കുറിച്ചി: ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ ഒന്നായി കാണുവാനും കരുതുവാനും സ്നേഹിക്കുവാനും പഠിപ്പിച്ച സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുറിച്ചി വലിയ പളളിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 57-ാം ഓര്‍മ്മപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ രാജ്യ രക്ഷാനിധിയിലേക്ക് എല്ലാ ഇടവകകളില്‍ നിന്നും നിര്‍ബന്ധമായും സംഭാവനകളും സ്വര്‍ണ്ണാഭരണങ്ങളും നല്‍കണമെന്ന് ആഹ്വാനം ചെയ്യുകയും സഭയുടെ ഉടമസ്ഥതിയില്‍ ഉണ്ടായിരുന്ന 20 പവന് സ്വര്‍ണ്ണം അന്നത്തെ കേരളാ മുഖ്യമ്വന്ത്രി ആര്. ശങ്കറിനെ ഏല്‍പ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ വികസനത്തിനായി വിദ്യാഭ്യാസമേഖലയിലും, എക്യുമെനിക്കല്‍ രംഗത്തും, പൊതുരംഗത്തും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ നല്കിയിട്ടുളള സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഉത്തമ സുഹൃത്തായിരുന്ന എന്‍. എസ്. എസ് ആചാര്യന് മന്നത്ത് പത്മനാഭനെ ചടങ്ങില്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രത്യേകം സ്മരിക്കുകയും അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് ചങ്ങനാശ്ശേരി ഡിവിഷന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് അരുണ്‍ ആര്. നാഥ് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മനു നല്കി പ്രകാശനം ചെയ്തു. വികാരി ഫാ. ഇട്ടി തോമസിന്റെ അദ്ധ്യക്ഷതിയില്‍ നടന്ന സമ്മേളനത്തില്‍ നഥനയേല്‍ റമ്പാന്, ഫാ. ബഹനാന് കോരൂത്, ശിവകുമാര്‍ എം, കെ. വിനോദ് ബാബു, വിജിമോള്‍ കെ.വി, ട്രസ്റ്റി കെ.ജെ. കുറിയാക്കോസ്, സെക്രട്ടറി കെ.സി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.