മലയോരജനത വന്യമൃഗശല്യത്താൽ പൊറുതി മുട്ടി : പരിശുദ്ധ കാതോലിക്കാബാവാ.

പത്തനംതിട്ട : കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും,സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു. കാട്ടുമൃ​ഗങ്ങൾ എന്ന പ്രയോ​ഗം തന്നെ അപ്രസക്തമായിക്കുകയാണ്. കാരണം കാട്ടിലെ വന്യമൃ​ഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട്. ഇനി അവയെ നാട്ടുമൃ​ഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതം. നാട്ടിൽ ഇറങ്ങുന്ന മൃ​ഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിനോ, മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.വന്യമൃ​ഗങ്ങളെ സംരക്ഷിക്കണം.അതേപോലെ മനുഷ്യനെയും സംരക്ഷിക്കണം. സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവാ കൂട്ടിച്ചേർത്തു.