സ്നേഹവും സമാധാനവും കൈവരിക്കാൻ നോമ്പ് ഇടവരുത്തണം :പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : സത്യ അനുതാപത്തിന്റെ കാലമാണ് വലിയ നോമ്പെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. നോമ്പിലേക്കുള്ള ഒരുക്കമാണ് ശുബ്കോനോ ശുശ്രൂഷ. ശുബ്കോനോ എന്നാൽ ക്ഷമ എന്നാണ് അർത്ഥം. വലിയ നോമ്പിന്റെ പരിപാവന ദിനങ്ങളിൽ ക്ഷമിക്കാനും, മറക്കാനും കഴിയണം. പരസ്പരം ക്ഷമിച്ച് സ്നേഹവും, സമാധാനവും കൈവരിക്കണം. നാം ആരോട് ക്ഷമിക്കുന്നുവോ അവരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്വാർത്ഥതയും, അഹങ്കാര മനസുമാണ് ക്ഷമിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. ആ ചിന്താ​ഗതി മാറ്റി നമ്മെ ഉപദ്രവിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ കഴിയണമെന്ന് കാതോലിക്കാബാവാ പറഞ്ഞു.

സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ശുബ്കോനോ ശുശ്രൂഷയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മലങ്കര മൽപ്പാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ, അരമന മാനേജർ യാക്കോബ് തോമസ് റമ്പാൻ, മുൻ വൈ​ദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.