കോട്ടയം: തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളിയില്‍ കോടതി വിധി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തോമസ് മാര്‍ അലക്സന്ത്രിയോസ് മെത്രാപ്പോലീത്താ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്താ. കോടതി വിധി അതേപടി നടപ്പിലാക്കുകയാണ് ഭരണാധികാരികള്‍ ചെയ്തത്.
മലങ്കര സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ച് പള്ളിയില്‍ ആരാധനയ്ക്ക് എത്തുന്ന ഒരു വിശ്വാസിയുടെയും ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല, ഇനി നിഷേധിക്കുകയുമില്ല. സമാധാന അന്തരീക്ഷം തകര്‍ക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ മാത്രമാണ് പോലീസ് തടയുന്നത്.
പളളിയുടെ ഉടമസ്ഥാവകാശം കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയെന്ന് ചില മാധ്യമങ്ങളില്‍ തെറ്റായ വ്യാഖ്യാനം വന്നത് കോടതി വിധികളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളി സഭയുടെ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് വിധി വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കിയത്. നിയമാനുസൃത വികാരിക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നാണ് വിധിയുടെ അന്തഃസത്ത. സമാധാനപരമായി വിധി നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.