കടമറ്റം : ചരിത്രത്തിന്റെ മങ്ങിയ താളുകൾക്ക് വീണ്ടും നിറം പിടിക്കുകയാണ്. കേരളത്തിലെ അതിപുരാതന ദൈവാലയങ്ങളിലൊന്നായ കടമറ്റംപള്ളി പൗരാണികതക്ക് കോട്ടം തട്ടാതെ നവീകരിക്കപ്പെടുകയാണ്. കാലം മായ്ക്കാത്ത പൗരാണിക ചിത്രങ്ങൾക്ക് പ്രകൃതദത്ത നിറക്കൂട്ടുകളിലൂടെ വീണ്ടും ജീവൻവെക്കുന്നു.വിവിധസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച വിഭവങ്ങൾ ഉപയോഗിച്ചാണ് നിറക്കൂട്ടുകൾ സൃഷ്ടിച്ചെടുത്തത്. മ്യൂറൽ പെയിന്റിങ് വിദഗ്ധനായ ജിജുലാലിന്റെ നേതൃത്വത്തിലാണ് ഈ ജോലികൾ പൂർത്തീകരിച്ചത്.പഴയചിത്രങ്ങൾക്ക് നിറം പിടിപ്പിക്കാൻ അഞ്ച് മാസത്തോളം സമയമെടുത്തു.
പള്ളിയുടെ മച്ച് പൂർണമായും തേക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി 1500 ക്യൂബിക് അടി തടി വേണ്ടിവന്നു. ഈ രംഗത്തെ വിദഗ്ധനായ മണി ആശാരിയാണ് ജോലികൾക്ക് നേതൃത്വം നൽകിയത്.36അടി നീളവും ഒരടി വീതിയുമുള്ള 10 ശീലാന്തികൾ മേൽക്കൂരയിലുണ്ട്.ക്രെയിനും, ഖലാസികളും പരിശ്രമിച്ചാണ് ഇവ സ്ഥാപിച്ചത്.
പള്ളിക്കുള്ളിലെ കബറിടങ്ങളും, പൗരാണികത്വം വിളിച്ചോതുന്ന പേർഷ്യൻ കൽക്കുരിശും, പോയേടം കിണറുമൊക്കെ സംരക്ഷിച്ച് നിർത്തുന്ന വലിയ ഉദ്യമമാണ് പൂർത്തിയാകുന്നതെന്ന് വികാരി ഫാ.സണ്ണി വർഗീസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ( സിയാൽ ) വിരമിച്ച എഞ്ചിനീയറായ കെ. പി തങ്കച്ചനാണ് നിർമ്മാണ കമ്മിറ്റി കൺവീനർ. സഹ വികാരി ഫാ.എൽദോ മത്തായി, ട്രസ്റ്റിമാരായ കുര്യൻ പൗലോസ്, സോജൻ വർഗീസ് മറ്റത്തിൽ, സെക്രട്ടറി ജോയി ജോസഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
2025 ഫെബ്രുവരിയിൽ മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നവീകരിച്ച പള്ളിയുടെ കൂദാശ നടക്കും. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ തോമസ് മാർ അത്താനാസിയോസ്, അങ്കമാലി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിക്കും. ഫെബ്രുവരി 5,6,7 തീയതികളിൽ നടക്കുന്ന പ്രധാനപെരുന്നാളിനോട് അനുബന്ധിച്ചാണ് കൂദാശ.