കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന സുന്നഹദോസില്‍ നവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ 31 പേരും പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.
ഉന്നതപദവി അലങ്കരിക്കുന്ന സഭാംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി രാഷ്ട്രനിര്‍മ്മിതിയില്‍ സഭ പങ്കാളിയാകണമെന്നും, കാര്‍ഷിക രംഗത്തേക്ക് കുടുംബങ്ങളെ മടക്കിക്കൊണ്ടു വരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജാതിമതഭേദമെന്യേ സഭയുടെ കാരുണ്യപദ്ധതികളുടെ പ്രയോജനം എല്ലാവരിലും എത്തിക്കണമെന്നും പരിശുദ്ധ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
അര്‍മീനിയന്‍ ആര്‍ച്ച് ബിഷപ് അഭിവന്ദ്യ ഹൈഗാസൂന്‍ നജാരിയാന്‍ മെത്രാപ്പോലീത്താ സുന്നഹദോസിന്റെ ആദ്യസെഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. മദ്യവര്‍ജ്ജനസമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. പരുമല സെമിനാരി കൗണ്‍സിലിലേക്ക് സുന്നഹദോസ് പ്രതിനിധികളായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാരെയും ഫാ. അലക്സാണ്ടര്‍ ഏബ്രഹാം (നിരണം), ഫാ. രാജന് മാത്യു (അടൂര്‍-കടമ്പനാട്), ഫാ. മാത്യു ഏബ്രഹാം (ചെങ്ങന്നൂര്‍), ഫാ. കുര്യന് തോമസ് കരിപ്പാല്‍ (കോട്ടയം) എന്നിവരേയും നാമനിര്‍ദ്ദേശം ചെയ്തു. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ഓഗസ്റ്റ് 9, 10 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും.
സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കണക്കുകള്‍ സുന്നഹദോസ് അംഗീകരിച്ചു. 2022 ഓഗസ്റ്റ് 04-ന് തീയതി പത്തനാപുരത്ത് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനില്‍ വച്ച് വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം എന്നിവരെ സുന്നഹദോസ് അഭിനന്ദിച്ചു.
യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ അന്തോണിയോസ്, സഖറിയാ മാര്‍ നിക്കോളോവോസ്, ഏബ്രഹാം മാര്‍ സ്തേഫാനോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്കി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.