ഓതറ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ 73-ാം ജന്മദിനം കോഴിമല സെന്റ് മേരീസ് കോണ്‍വെന്റിന്റെ നേതൃത്വത്തിലുള്ള ആശാഭവനില്‍ ആഘോഷിച്ചു. ഫെബ്രുവരി 19-ന് 73-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും ആശാഭവനില്‍ എത്തി ആഘോഷത്തില്‍ പങ്കെടുത്തു. കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫിയ, ആശാഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ ഏലിസബേത്ത് എന്നിവരുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പിതാക്കന്മാരെ സ്വീകരിച്ചു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയാണ് അന്തേവാസികളായ കുട്ടികള്‍ പിതാക്കന്മാരെ വരവേറ്റത്. ഇരുവരും ചേര്‍ന്ന് ആശാഭവനിലെ അങ്കണത്തില്‍ ഒലിവ് തൈ നട്ടു. ആശാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒപ്പം ചേര്‍ന്ന് കേക്ക് മുറിക്കുകയും, ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ജന്മദിന സന്തോഷം പങ്കിട്ടത് ഒരു അപൂര്‍വ്വ സന്ദര്‍ഭമായി. രാവിലെ പരുമല പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും ജന്മദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്്തതിനുശേഷം 12.30-നാണ് ഓതറയില്‍ പരിശുദ്ധ ബാവാ എത്തിച്ചേര്‍ന്നത്. മെത്രാപ്പോലീത്താമാരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, അസ്സോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കെ. വി. പോള്‍ റമ്പാന്, ജോസഫ് എം. പുതുശ്ശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.