മലങ്കരയുടെ പൈതൃക മണ്ണിൽ മാർത്തോമ്മൻ സ്മൃതി മന്ദിരം ഉയരുന്നു.

കൊടുങ്ങല്ലൂർ : മലങ്കര സഭയുടെ സ്ഥാപകനും, കാവൽ പിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ മണ്ണിൽ ഒരു  പൈതൃക കേന്ദ്രമെന്നത് സഭയുടെ ചിരകാല അഭിലാഷമായിരുന്നെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ  പണി കഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയാരുന്നു ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം ഇന്നും കെടാതെ സൂക്ഷിക്കുന്നത് മലങ്കര സഭ മാത്രമാണ്. ആരൊക്കെ കുഴിച്ചുമൂടാൻ ശ്രമിച്ചാലും ചരിത്രത്തെ തമസ്ക്കരിക്കാനാകില്ല. ഭാവിയിൽ സഭക്ക് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായി സ്മൃതി മന്ദിരം മാറും.  എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായിരുന്ന കാലത്താണ് കൊടുങ്ങല്ലൂരിൽ സ്വന്തമായി സ്ഥലം വാങ്ങിയിട്ടത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ഈ സ്ഥലം കുടുംബം സഭയ്ക്ക് സൗജന്യമായി  കൈമാറുകയായിരുന്നു. എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധമാകും നിർമ്മാണം പൂർത്തിയാക്കുകയെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ ചടങ്ങിൽ സഹകാർമ്മികത്വം വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,  സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ പ്രസംഗിച്ചു. മുത്തൂറ്റ് കുടുംബത്തെ പ്രതിനിധീകരിച്ച് ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ടി.കെ.ഗീത, കൗൺസിലർമാരായ ശിവറാം, രവി എന്നിവർ ആശംസകൾ നേർന്നു.

മുസിരിസ് പൈതൃക മേഖലയായ കൊടുങ്ങല്ലൂരിൽ പൗരാണികത ചോരാതെയാകും മാർത്തോമ്മൻ  സ്മൃതി മന്ദിരത്തിന്റെ നിർമ്മാണം.പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. ബഥനി ആശ്രമാംഗം ഫാ.ബഞ്ചമിൻ ഒ.ഐ.സിക്കാണ് നിർമ്മാണ മേൽനോട്ടച്ചുമതല.