കോട്ടയം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില് ഉള്പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് ധ്വംസിക്കുന്ന ശുപാര്ശകളമായി പതിനൊന്നാം ശമ്പള കമ്മീഷന് സമര്പ്പിച്ച റിപ്പോര്ട്ട് സംശയാസ്പദവും ദുരുദ്ദേശപരവുമാണെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ ബിജു ഉമ്മന് പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങള്ക്ക് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അവകാശങ്ങള് ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങളെ നിയമപരമായും ജനാധിപത്യപരമായും നേരിടും. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള് മുന്നിര്ത്തി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്ഡ് സ്ഥാപിക്കണമെന്നുള്ള കമ്മീഷന് ശുപാര്ശ യുക്തിസഹജമല്ല. ന്യൂനപക്ഷങ്ങള് നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില് നിര്ത്താന് ശമ്പള കമ്മീഷന് നടത്തിയ ആസൂത്രിത ശ്രമം അപലപനീയമാണ്. കാലികവും അടിയന്തര പ്രാധാന്യമര്ഹിക്കുന്നതുമായ ഒട്ടനവധി വിഷയങ്ങള് വിസ്മരിച്ചുകൊണ്ട്, അവകാശലംഘനത്തിന് വഴിയൊരുക്കുന്ന ശുപാര്ശകള് ഉള്പ്പെടുത്തി സമര്പ്പിച്ചിരിക്കുന്ന റിപ്പോര്ട്ട് അതേപടി സര്ക്കാര് അംഗീകരിക്കരുതെന്നും അഡ്വക്കേറ്റ് ബിജു ഉമ്മന് പ്രസ്താവനയില് പറഞ്ഞു.