ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ തുമ്പമൺ ഭദ്രാസനം.

പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനം ആത്മീയതയുടെയും, പ്രതിബദ്ധതയുടെയും 150 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. ഉച്ചക്ക് 2.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത അനു​ഗ്രഹ പ്രഭാഷണം നടത്തും.

മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസം​ഗിക്കും. കൾച്ചറൽ ഫെസ്റ്റ് ലോ​ഗോ ന​ഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പ്രകാശനം ചെയ്യും. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് എന്നിവരും പങ്കെടുക്കും.പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭ​ദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു തോമസ്, ഫാ.ബിജു മാത്യൂസ് എന്നിവർ പങ്കെടുത്തു.

ജൂബിലി വർഷം നടപ്പാക്കുന്നത് രണ്ട് കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ : ഡോ ഏബ്രഹാം മാർ സെറാഫിം

തുമ്പമൺ ഭ​ദ്രാസനത്തിന്റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി 2 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോടി രൂപയുടെ ഭവനനിർമ്മാണ സഹായം, ചികിത്സാ, വിവാഹസഹായം, 15സമൂഹ വിവാഹം, 150 പേർക്ക് വിധവാ പെൻഷൻ, എല്ലാ മാസവും 150 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഇതിന് പുറമേ പ്രവാസി സം​ഗമം, അധ്യാപക സം​ഗമം, വിദ്യാർഥിസം​ഗമം, യുവസംരംഭക സം​ഗമം, പ്രഫഷണൽ മീറ്റ്, സഭാകവി സി.പി. ചാണ്ടി അനുസ്മരണം, ഡോക്യുമെന്ററി,സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ച സഭാം​ഗങ്ങളെ ആദരിക്കൽ, സാമൂഹിക ഐക്യം വിളംബരം ചെയ്യുന്ന പത്തനംതിട്ട ഫെസ്റ്റ് എന്നിവ നടക്കും.