കോട്ടയം: മലങ്കര സഭയുടെ ഭാഗ്യതാരമായി വാണരുളിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത മഹാചാര്യനായിരുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭനെ പോലുളള വ്യക്തിത്വങ്ങളുമായി ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായ്ക്ക് ഉണ്ടായിരുന്ന സൗഹൃദം മതാതീതമായ പ്രവര്‍ത്തനമേഖലകളെ വിശാലമാക്കിയെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് നേതൃത്വം നല്കി.