പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൗതികതയും ലോക സുഖവും ലക്ഷ്യമിടുമ്പോള്‍ ആത്മീയ ദിശാബോധം നഷ്ടപ്പെടും. പരുമല തീര്‍ത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയണമെന്നും പരിശുദ്ധ ബാവ പറഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തിരുമേനി വിശ്വാസികളുടെ ജീവിതത്തില്‍ ആശ്വാസവും പ്രതിസന്ധികള്‍ നേരിടുവാനുള്ള ധൈര്യവും പകര്‍ന്ന പുണ്യപിതാവാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ സഹായ ബിഷപ്പ് മാര്‍ തോമസ് ജോസഫ് തറയില്‍ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ സന്നിധി ജീവിതത്തിന് ആശ്വാസവും ജീവിക്കാന്‍ ധൈര്യവും കൊടുക്കുന്ന ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു ടി.തോമസ് എം.എല്‍എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വെരി.റവ.കെ.ജി.ജോണ്സണ് കോര്‍ എപ്പിസ്കോപ്പ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, സൈമണ്‍ കെ. വര്‍ഗീസ്, നിഷ അശോകന്, വിമല ബെന്നി, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.