട്ട് വാദിഭാഗം തന്നെ വിധി അനുസരിക്കില്ല എന്ന് പരസ്യമായി പ്രസ്താവിക്കുന്നത് ക്രിസ്തീയമാണോ? ഇനി നിയമം ഉണ്ടാക്കിയാല്‍ തന്നെ ആ നിയമം, എല്ലാറ്റിനോടും വിഘടിച്ചുനില്‍ക്കുന്ന ഒരുകൂട്ടം, അനുസരിക്കുമെന്നതിന് എന്താണ് ഉറപ്പ്. ഉള്ള നിയമങ്ങള്‍ അനുസരിക്കാത്തവര്‍ പുതിയ നിയമങ്ങളെ അനുസരിക്കുമോ? ഇന്ത്യയിലെ സുപ്രീംകോടതി പറഞ്ഞിട്ട് അനുസരിക്കാത്തവര്‍ മറ്റ് ഏതെങ്കിലും മദ്ധ്യസ്ഥനെ അനുസരിക്കുമോ? സെമിത്തേരി ഓര്‍ഡിനന്‍സിന്റെ ന്യൂനതകള്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ അനുഭവിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് ഇപ്പോള്‍ കട്ടച്ചിറപോലുള്ള പള്ളികളില്‍ പുതിയ സംഘര്‍ഷം ആരംഭിച്ചിരിക്കുന്നത്.
സുപ്രീംകോടതിവിധി രാജ്യത്തിന്റെ നിയമമാണ്. അതിനെ മറികടക്കുവാനായി, അതിലെ വ്യവസ്ഥകള്‍ക്ക് എതിരായി നിയമസഭകള്‍ക്ക് നിയമം നിര്‍മ്മിക്കാനാവുമോ? കാവേരി നദീജല പ്രശ്‌നത്തിലും കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രശ്‌നത്തിലും സര്‍ക്കാരുകള്‍ കോടതിവിധിക്കെതിരെ നിയമം നിര്‍മ്മിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ കോടതി നല്‍കിയ താക്കീത് ശ്രദ്ധേയമാണ്. ജസ്റ്റീസ് കെ. റ്റി. തോമസ് സമര്‍പ്പിച്ചു എന്നു പറയപ്പെടുന്ന റിപ്പോര്‍ട്ടില്‍ മേല്‍ സൂചിപ്പിച്ച 17-ാം പാരഗ്രാഫിന് കടക വിരുദ്ധമായ നിയമനിര്‍മ്മാണം നടത്തുവാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പുതിയ സമരാഹ്വാനത്തിന്റെ കാരണം
കോടതിവിധി നടപ്പായ പലപള്ളികളിലെയും ജനങ്ങള്‍ സാവധാനം വ്യവസ്ഥാപിത ഭരണക്രമത്തോട് സഹകരിച്ചുപോകാന്‍ ആരംഭിച്ചു എന്നതാണ് പുതിയ സമരാഹ്വാനത്തിന്റെ കാരണം. അതു തങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുമോ എന്ന ഭയമാണ് ഇപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ അലട്ടുന്നത്.
പരസ്പരവിശ്വാസവും ആത്മാര്‍ത്ഥതയും പ്രവര്‍ത്തന ഐക്യവും ഉണ്ടെങ്കില്‍ മാത്രമേ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാവൂ. ഏതാനും വര്‍ഷത്തെ ഇടപെടല്‍കൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നഷ്ടപ്പെടുത്തിയതും അതൊക്കെത്തന്നെയാണ്. അവയെല്ലാം വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്തോറും ഭ്രഷ്ട് കല്‍പ്പിച്ചും, വീണ്ടും വി. മൂറോന്‍ അഭിഷേകം നടത്തിയും, സഭാതലവന്റെ കോലം കത്തിച്ചും, അസത്യങ്ങള്‍ പ്രചരിപ്പിച്ചും, സമരാഹ്വാനം നടത്തിയും, വെല്ലുവിളിച്ചും കൂടുതല്‍ അകലുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.