വീണുപോയവർക്ക് രക്ഷാകരം നീട്ടി ‘സഹോദരൻ’ മാതൃക തീർത്തു : പശ്ചിമബംഗാൾ ഗവർണർ.

കോട്ടയം : മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് അവരെ സഹായിക്കുക എന്നതാണ് ക്രിസ്തുവും,ബുദ്ധനും പകർന്നു നൽകിയ ദർശനമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ്. സഹോദരൻ എന്ന ജീവകാരുണ്യപദ്ധതിയിലൂടെ മലങ്കര ഓർത്തഡോക്സ് സഭയും,പരിശുദ്ധ കാതോലിക്കാബാവായും ആ ദർശനത്തെ പൂർണതയിലെത്തിച്ചു.മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകർ സഹോദരിക്ക് ഒരു തരി പൊന്ന് എന്ന പദ്ധതിയിലൂടെ ഒരു കോടി നാൽപ്പത് ലക്ഷം രൂപ സമാഹരിച്ചിരുന്നു. സ്ത്രീശക്തി വിചാരിച്ചാൽ ഒന്നും അസാധ്യമല്ല എന്നതിന്റെ തെളിവാണിത്. ഈ ദൗത്യം നിറവേറ്റിയ സ്ത്രീജനങ്ങളെ അഭിനന്ദിക്കുന്നതായും ഗവർണർ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 വനിതകൾക്ക് 1 ലക്ഷം രൂപ നൽകാൻ വേണ്ടിയാണ് 1 കോടി രൂപയുടെ ധനശേഖരണം നടത്തിയത്.എന്നാൽ ഇതിലേക്കായി 110 അപേക്ഷകൾ ലഭിച്ചിരുന്നു. ഈ 110 പേർക്കും സഹായം നൽകുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തന്റെ അധ്യക്ഷപ്രസംഗത്തിൽ പ്രഖ്യാപിച്ചു. ആത്മീയത എന്നത് സാഹോദര്യത്തിൽ അടിസ്ഥാനപ്പെട്ടതാണ്.സാഹോദര്യമുള്ളിടത്ത് ആത്മീയതയുണ്ട്.നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും കൂടി ചെയ്ത് കൊടുക്കാൻ ശ്രമിച്ചാൽ സമൂഹത്തിൽ തുല്യതവരും. അത്തരം വീക്ഷണത്തിലേക്ക് സഭയും,സമൂഹവും മാറണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.

വിവാഹധനസഹായത്തിന്റെ ചെക്ക് പെൺകുട്ടികൾക്ക് വേണ്ടി റവ.ഫാ.ജോൺ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പാ ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് മണവാട്ടിക്കൊരു പുടവ എന്ന പദ്ധതിയിലൂടെ ശേഖരിച്ച 100 വിവാഹ സാരികൾ മർത്തമറിയം സമാജം മാവേലിക്കര ഭദ്രാസന സെക്രട്ടറിയും മുതിർന്ന അംഗവുമായ മേരി വർഗീസ്  ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. പരിശുദ്ധ കാതോലിക്കാബാവായുടെ 76 ആം ജൻമദിനത്തോട് അനുബന്ധിച്ചുള്ള പിറന്നാൾ കേക്ക് ചടങ്ങിൽ പരിശുദ്ധബാവായും,ഗവർണറും ചേർന്ന് മുറിച്ചു. സഹോദരൻ പദ്ധതിയുടെ സുവനീർ ഗവർണർ പ്രകാശനം ചെയ്തു. ഡോ.സി.വി ആനന്ദബോസിന്റെ പുസ്തകങ്ങളായ ഞാറ്റുവേല, പുത്തനാട്ടം എന്നിവയുടെ പ്രകാശനകർമ്മവും വേദിൽ നടന്നു.

സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ചടങ്ങിന് സ്വാഗതം ആശംസിച്ചു. യാക്കോബ് റമ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നന്ദിരേഖപ്പെടുത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.