കോട്ടയം : തിരുവാര്‍പ്പ് മര്‍ത്തശ്മുനി പളളിയെ സംബന്ധിച്ചുളള ബഹു. ഹൈകോടതി വിധി നിയമവാഴ്ച എന്നെന്നും നിലനില്ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്ത. ആറാഴ്ചക്കുളളില്‍ വിധി നടപ്പാക്കണമെന്ന ഉത്തരവ് സഭ സ്വാഗതം ചെയ്യുന്നു. ഈ പളളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുന്‍സിഫ് കോടതി ഉത്തരവ് വന്നിട്ട് രണ്ട് വര്‍ഷമായി. ഒരു വര്‍ഷം മുമ്പ് കോടതി നിര്‍ദ്ദേശപ്രകാരം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. എന്നിട്ടും പളളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമാനുസൃത വികാരിക്ക് പളളിയുടെ താക്കോല്‍ കൈമാറാനും പളളിയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്കി. കോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളുടെയും മേല്‍നോട്ടം സംസ്ഥാന പോലീസ് മേധാവി വഹിക്കണമെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു.
നിയമവ്യവസ്ഥ അനുസരിച്ച് കോടതി വിധി സമാധാനപരമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എത്ര വൈകിപ്പിക്കാന്‍ ശ്രമിച്ചാലും കോടതികളെ അനുസരിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തില്‍ അധികം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ് ഈ കോടതി വിധി. കോടതി വിധി നടപ്പാക്കാന്‍ ഉളള നടപടിക്രമങ്ങള്‍ അധികാരികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ദീയസ്കോറസ് പറഞ്ഞു.