
കോട്ടയം: യുവതലമുറയുടെ കുടിയേറ്റം മൂലം ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സമഗ്ര സംരക്ഷണത്തിന് “അരികെ” പദ്ധതിയും, സമർഥരായ വിദ്യാർത്ഥികളെ ചെറുപ്പത്തിൽ കണ്ടെത്തി അവർക്ക് ഇന്ത്യയിലുള്ള മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ പരിശീലനം നൽകുന്ന “വിദ്യാജ്യോതി” പദ്ധതിയും അവതരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2025-2026 വർഷത്തെ സാമ്പത്തിക ബജറ്റ്. ആരോഗ്യ ജീവിതശൈലിയും ലഹരി വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന കോട്ടയം കാരാപ്പുഴ വെൽനസ് പാർക്ക് , കൊല്ലം മതിലകത്ത് ക്യാമ്പ് സെന്റർ എന്നിവ ആരംഭിക്കും.
സർക്കാരിന്റെ പുതിയ നയങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി ആലോചിക്കുന്നു. എം.ഒ.സി കോളജുകളുമായി സഹകരിച്ച് ഇതിനുള്ള സാധ്യതാ പഠനം നടത്തും. സഭയ്ക്കൊപ്പം സമൂഹത്തെയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി നാനൂറ്റി എൺപത്തി നാല് കോടിയുടെ ബജറ്റ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സഭാ മാനേജിങ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് കാതോലിക്കാബാവാ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ നിയമത്തെ ലംഘിക്കാനുള്ള ശ്രമങ്ങളാണ്. ഭാരതത്തിന്റെ നിയമം അനുസരിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്നും പരിശുദ്ധ കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂർ മാർത്തോമൻ സ്മൃതി മന്ദിരം, തിരുവനന്തപുരം കാരുണ്യഗൈഡൻസ് സെൻ്ററിനോട് ചേർന്ന് മാനസിക – സാമൂഹിക പുനരധിവാസ കേന്ദ്രം തുടങ്ങിയവയ്ക്കും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. സഭയുടെ നേതൃത്യത്തിൽ നടത്തുന്ന കാരുണ്യ പദ്ധതികളായ വിവാഹ ധനസഹായം ഭവന നിർമ്മാണം, വിധവാ പെൻഷൻ സഭാംഗങ്ങളായ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സഹായം വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം , സഹോദരൻ പദ്ധതി, വാർദ്ധക്യകാല പെൻഷൻ തുടങ്ങിയവയും ബഡ്ജറ്റിൽ ഉൾപ്പെടുന്നു. പുന്നത്ര മാർ ദീവന്നാസ്യോസ് തിരുമേനിയുടെ ചരമ ദ്വിശാബ്ദി സമ്മേളനം . ചേപ്പാട് തിരുമേനിയുടെ മലങ്കര മെത്രാപോലിത്താ സ്ഥാനാരോഹണ ദ്വിശാബ്ദി സമ്മേളനം , പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമവജ്ര ജൂബിലി , പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെ ചരമ സുവർണ്ണ ജൂബിലി ,സഭാ കവി സി.പി.ചാണ്ടി സ്മൃതിസംഗമം, മുളന്തുരുത്തി സുന്നഹദോസ് ശതോത്തര സുവർണ ജൂബിലി എന്നിവ ഈ വർഷം സംഘടിപ്പിക്കും.
ബജറ്റിൽ തുക വകയിരുത്തിയ മറ്റു പദ്ധതികൾ
വയനാട് ദുരിതാശ്വാസ സഹായം 10 കോടിയായി ഉയർത്തി.
തിരുവനന്തപുരത്തെ ഓർത്തഡോക്സ് സെന്ററിന് 75ലക്ഷവും, എറണാകുളത്തെ മീഡിയ സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും വകയിരുത്തി.
കോട്ടയം പരുത്തുംപാറയിലെ ആയുർവേദ ആശുപത്രിയെ മെഡിക്കൽ കോളജായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 60 ലക്ഷം രൂപയും ശാസ്താംകോട്ട ബൈബിൾ കോളജിന് 1 ലക്ഷം രൂപയും വകയിരുത്തി.
വെല്ലൂർ സ്നേഹഭവന് പ്രത്യേക ഗ്രാന്റായി 20 ലക്ഷം രൂപ.
കോട്ടയം പഴയസെമിനാരിയിലെ കോൺഫറൻസ് ഹാൾ നവീകരണത്തിന് 38ലക്ഷം രൂപ.
പഠിത്തവീട് എന്നറിയപ്പെടുന്ന പഴയ സെമിനാരി നാലുകെട്ടിന്റെ പുനരുദ്ധാരണത്തിന് 75ലക്ഷം രൂപ.
തിരുവിതാംകോട് അരപ്പള്ളിയുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് 10ലക്ഷം രൂപ.
സഭയിലെ മുതിർന്ന പൗരൻമാരുടെ കരുതലിനായി പോത്താനിക്കാട് തുടങ്ങുന്ന ക്ഷേമഭവനത്തിന് 1 കോടി രൂപ.
ദേവലോകം കാതോലിക്കേറ്റ് അരമന പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും.
വൈദിക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് 3 കോടി
സഭയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെൺമക്കളുടെ ഉപരിപഠനത്തിന് 10ലക്ഷം
പരുമല ആശുപത്രിയുടെ നേതൃത്വത്തിൽ ചേപ്പാട് തുടങ്ങുന്ന പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് 50 ലക്ഷവും, പരുമല ആശുപത്രി കൊഴുവല്ലൂരിൽ ആരംഭിക്കുന്ന പരാമെഡിക്കൽ കോഴ്സിന് 50 ലക്ഷം രൂപയും വകയിരുത്തി.
ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ ഡോ. റെജി മാത്യു ധ്യാന പ്രസംഗം നടത്തി, വൈദീക ട്രസ്റ്റി ഫാ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സഭയിലെ മെത്രാപ്പോലീത്താമാരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സംബന്ധിച്ചു.