കോട്ടയം: ഭരണഘടന അനുസരിച്ച് മലങ്കര സഭ ഒന്നാണെന്നും വിശ്വാസികളുടെ ഭൂരിപക്ഷം കണക്കാക്കി പള്ളികള്‍ വീതം വെക്കാനാകില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം അരമനയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിക്ക് അനുസൃതമായും സഭയുടെ ഭരണഘടന പ്രകാരവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ തയ്യാറാണെന്നും ഇനി നിലപാട് വ്യക്തമാക്കേണ്ടത് യാക്കോബായ വിഭാഗമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ബാവാ പറഞ്ഞു.
2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ട മെത്രാപ്പോലീത്താമാരുടെ നാമനിര്‍ദ്ദേശം സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 28 നാണ് നാമനിര്‍ദ്ദേശം സ്വീകരിക്കുന്നതിനുളള അവസാന തീയതി. തുടര്‍ന്ന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് കമ്മറ്റി കൂടി നാമനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതും അനുയോജ്യരായ 14 പേരുടെ ലിസ്്റ്റ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കുന്നതും ആയതില്‍ നിന്നും 11 പേരെ മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുത്ത് അസോസിയേഷനില്‍ സമര്‍പ്പിക്കുന്നതും അതില്‍ നിന്നും 7 പേരെ അസോസിയേഷന് തെരഞ്ഞെടുക്കുന്നതുമാണ്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് പളളി അങ്കണത്തില്‍ സഭയുടെ ഒന്നാം കാതോലിക്കായുടെ നാമത്തില്‍ ക്രമീകരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ വച്ചായിരിക്കും സമ്മേളനം നടക്കുക. സഭയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. തിരഞ്ഞെടുപ്പിന്റെ നിയമസാധുതയും ഔന്നത്യവും പൂര്‍ണ്ണമായി പാലിക്കുന്നതിനായി കാര്യങ്ങള്‍ വിലയിരുത്തി ക്രമീകരിക്കുന്നതിന് അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് കമ്മറ്റിയും, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ട്രൈബ്യൂണലും പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് 19 നിബന്ധനകള്‍ പാലിച്ചുകൊണ്ട് എല്ലാവര്ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ സാധിക്കുന്ന വിധത്തിലുളള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, പി.ആര്.ഒ ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.